മരട്: നെട്ടൂര്‍-കുമ്പളം പാലത്തിനുവേണ്ടി സ്വകാര്യവ്യക്തികളില്നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില നഗരസഭയില്‍നിന്നും നല്കുവാനുള്ള നീക്കത്തിനെതിരെ മരട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ശനിയാഴ്ച നടന്ന യോഗത്തിലാണ് ഇടത് പ്രതിപക്ഷാംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തുവന്നത്.
പാലത്തിനുവേണ്ടി നെട്ടൂരില്‍നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായി ഏഴോളം കുടുംബങ്ങള്‍ക്ക് 88 ലക്ഷം രൂപയാണ് നല്‍കേണ്ടത്. ഇതില്‍ 80 ശതമാനം തുക ആദ്യമേ കെട്ടിവയ്ക്കണം. ഇതിനായി നഗരസഭയില്‍നിന്നും 65ലക്ഷം രൂപ ചെലവഴിക്കുന്നതിനെച്ചൊല്ലിയായിരുന്നു എതിര്‍പ്പ്. രണ്ട് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ തുക നല്‍കേണ്ടത് സര്‍ക്കാരാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ഭൂവുടമകള്‍ക്കായി 88 ലക്ഷം രൂപ നല്കുമ്പോള് ഇത് നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.
എന്നാല്‍ നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മ്മിക്കുന്ന പാലത്തിന് ഭൂമിവില സര്‍ക്കാര്‍ അനുവദിക്കാറില്ലെന്നും അതിനാലാണ് ഭൂവുടമകള്‍ക്ക് തുക നല്കാന് നഗരസഭ തീരുമാനിച്ചതെന്ന് ചെയര്മാന് അഡ്വ. ടി.കെ.ദേവരാജന്‍ പറഞ്ഞു. ഇത് നഗരസഭയുടെ 2013-14 വാര്‍ഷിക ബജറ്റില്‍ വകകൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു.
കൂടാതെ മരട് നഗരസഭ മങ്കായില്‍ സര്‍ക്കാര്‍ സ്കൂളിന് നല്കിയ ബസ് മൂത്തേടം സ്കൂളിന് നല്കുവാനുള്ള തീരുമാനത്തേയും പ്രതിപക്ഷം എതിര്‍ത്തു. ബസ് കൈമാറുകയാണെങ്കില്തന്നെ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്കൂളിന് നല്‍കണമെന്നും, സ്കൂള്‍ ബസ്സിനുവേണ്ടി രണ്ട് ലക്ഷം രൂപ നല്‍കാനില്ലെന്ന് പറയുന്ന നഗരസഭ 88 ലക്ഷം രൂപ ഭൂവുടമകള്‍ക്ക് നല്കി നിര്‍മ്മിക്കുന്ന നെട്ടൂര്‍-കുമ്പളം പാലം റിയല്‍എസ്റ്റേറ്റുകാരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പി.കെ.രാജു പറഞ്ഞു.
എന്നാല്‍ ബസ് സര്‍വീസിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാല്‍ ഉചിതമായി തീരുമാനമെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ നഗരസഭക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചതെന്നും നഗരസഭയിലെ യുപി സ്കൂള്‍ എന്ന നിലയ്ക്കാണ് മൂത്തേടം സ്കൂളിനെ തെരഞ്ഞെടുത്തതെന്നും എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിഷയം നീക്കിവച്ചതായും ചെയര്മാന് അഡ്വ. ടി.കെ.ദേവരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: