തിരുവനന്തപുരം : കോണ്‍ഗ്രസ്സിന്റെ നപുംസക നിലപാടിനെതിരെ മുസ്ലിംലീഗ് വീണ്ടും രംഗത്തിറങ്ങി. ഇങ്ങനെ പോകാന്‍ പറ്റില്ലെന്ന് തുറന്നുപ്രഖ്യാപിച്ച ലീഗ് നേതൃത്വം രണ്ടും കല്പിച്ചുതന്നെ പോരിനിറങ്ങിയിരിക്കുന്നു. ഇ.ടി.മുഹമ്മദ് ബഷീറാണ് ഇപ്പോള്‍ വാളെടുത്തിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ്, പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടി അങ്കലാപ്പിലുമായി. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം കോണ്‍ഗ്രസിന്റെ അടിത്തറ കേന്ദ്രത്തില്‍ കൂടുതല്‍ ഇളക്കുമെന്ന സ്ഥിതിവന്നിരിക്കെ ലീഗിന്റെ നീക്കത്തിന് തന്ത്രപരമായും പ്രാധാന്യമേറെയുണ്ട്.
യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് തന്നെ ഇടപെട്ടിട്ടും ഇപ്പോള്‍ പ്രശനങ്ങള്‍ കൂടുതല്‍ മോശമായിരിക്കുകയാണെന്ന് ലീഗ് ദേശീയ സെക്രട്ടറിഇടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇന്നലെ തുറന്നടിച്ചത്. യുഡിഎഫ് സംവിധാനം പ്രവര്‍ത്തിക്കാത്ത നിലയിലാണെന്നും യോഗം ചേര്‍ന്ന് പിരിയുകയല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. മുന്നണിയില്‍ ധാരാളം പ്രശ്നങ്ങളുണ്ടെന്നും ഇത് പരിഹരിക്കാന്‍ എ.കെ ആന്റണി ഇടപെടണമെന്നും ബഷീര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെതിരെ ലീഗ് നിലപാട് കര്‍ക്കശമാക്കുന്നത് ആദ്യമായിട്ടല്ല. യുഡിഎഫിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഘടകകക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ടതാണ്. ദല്‍ഹിയില്‍ ചെന്ന ഘടകകക്ഷികളെ ഒഴിവാക്കിയ സോണിയ സപ്തംബര്‍ 29ന് തിരുവനന്തപുരത്താണ് കണ്ട് സങ്കടം പറഞ്ഞത്. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ഇരുവഞ്ചിയിലാണ് യാത്രചെയ്യുന്നതെന്ന് അന്ന് ബോധ്യപ്പെടുത്തിയെന്നായിരുന്നു വാര്‍ത്താലേഖകരെ അറിയിച്ചിരുന്നത്. കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്നമാണ് മുന്നണിയുടെ മുഖ്യപ്രശ്നം. അത് തീര്‍ക്കണം. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണം തുടങ്ങിയ കാര്യങ്ങളും സോണിയയോട് പറഞ്ഞതാണ്.
ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ചില കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ആര്യാടന് മുഹമ്മദിനെയായിരുന്നു ഉന്നംവച്ചത്. ലീഗ് ബാധ്യതയാകുമെന്ന എം.പി.ഗോവിന്ദന്‍നായരുടെ അഭിപ്രായം രമേശ് ചെന്നിത്തല പറഞ്ഞതും ലീഗ് വിഷയമാക്കിയിരുന്നു. അണികളില്‍ അകല്‍ച്ചയും അസംതൃപ്തിയും വര്‍ധിച്ചു.
മാത്രമല്ല ശക്തിക്കനുസരിച്ചുള്ള അംഗീകാരം ലഭിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു. എല്ലാം പാഴായി എന്ന വിലയിരുത്തലാണ് ലീഗിന്. ലീഗിന്റേത് വിലപേശല്‍ തന്ത്രമാണെന്നാണ് പൊതുവെ കണക്കാക്കുന്നത്. കാസര്‍ഗോഡ് സീറ്റുകൂടി പിടിച്ചെടുക്കാനുള്ള അടവുനയമാണ് ഇപ്പോള്‍ ലീഗ് മുഖംവീര്പ്പിക്കുന്നതിന് പിന്നിലെന്നും കണക്കാക്കുന്നു. ഏതായാലും പരിഹരിക്കാന്‍ പറ്റാത്തവിധം ഘടകകക്ഷികള്‍ തമ്മിലെ തര്‍ക്കം മുറുകുകയാണ്. ഇതൊക്കെ പരിഹരിക്കാന്‍ ശേഷിയുള്ള ഹൈക്കമാണ്ടല്ല ഇപ്പോഴുള്ളതെന്ന സത്യമാണ് യുഡിഎഫിനെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ അലട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: