ആലുവ: കുറഞ്ഞ നിരക്കില്‍ അരി ലഭിക്കുമെന്ന് പരസ്യം നല്കി മറ്റിനങ്ങള്‍ക്ക് അമിതവില കൂട്ടിവില്പ്പന നടത്തുന്ന നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ അന്വേഷണം. തമിഴ്നാട്ടില്‍ പാവങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന അരി കാലടിയിലെ ഒരു സ്വകാര്യ മില്ലില്‍ കൊണ്ടുവന്ന് കൃത്രിമം കാട്ടിയാണ് സൂപ്പര്മാര്ക്കറ്റുവഴി വിതരണം ചെയ്യുന്നത്. നല്ല അരിയും റേഷന്‍ അരിയും തമ്മില്‍ കൂട്ടിക്കലര്‍ത്തിയ ശേഷമാണ് ചാക്കില്‍ നിറയ്ക്കുന്നത്. പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളുടെ വ്യാജലേബലിലും ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതായി നേരത്തെ മുതല്‍ ആക്ഷേപമുണ്ട്.
ചെറിയ ഹോട്ടലുകളില്‍ വരെ പരിശോധന നടത്തി ഈ ഹോട്ടലുകളുടെ പേര് പരസ്യമാക്കുന്ന ഉദ്യോഗസ്ഥര്‍ ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നതില്‍നിന്നുതന്നെ തട്ടിപ്പിനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കുവാനും കഴിയുന്നതാണ്. എന്നിട്ടും അധികൃതര്‍ പരിശോധനയ്ക്ക് തയ്യാറാവുന്നില്ല.
പൊതുവിപണിയില്‍ അരിക്ക് 35 രൂപയുള്ളപ്പോള്‍ ആലുവയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ 31 രൂപയ്ക്കാണ് അരിവിതരണം ചെയ്തത്. എന്നാല്‍ അന്നുതന്നെ 30 രൂപ വിലയുള്ള ഓറഞ്ച് 55 രൂപയ്ക്കാണ് വിറ്റഴിച്ചത്. ഏതെങ്കിലും ഒരു സാധനത്തിന് വില കുറയുമ്പോള്‍ പകരമായി മറ്റ് സാധനങ്ങളില്‍ അമിതവില ഈടാക്കുകയാണ് ചെയ്യുന്നത്. ഗുണമേന്മയുള്ള സുരേഖ അരിയെന്ന പേരില്‍ വിതരണം ചെയ്യുന്ന അരി പലപ്പോഴും സുരേഖയല്ല. സാധാരണക്കാര്‍ക്ക് പെട്ടെന്ന് ഇത് തിരിച്ചറിയുവാന്‍ കഴിയുകയില്ല. ആക്ഷേപമുയരാതിരിക്കുന്നതിനുവേണ്ടി സുരേഖ അരിയുടെ കൂടെ മറ്റേതെങ്കിലും പേരുകൂടി ചേര്‍ക്കുകയാണ് ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: