ഇന്ന് രാവിലെ പത്തുമണിയോടെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കുന്ന ഇലക്ഷന് ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും. അടുത്ത അഞ്ചുവര്‍ഷത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ലോകം എങ്ങനെയാണ് വിലയിരുത്തുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
മാഡംസോണിയയുടെ പാര്‍ട്ടി പത്തുവര്‍ഷം തികച്ചു ഭരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് സെമിഫൈനലില്‍ മത്സരിച്ചത്. യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ജോലി സ്തുത്യര്‍ഹമായ തരത്തില്‍ നിറവേറ്റിയെന്ന അവകാശവാദവുമായി മറ്റൊരു പാര്‍ട്ടിയും. 2014 മെയ്- ജൂണ്‍ മാസങ്ങളില്‍ ഉണ്ടാവാന്‍ പോകുന്ന അന്തരീക്ഷം ഏതാണ്ട് ഇപ്പോഴേ കണക്കുകൂട്ടാന്‍ പറ്റും. ആപ് എന്നൊരു പാര്‍ട്ടി തികച്ചും ആപ്പ് ആയി മാറുമോ എന്ന ആശങ്ക അസ്ഥാനത്തൊന്നുമല്ല. മനുഷ്യര്‍ക്ക് ദേഷ്യം വന്നുപോയാല്‍ മുന്‍ പിന് ആലോചന കുറവായിരിക്കും എന്നതത്രേ വസ്തുത. ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരടി കൊടുക്കുകയെന്നതാണ് മുഖ്യ ലക്ഷ്യമായി കരുതുന്നതെങ്കില്‍ ചിലപ്പോള്‍ നിരാശയായിരിക്കും ഫലം. ആപ് പാര്‍ട്ടിയില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുമ്പോള്‍ അതിന്റെ വേരിന് ആരോഗ്യത്തോടെ വെള്ളവും വളവും വലിച്ചെടുത്ത് നിവര്‍ന്നു നില്ക്കാന് കഴിയുമോ എന്ന പ്രശ്നമുണ്ട്. ഒരു ഭരണകൂടത്തിനെതിരെ ഒറ്റ അജണ്ട മാത്രമായി മുന്നേറുമ്പോള്‍ ജനാഭിമുഖ്യമുള്ള മറ്റു കാര്യങ്ങള്‍ വഴിയില്‍ തള്ളേണ്ടിവരും. ആപ് പാര്‍ട്ടിയെ കാത്തിരിക്കുന്നതും അതാണ്. ഏതായാലും കുറച്ചു ദിവസത്തേക്ക് ആഘോഷിക്കാന്‍ തെരഞ്ഞെടുപ്പ് വിഭവങ്ങള്‍ ധാരാളം.
ആഘോഷങ്ങളെക്കുറിച്ച് പറഞ്ഞുവരുമ്പോള്‍ ഒരു കാര്യം ഓര്‍മ്മ വരുന്നു. നമ്മുടെ തേജ്പാല മഹാശയന് നല്ല സ്വയമ്പന്‍ കൂട്ടുകാര്‍ക്കൊപ്പം അഴിയെണ്ണുകയാണല്ലോ. ജീര്‍ണലിസ്റ്റ് ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം കണ്ണുകാണാഞ്ഞ വിദ്വാനിപ്പോള് വസ്തുതകളും സത്യവും തെളിനീരുപോലെ കാണാം. കിട്ടിയ സുഹൃത്തുക്കളാണെങ്കില്‍ കെങ്കേമന്മാര്. സ്ത്രീപീഡനം, മോഷണം, സാമൂഹികദ്രോഹം ഇത്യാദികളില്‍ ബിരുദമെടുത്തവര്‍. എന്നാല്‍ മനസ്സില്‍ ഇതിനെക്കാളും വലിയ ബിരുദമുള്ള തേജ്പാലന് ഇപ്പോള്‍ വലിയ വലിയ ആവശ്യമൊന്നുമില്ല. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ഒരു ഫാന്‍. വാസ്തവത്തില്‍ ഇമ്മാതിരി ഏടാകൂടങ്ങള് മുഴുവന്‍ വന്നുനിറഞ്ഞിട്ടും ഏസി വേണ്ടി വന്നില്ല ടിയാന്. വെറുമൊരു ഫാന്‍. ഓരോരുത്തര്‍ക്കും അവരര്ഹിക്കുന്നതാണല്ലോ കിട്ടുക.
തേജ്പാലിന്റെ ജീര്ണലിസവാളുകൊണ്ട് ഏറ്റവും കൂടുതല്‍ മുറിവേറ്റ പാര്‍ട്ടിയാണ് ബിജെപി. ഇപ്പോഴും ആ മുറിവില്‍ നിന്ന് ചോരപൊടിയുന്നുണ്ട്. എന്നിട്ടും ആ മനുഷ്യനെ പരാമര്‍ശിച്ച് ഒരു ലേഖനം എഴുതുമ്പോള്‍ എത്രമാത്രം ആദരവോടെയാണ് ആ പാര്‍ട്ടിയുടെ നേതാവ് മേപ്പടി വിദ്വാനെ പരാമര്‍ശിക്കുന്നത് എന്ന് നോക്കുക. മാതൃഭൂമി (ഡിസം.03)യില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനം കാഴ്ചപ്പാടിന്റെ സമഗ്രമുഖമാണ്. കനത്ത വിമര്‍ശനം നടത്തുമ്പോഴും അനാവശ്യമായ ഒരു വാക്കുപോലും ഉപയോഗിക്കുന്നില്ല എന്നതാണ് ആശ്ചര്യം. അതേസമയം പാലക്കാട്ടെ പ്ലീനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിയതിന്റെ പേരില്‍ മാതൃഭൂമി പത്രത്തെ കശക്കിക്കൊണ്ട് പി.എം. മനോജ് ഒരു സാധനം എഴുതിയിട്ടുണ്ട് ദേശാഭിമാനി (ഡിസം.03)യില്‍. മാതൃഭൂമിയോടുള്ള ദേഷ്യം മുഴുവന്‍ വീരേന്ദ്രകുമാറിന്റെ ശരീരത്തിലേക്ക് ഓക്കാനിച്ചിട്ടുണ്ട്. രണ്ട് സംസ്കാരം, രണ്ട് എഴുത്ത്, രണ്ട് രീതി എന്നു പറയുന്നത് അതേപടി മനസ്സിലാക്കാന്‍ ഈ രണ്ട് ലേഖനങ്ങള്‍ താരതമ്യപ്പെടുത്തിയാല്‍ മതി. തെഹല്‍ക്ക കേസും രസിക്കാത്ത സത്യങ്ങളും എന്ന് ശ്രീധരന്‍പിള്ളയുടെ ലേഖനം. മാതൃഭൂമിയുടെ പ്ലീനക്കാറ്റ് എന്ന് മനോജിന്റേതും.
ശ്രീധരന്‍പിള്ള പറയുന്ന രസിക്കാത്ത സത്യങ്ങള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കു കൂടി രസിക്കുന്നു എന്നിടത്താണ് ആ ലേഖനത്തിന്റെ ചാരുത. പലരും തേജ്പാല്‍ എന്ന വ്യക്തിയുടെ രാഷ്ട്രീയം, വ്യക്തിത്വം, സ്വഭാവം ഇത്യാദികളിലേക്ക് നിറയെ ഒളിയമ്പുകള്‍ എയ്തപ്പോള്‍ സമഗ്രമായ ഉള്‍ക്കാഴ്ചയുടെ ഗരിമയും പക്വതയുമാണ് പിള്ളയുടെ ലേഖനത്തിന്റെ പ്രത്യേകത. വാസ്തവത്തില്‍ കാലികവട്ടത്തെപ്പോലും കണ്ണു തുറപ്പിക്കുന്നു വാദഗതികള്‍. ഒടുവില്‍ തേജ്പാലന്മാരുടെ വ്യതിയാന സ്വഭാവവിശേഷത്തിന് കനത്ത താക്കീതായി ചിലത് ചൂണ്ടിക്കാട്ടി അദ്ദേഹം അവസാനിപ്പിക്കുമ്പോള്‍ ഇത്തരം നിരീക്ഷണപടുക്കള് എന്തുകൊണ്ട് സകല രാഷ്ട്രീയ നേതൃത്വങ്ങളുടെയും തലപ്പത്ത് എത്തിപ്പെടുന്നില്ല എന്ന് ചോദിച്ചുപോവുന്നു. യഥാര്‍ത്ഥ രാഷ്ട്രീയം രാഷ്ട്രത്തിന്റെ ഉയര്‍ച്ച ലക്ഷ്യമിടുന്നു എന്നതിന്റെ മകുടോദാഹരണമാണ് ആ ലേഖനം. നോക്കുക: ഭാരതീയ സംസ്കാരത്തിലെ സദാചാര അവബോധം അഥവാ ധര്‍മ്മനിഷ്ഠ പലപ്പോഴും ‘തന്നറിവില്’ അധിഷ്ഠിതമാണ്. സ്വന്തം അനുഭവങ്ങളെ സാക്ഷിനിര്‍ത്തി ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളാണ് വ്യക്ത്യധിഷ്ഠിത ധാര്മ്മികതയ്ക്കാധാരം.
ധാര്‍മ്മികത സ്വയം പുലര്‍ത്താതെ സാമൂഹികമായ പെരുമാറ്റത്തില്‍ ധാര്‍മ്മികതയുടെ മേനി നടിക്കുകയും അധാര്‍മ്മികത പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികളുടെ പട്ടികയില്‍ തെഹല്ക്കയും അതിന്റെ പത്രാധിപരും എത്തിപ്പെട്ടതായി തെളിഞ്ഞിരിക്കുന്നു. അഭിഭാഷകന്റെ നൂലിഴ കീറിയുള്ള പരിശോധനയേക്കാള്‍ സംഭവഗതിയുടെ ആത്യന്തിക സത്യത്തിലേക്ക് വായനക്കാരനെ എത്തിച്ച് സ്വയം സാക്ഷ്യപ്പെടുത്താനുള്ള അവസരമാണ് ലേഖകന്‍ ഒരുക്കിക്കൊടുക്കുന്നത്.
പി.എം. മനോജിന്റെ സൃഷ്ടി ലേഖനമല്ല, തെറിപറച്ചിലാണ്. മാതൃഭൂമിയുടെ തെങ്ങില്‍ വീരേന്ദ്രകുമാറിനെ കെട്ടി തലങ്ങും വിലങ്ങും വീക്കുകയാണ്.
അശ്ലീലമാണ് ആ കുറിപ്പിന്റെ മുഖമുദ്ര. പത്രപ്രവര്‍ത്തനം പഠിക്കാന്‍ ആഗ്രഹിക്കുന്നവരും ആ മേഖലയെ സ്നേഹിക്കുന്നവരും പരാമര്‍ശിതമായ ലേഖനങ്ങള്‍ വായിക്കുക തന്നെ വേണം. പ്രസ് അക്കാദമി അധ്യക്ഷന്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല് കൂടുതല്‍ നന്ന്. മര്യാദയോടെയുള്ള ഇടപെടല്‍, ആഡംബരം ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അണികള്‍ ശ്രദ്ധിക്കണമെന്ന പ്ലീനംകുറിപ്പടി നെറ്റിയിലൊട്ടിച്ചാണ് മനോജും മൂത്താശാന്‍ ജയരാജനും രംഗത്തുവന്നത് എന്നോര്‍ക്കുക. ചെന്നായ് ഏത് തോല് പുതച്ചാലും സ്വഭാവം മാറുവതെങ്ങനെ. പ്ലീനവിശേഷങ്ങള് നാട്ടാരെ അറിയിച്ചു എന്ന കുറ്റം ചുമത്തിയാണ് വീരേന്ദ്രകുമാറിനു നേരെ നിരന്തരം കല്ലെറിയുന്നത്. ഏതുവഴി സ്വീകരിച്ചായാലും അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള അജണ്ടയും ഒപ്പമുണ്ടാവാം. എന്നാലും മനോജേ പത്രപ്രവര്‍ത്തന പാരമ്പര്യം ഇങ്ങനെ വ്യഭിചരിക്കരുതായിരുന്നു എന്നാവാം ഒട്ടേറെപ്പേര്‍ മന്ത്രിക്കുന്നത്. ഒരു സാമ്പിള്‍ വെടിക്കെട്ടോടെ നമുക്കിത് അവസാനിപ്പിക്കാം: പ്ലീനം പുലിവാലായി എന്ന തലക്കെട്ടിലെ വാര്‍ത്ത വായിച്ചാലറിയാം അതിന്റെ പിതൃത്വത്തെക്കുറിച്ച്. വാര്‍ത്തയും വിശകലനവും എഴുതി പരിചയമുള്ളവര്‍ കൈകാര്യം ചെയ്യാന്‍ അറയ്ക്കുന്ന ഭാഷയും യുക്തിയുമാണതില്‍. മുതലാളി മനസ്സില്‍ കാണുന്നത് അതേപടി എഴുതിക്കൊടുക്കാന്‍ കാത്തുനില്ക്കുന്ന നിലയവിദ്വാന്മാര് പോലും ഈ വിശകലനത്തിന്റെ പിതൃത്വം ഏറ്റെടുക്കില്ല. ഇപ്പറഞ്ഞതത്രയും ടിയാന്റെ കുറിപ്പിനും യോജ്യം. ഒന്നുമില്ലെങ്കിലും ഇന്ക്വിലാബിന്റെ ശാസ്ത്രം പഠിക്കുന്ന വേളയില്‍ ഇത്തിരി സമയം കണ്ടെത്തി സ്വന്തം പത്രത്തിന്റെ ബാക്ക്ഫയലുകള്‍ ഒന്ന് പരതണം. പിതൃശൂന്യ, അറയ്ക്കുന്ന ഭാഷാസമൃദ്ധ വഹകള്‍ ഒട്ടേറെ കാണാം. ഒക്കെ നിലയവിദ്വാന്മാരെക്കാളും വലിയ ആശാന്മാരുടേത്. ഏതായാലും ഒരു നിലയവിദ്വാന്റെ നിലവിളി മാതൃഭൂമിയുടെ പ്ലീനക്കാറ്റിലുണ്ട്.
കേരളത്തിന്റെ മുഹമ്മദ് ഇന്ത്യെ കണ്ടതെങ്ങനെ? ലോകത്തെ കണ്ടതെങ്ങനെ? മതത്തെ, സംസ്കാരത്തെ, രാഷ്ട്രീയത്തെ, മനുഷ്യത്വത്തെ? അറിയാനാഗ്രഹമുള്ളവര്ക്കായി എ.എം. ഷിനാസ് അദ്ദേഹവുമായി സംസാരിക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പി(ഡിസം. 08)ല്‍. ഇന്ത്യന്‍ ആര്‍ക്കിയോളജിയിലെ മലയാളി ‘അസുരന്’ എന്നാണ് തലക്കെട്ട്. ചരിത്രവും സംസ്കൃതിയും കൈകോര്‍ത്ത് പൊട്ടിച്ചിരിച്ച് നടന്നുപോവുന്ന രാജവീഥികളിലൂടെ ഏകനായി നടന്ന് കൊടുവള്ളിക്കാരന്‍ കെ.കെ. മുഹമ്മദ് കണ്ട കാര്യങ്ങള്‍ നാമറിയേണ്ടവയാണ്. ചമ്പല്‍ക്കൊള്ളക്കാരുടെ മനസ്സ് മാറ്റിയ മുഹമ്മദ്, വാക്കിലും പ്രവൃത്തിയിലും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത തൊട്ടറിഞ്ഞ സാംസ്കാരിക സംഘടനയുടെ തലവന്‍ അങ്ങനെയങ്ങനെ മാനവികതയുടെ മഹാസന്ദേശത്തിനു പിന്നില്‍ സംസ്കൃതിയുടെ ഈടുവെപ്പുകളുണ്ടെന്ന് കാണിച്ചു തന്ന മുഹമ്മദ്. പ്രപഞ്ചനാഥന്റെ പേരു തന്നെയല്ലോ എന്ന് പരശ്ശതം പേര്‍ക്ക് പറയാവുന്ന ഒരു വ്യക്തിത്വം.
നമ്മുടെ സ്വകാര്യ അഹങ്കാരത്തിലെ ആ കരുതിവെപ്പിനെക്കുറിച്ച് നന്നായിത്തന്നെ വിലയിരുത്തുന്നു ഷിനാസ്. അയോധ്യയില്‍ ഹനുമാന് ഗഡിയിലും ബാബറി മസ്ജിദിന്റെ നേരെ താഴെയും ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ ഉത്ഖനനം നടത്തുമ്പോള്‍ ഞാനുമുണ്ടായിരുന്നു. അവിടെ നിന്ന് ഒരു ക്ഷേത്രത്തിന്റെതെന്ന് ന്യായമായും ഊഹിക്കാവുന്ന ശിലാസ്തംഭങ്ങളും കൊത്തുപണികളും കിട്ടിയിട്ടുണ്ട്. പള്ളിക്കുതാഴെ അമ്പലത്തിന്റെതെന്നു കരുതാവുന്ന ഒരു സ്ട്രക്ചര്‍ കണ്ടെത്തിയിരുന്നു. ഒരു ആര്ക്കിയോളജിസ്റ്റെന്ന നിലയില്‍ എന്റെ അഭിപ്രായം തകര്‍ന്നുകിടന്ന ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ നിലവിലുണ്ടായിരുന്ന ഒരു ക്ഷേത്രം തകര്‍ത്തു തന്നെയോ, 1528ല്‍ ബാബറിന്റെ സൈന്യാധിപന്മാരിലൊരാളായ മിര്‍ബാക്കി നിര്‍മ്മിച്ചതാണ് ബാബറി മസ്ജിദ്….. മുസ്ലിങ്ങള്‍ക്ക് മക്കയും മദീനയും പോലെ ഹിന്ദുക്കള്‍ക്ക് വിശ്വാസപരമായി ഒരു പവിത്രസ്ഥലിയാണ് അയോധ്യ. ബാബറി മസ്ജിദിന് ബാബറുമായി മാത്രമേ ബന്ധമുള്ളൂ. ഏതെങ്കിലും ഔലിയാക്കന്മാരുമായോ സാലിഹിങ്ങളുമായോ അതിന് യാതൊരു ബന്ധവുമില്ല. അറിഞ്ഞവന് അറിവിന്റെ നെറുകയില്‍ ശാന്തനായി; അറിയാത്തവന് നാടുമുഴുക്കെ ഭ്രാന്തനായി എന്നല്ലേ ചൊല്ല്.
തേജ്പാല്‍ എന്ന മഹിതാശയനെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മള് അറിഞ്ഞു. ഒരു ചോദ്യം: നിങ്ങള്‍ ആരുടെ പക്ഷത്ത്? ഇരയുടെ? വേട്ടക്കാരന്റെ? മാധ്യമം ആഴ്ചപ്പതിപ്പിലെ (ഡിസം. 02) മീഡിയാസ്കാന്‍കാരന്‍ യാസീന്‍ അശ്റഫ് ആരുടെ ഭാഗത്താണ്. എഡിറ്ററുടെ വക; പിന്നെ മാധ്യമങ്ങളുടെ വക വായിച്ചശേഷം അറിയിക്കുക, ബൈ.
തൊട്ടുകൂട്ടാന്‍
ആകാശത്തിന്റെ ഫ്രെയിമില്‍
ഒടുക്കമവള്‍,
തന്നെത്തന്നെ അലക്കിയെടുത്ത് പിഴിഞ്ഞ്
മറ്റൊരു ഉടയാടയാക്കി
അഴയിലേക്ക് നിവര്‍ത്തിയിടുന്നു
അബ്ദുള്ള പേരാമ്പ്ര
കവിത: അലക്കിയ വസ്ത്രങ്ങള്‍ അഴയില്‍
ഉണങ്ങാനിടുന്ന പെണ്‍കുട്ടി
മലയാളം വാരിക (ഡിസം. 06)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: