പ്രശസ്ത ഹോളിവുഡ് നടന് റോബര് ഡി നീറോ തുടങ്ങിയവര്‍ പങ്കെടുത്ത സാഹിത്യ സമ്മേളനത്തിലാണ് ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ വക്താ വായ തരുണ്‍ തേജ്പാല്‍ പീഡനക്കേസില്‍ പ്രതിയാകുന്നത്. തെഹല്‍ക്കയില്‍ ജോലി നിലനില്ക്കണമെങ്കില് ഇര എതിര്‍ക്കാന്‍ പാടില്ലെന്ന് വേട്ടക്കാരന് ആവശ്യപ്പെട്ടുവത്രേ. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ആക്രമണത്തെപ്പറ്റി പരാതിപ്പെട്ടിട്ടും വനിതയായ മാനേജിംഗ് എഡിറ്റര്‍ നടപടിയെടുക്കാതെ വേട്ടക്കാരന്റെ പക്ഷത്തുനിന്നു. മാപ്പു പറഞ്ഞതോടെ തന്റെ കളങ്കം മാഞ്ഞുപോയിരിക്കുന്നു എന്നു പറഞ്ഞ് തേജ്പാല്‍ സ്വയം കുറ്റവിമുക്തനാകുന്ന കാഴ്ചയും ഈ സംഭവത്തില്‍ കണ്ടു.
ഇരയുടെ പരാതി കിട്ടിയപ്പോള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം അത്യാധുനിക മാധ്യമ മൂല്യങ്ങളുടെ വക്താവായ പത്രം വിഷയം ഓഫീസിനുള്ളില്‍ ഒതുക്കുവാനാണ് ശ്രമിച്ചത്. മാധ്യമരംഗത്തെ സെലിബ്രിറ്റികള്‍ നിയമത്തിന് അതീതരാണെന്ന നിലപാടാണ് തെഹല്‍ക്ക കൈക്കൊണ്ടത്. പത്രാധിപ സ്ഥാനത്തുനിന്ന് ആറുമാസത്തേയ്ക്ക് വിട്ടുനിന്നുകൊണ്ട് സ്വയം ശിക്ഷ വിധിക്കുന്ന പൊറാട്ടു നാടകവും ജനാധിപത്യ ഭാരതം ആദ്യമായി കണ്ടു. പരാതിക്കാരിയുടെ ബന്ധുക്കളെ സമീപിച്ച് കേസ് പിന്‍വലിപ്പിക്കാന്‍ സ്വാധീനം ഉപയോഗിച്ചു. പത്തു കൊല്ലങ്ങള്‍ക്ക് മുമ്പ് ബിജെപി അഖിലേന്ത്യാ പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയതിനാല്‍ പാര്‍ട്ടി ഭരിക്കുന്ന ഗോവയില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന തേജ്പാലിന്റെ പരാതിയായിരുന്നു സംഭവത്തിന് അപഹാസ്യമായ മറ്റൊരു മാനം നല്‍കിയത്.
ഒരു പത്രാധിപര്‍ എന്നതിനുപരി മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി തേജ്പാല്‍ ഇതുവരെ സൃഷ്ടിച്ചതത്രയും വ്യാജ നിര്‍മിതികളായിരുന്നു എന്ന് രാഷ്ട്രം തിരിച്ചറിയുകയാണ്. കേന്ദ്രമന്ത്രിമാര്‍വരെ തെഹല്‍ക്കയില്‍ പങ്കാളിത്തമുള്ളവരാണ്. അതുകൊണ്ടാണ് ഒരു ഹോട്ടലിന്റെ ലിഫ്റ്റില്‍ നടന്ന ഈ സംഭവം ജനാധിപത്യചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി മാറുന്നത്. ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന ഇന്ത്യന്‍ സാഹിത്യകാരനായി തേജ്പാല്‍ കത്തിനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഭീകരമുഖം പുറത്തുവന്നിരിക്കുന്നത്. തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക്ഫെസ്റ്റിവലിന് വമ്പന്‍ കോര്‍പ്പറേറ്റുകളാണ് പണമൊഴുക്കിയത്. 17 കോടിയുടെ ഈ പരിപാടിക്ക് കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് മുഖ്യ സ്പോണ്സര്മാരായിരുന്നു എന്നതില്‍ അത്ഭുതമില്ല. “ധീരനായ” ഈ ജേര്‍ണലിസ്റ്റ് പോലീസിന് പിടികൊടുക്കാതെ മുങ്ങി നടന്നതും ജനാധിപത്യത്തിന്റെ ഈ കാവല്ഭടന് പൊങ്ങിവരാന്‍ ലുക്ക്ഔട്ട് നോട്ടീസ് വേണ്ടിവന്നതും വാര്‍ത്തകള്‍ക്ക് ആവോളം സരസരസം പകര്‍ന്നു. 2010 ലെ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡ് ഫോര്‍ എക്സലന്‍സ് തേജ്പാല്‍ നേടിയിരുന്നു! ഗുജറാത്തിലെ സ്ത്രീകളുടെ ജീവിതം ദുരന്തപൂര്‍ണമാണെന്ന് വരുത്തുവാന്‍ തെഹല്‍കയെ ഉപയോഗിച്ച തേജ്പാല്‍ എന്ന ‘സ്ത്രീപക്ഷ’വാദിയുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു.
തെഹല്ക്കയിലെ പത്രപ്രവര്‍ത്തകയുടെ ചെറുത്തുനില്‍പ്പ് സ്ത്രീ നേടിയ പുതിയ ധൈര്യത്തിന്റെ തുടക്കമാണെന്നും അതിന് നിമിത്തമായ തേജ്പാലിനോട് നന്ദിയുണ്ടെന്നും എഴുത്തുകാരി ശോഭ ഡേ പറയുന്നു. എന്നാല്‍ തേജ്പാലിനെ ന്യായീകരിക്കാന്‍ യാതൊരു ലജ്ജയുമില്ലാതെയാണ് തമിഴിലെ ഉത്തരാധുനിക സാഹിത്യകാരന് ചാരു നിവേദിത എത്തിയത്. പാബ്ലോ നെരുദ, കാറല്‍ മാര്‍ക്സ്, പോളന്‍സ്കി തുടങ്ങിയ ലോകത്തിലെ പ്രമുഖ ജീനിയസുകളെല്ലാം ഇത്തരം ദൗര്ബല്യങ്ങളില് പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യജീവിതം ചികഞ്ഞെടുത്ത് ഒരു ജീനിയസിനെ വിലയിരുത്തരുതെന്നും ‘ആല്‍ക്കെമി ഓഫ് ഡിസയര്‍’ തുടങ്ങിയ നോവലുകള്‍ എഴുതിയ തേജ്പാല്‍ കസാന്സാക്കീസിനും ദോസ്തോവ്സ്കിക്കും തുല്യനായ വിശ്വസാഹിത്യകാരനാണെന്നും ചാരു നിവേദിത നമ്മെ ഉണര്‍ത്തുന്നു.
തേജ്പാല്‍ പലതിന്റെയും പ്രതീകമാണ്. കപട മതേതര ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ എന്തും ആകാം എന്ന ധാര്‍ഷ്ട്യത്തിന്റെ. മാധ്യമ പിന്തുണയുണ്ടെങ്കില്‍ ഏത് അനീതിയെയും നിസാരവല്ക്കരിക്കാമെന്നതിന്റെ. ബിജെപി വിരുദ്ധ നിലപാട് തൊഴിലാക്കിയാല്‍ കോര്‍പ്പറേറ്റ് ശക്തികളുടെ പിന്തുണയോടെ നിയമത്തിന്റെ വലകള്‍ നിഷ്പ്രയാസം ഭേദിക്കാമെന്നതിന്റെ.
രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: