ഗാന്ധിജിയും മണ്ടേലയും. ഇരുപതാം നൂറ്റാണ്ടിലെ രണ്ട് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികള്‍. സമാനമായ നേതൃഗുണങ്ങളാണ് ഇരുവരെയും മഹാത്മാക്കളാക്കിയത്. പല കാര്യങ്ങളിലും ഗാന്ധിജി തന്റെ മാതൃകാപുരുഷനായിരുന്നെന്ന് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രനായകന് നെല്‍സണ്‍ മണ്ടേല ഒരുതവണയല്ല പറഞ്ഞിട്ടുള്ളത്. മണ്ടേലക്ക് അങ്ങനെ പറയാതിരിക്കാനാകുമായിരുന്നില്ല, അത്രയും സ്വാധീനിക്കപ്പെട്ടിരുന്നു മണ്ടേല ഗാന്ധിജിയാല്‍. തന്റെ ആശയങ്ങള്‍ ലോകത്തിന്റെ മറ്റൊരുഭാഗത്ത് അനുകരിക്കപ്പെട്ടാല്‍ അത് തന്നെ അതിശയപ്പെടുത്തില്ലെന്ന് ഗാന്ധിജിയും ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ഒരു പ്രവചനത്തിന്റെ ശക്തിയോടെ മണ്ടേലയും മാര്ട്ടിന് ലൂതര്‍കിംഗും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിന്നീട് അത് ഏറ്റെടുക്കുക തന്നെ ചെയ്തു. എന്നാല്‍ ഗാന്ധിജിയും മണ്ടേലയും ഒരിക്കലും തമ്മില്‍ കണ്ടിരുന്നുമില്ല. കണ്ടിരുന്നെങ്കില്‍ പുതിയ ലോക ചരിത്ര ക്രമം കുറിക്കുമായിരുന്നോ?
1893 മുതല്‍ 1914 വരെ ഗാന്ധിജി കഴിഞ്ഞിരുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് അദ്ദേഹത്തോളം തന്നെ ലോകപ്രശസ്തനായ നെല്‍സണ്‍ മണ്ടേല എന്ന നേതാവ് വളര്‍ന്നു വന്നത്. ദക്ഷിണാഫ്രിക്കക്കാരന് അല്ലാതിരുന്നിട്ടും തൊലിയുടെ നിറത്തിന്റെ പേരില്‍ ഗാന്ധി ഏറെ അപമാനിക്കപ്പെട്ടതും അതേ രാജ്യത്തായിരുന്നു. ഇരുനേതാക്കളുടെയും പോരാട്ടം സാമ്രാജ്യത്വത്തിനെതിരെയായിരുന്നു. രണ്ട് പേരും അഭിഭാഷകര്‍ എന്നത് മറ്റൊരു പ്രത്യേകത. ലോകത്തെ ഏറെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ ഗാന്ധിജിയും നെല്‍സണ്‍ മണ്ടേലയും ഒരുപോലെ സ്ഥാനം പിടിക്കുന്നു.
സാമ്രാജ്യത്വത്തില്‍ നിന്ന് മോചനം നേടിയ ദക്ഷിണാഫ്രിക്കയുടെ പരിവര്‍ത്തനത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിക്കുന്നതായി 2007 ല്‍പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തില്‍ നെല്‍സണ്‍ മണ്ടേല ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്ത് നടമാടിയിരുന്ന വര്‍ണവിവേചനത്തെ തുരത്താന്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ ഏറെ പ്രയോജനപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1943 മുതല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മണ്ടേലയും ഗാന്ധിജിയെപ്പോലെ പുതിയ ഒരു സമൂഹത്തിനായി തന്റെ ജീവന്‍പോലും സമര്‍പ്പിക്കാന്‍ തയ്യാറായിരുന്നു. സ്വതന്ത്രവും ജനാധിപത്യപരവുമായ തുല്യഅവകാശത്തോടും സമത്വത്തോടും എല്ലാവരും കഴിയുന്ന ഒരു സമൂഹം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനായി മരിക്കാനും താന്‍ തയ്യാറാണെന്നും മണ്ടേല പ്രഖ്യാപിച്ചിരുന്നു. ജാതിയും മതവും തീര്‍ക്കുന്ന മതില്‍ക്കെട്ടുകള്‍ മറികടക്കാന്‍ ഗാന്ധിജിയെപ്പോലെ തന്നെ മണ്ഡേലയും ഏറെ ആഗ്രഹിച്ചു, പരിശ്രമിച്ചു. ജനങ്ങളെ പല തട്ടിലാക്കുന്ന ദാരിദ്ര്യത്തെ തുരത്താനും അദ്ദേഹം യത്നിച്ചു. മതവും ഭാഷയും സംസ്ക്കാരവും ജന നന്മയ്ക്കാകണമെന്നായിരുന്നു ഗാന്ധിജിയെപ്പോലെ തന്നെ നെല്‍സണ്‍ മണ്ടേലയുടെയും മതം.
വര്‍ണവിവേചനത്തിനെതിരെയുള്ള സമരത്തിലെ അട്ടിമറിപ്രവര്‍ത്തനങ്ങളുടെ പേരില്‍ തീവ്രവാദിയെന്ന് മണ്ഡേല പഴി കേട്ടിട്ടുണ്ട്. വര്‍ണവിചേനത്തെ എതിര്‍ക്കാത്തവര്‍ക്ക് മണ്ഡേല കമ്മ്യൂണിസ്റ്റുകാരനായിരുന്നു. പക്ഷേ ഗറില്ല സമരമുറകളും തീവ്രവാദപ്രവര്‍ത്തനങ്ങളും ഒരിക്കലും വിജയം കാണില്ലെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയ വ്യക്തിയായിരുന്നു മണ്ഡേല. ഗറില്ല സമരമുറകളില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറപ്പേര്‍ കൊല്ലപ്പെട്ടത് മണ്ടേലയെ ഏറെ ചിന്തിപ്പിച്ചു.
വികസനവും സമാധാനവും അഭേദ്യമാണെന്നും സമാധാനവും സുരക്ഷയുമില്ലാതെ അടിച്ചമര്‍ത്തപ്പെടുന്ന അധ:സ്ഥിതരുടെ അഭിവൃദ്ധി സാധ്യമാക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ലെന്നും മണ്ടേല ലോകത്തെ ഓര്‍മ്മിപ്പിച്ചത് ഗാന്ധിജി പഠിപ്പിച്ച പാഠങ്ങളില്‍ നിന്നായിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണത്തില്‍ ഗാന്ധിയന്‍ തത്വചിന്തകള്‍ ഏറെ സ്വാധീനിച്ചിരുന്നു.
ഗാന്ധിജി തടവില്‍ കഴിഞ്ഞിരുന്ന ജോഹന്നാസ് ബര്‍ഗിലെ ഫോര്‍ട്ട് ജയിലില്‍ പിന്നീട് മണ്ടേലയും അന്തേവാസിയായി. വര്‍ണവിവേചനത്തിന്റെ പേരില്‍ സഹികെടുന്ന ഒരു വിഭാഗത്തിന്റെ ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നുതന്നെയാണ് ഗാന്ധിജി തന്റെ വിശ്വ വിഖ്യാതമായ സത്യഗ്രഹസമരം തുടങ്ങിയത്. അംഹിസയിലൂന്നിയ ഈ സമരമാര്‍ഗം പില്ക്കാലത്ത് മണ്ടേലയേയും ഏറെ സ്വീധീനിച്ചിരുന്നു. ഇതേക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ മോചനത്തിനായി ഗാന്ധി മാര്‍ഗം പിന്തുടരാന് മണ്ഡേല തീരുമാനിച്ചത്.
വര്‍ണവിവേചനത്തിന്റെ പേരില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഗാന്ധിജിക്ക് അനുഭവിക്കേണ്ടിവന്ന അവഹേളനങ്ങള്‍ അതിലും തീക്ഷ്ണമായി മണ്ടേലനേരിട്ടിരുന്നു. ജയിലില്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ അദ്ദേഹത്തിന് താഴ്ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ലഭിച്ചത്. പലപ്പോഴും വയറു നിറയാന്‍ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല.
ഇന്ത്യയോടും ഇന്ത്യക്കാരോടും ഏറെ പ്രതിബദ്ധത കാത്തുസൂക്ഷിച്ച ഭരണാധികാരിയായി പിന്നീട് മണ്ടേല. 1994 ല്‍ പ്രസിഡന്റായപ്പോള്‍ മണ്ടേല ആറ് ഇന്ത്യക്കാരെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നടത്തിയ സത്യഗ്രഹസമരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ച 2007 ല്‍ മണ്ടേല ദല്‍ഹിയിലെത്തിയിരുന്നു. 1944 ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും തുടര്‍ച്ചയായ ജയില്‍വാസം കാരണം മണ്ടേലക്ക് ഗാന്ധിജിയെ നേരിട്ട് കാണാന്‍ ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല. ഗാന്ധിജി മരിക്കുമ്പോള്‍ മണ്ഡേലക്ക് പ്രായം മുപ്പതുവയസായിരുന്നു. ലോകത്തെമ്പാടുമുള്ള രാഷ്ട്രവിചക്ഷണന്‍മാര്‍ ഗാന്ധിജിയേയും മണ്ടേലയും ആദര്‍ശബിംബങ്ങളായി കരുതുന്നു. സഹനസമരങ്ങളിലൂടെ ഗാന്ധിജി ലോകമെങ്ങും അറിയപ്പെട്ടപ്പോള്‍ അതേ മാര്‍ഗം പിന്തുടര്‍ന്ന മണ്ഡേല ദക്ഷിണാഫ്രിക്ക എന്ന രാജ്യത്തിന്റെ പേരും ലോകമെങ്ങുമെത്തിച്ചു. സാമ്രാജ്യത്വശക്തികളെ തുരത്താന്‍ ഗാന്ധിജിയുടെ സത്യഗ്രഹസമരങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ ഗാന്ധിമാര്‍ഗം പിന്തുടര്ന്ന് ലക്ഷ്യംനേടിയ മണ്ടേല ദക്ഷിണാഫ്രിക്കന്‍ ഗാന്ധിയെന്ന് അറിയപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: