ജോഹന്നാസ്ബര്‍ഗ്: ആഫ്രിക്കന്‍ വിമോചന നായകന് നെല്‍സണ്‍ മണ്ടേലയുടെ വിയോഗത്തില്‍ ലോകനേതാക്കളുടെ ആദരാഞ്ജലികള്‍. ദക്ഷിണാഫ്രിക്കയുടെ മഹാനായ പുത്രനെ നഷ്ടപ്പെട്ടെന്ന് പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. നീതിക്ക് വേണ്ടി അതുല്യ പോരാട്ടമാണ് മണ്ടേല നടത്തിയതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അനുസ്മരിച്ചു.
ഇന്നത്തെ ലോകം സാധ്യമാക്കിയത് അദ്ദേഹമാണെന്നും നീതിക്കും മാനവികതക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് അദ്ദേഹമെന്നും ബാന്‍ കി മൂണ്‍ അനുസ്മരിച്ചു. ലോകം കണ്ടതില്‍ വെച്ചേറ്റവും ധീരനും മനുഷ്യസ്നേഹിയുമായ വ്യക്തിയെയാണ് മണ്ടേലയുടെ മരണത്തോടെ നഷ്ടമായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. സ്വാന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. തന്റെ ജീവിതത്തിന് മാതൃകയും പ്രചോദനവും മണ്ടേലയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ആ മഹത്തായ പ്രകാശം പൊലിഞ്ഞുവെന്നും മണ്ടേല നമ്മുടെ കാലത്തിലെ നായകന് മാത്രമായിരുന്നില്ല അദ്ദേഹം എല്ലാ കാലത്തെയും നായകനായിരുന്നെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അനുസ്മരിച്ചു. മണ്ടേലയുടെ തിളക്കമാര്‍ന്ന ജീവിതം വരും തലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മാര്‍ക്കല്‍ പറഞ്ഞു. വര്ണവിവേചനങ്ങള്ക്കെതിരായ പോരാട്ടങ്ങള്‍ക്കൊപ്പം എന്നും ചേര്‍ന്നുനില്‍ക്കുന്ന പേരായിരിക്കും മണ്ടേലയുടേത്.
ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ വ്യക്തിത്വമാണ് മണ്ടേലയെന്ന് ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൗസഫ് അനുസ്മരിച്ചു. നീതിക്കും സമത്വത്തിനും സ്വാതന്ത്രത്യത്തിനും വേണ്ടി പോരാടുന്ന എല്ലാവര്ക്കും മണ്ടേല മാതൃകയാണെന്നും അവര്‍ പറഞ്ഞു. ഹ്യൂഗോ ഷാവേസിന്റെ വിയോഗത്തിന് ശേഷം വിടപറഞ്ഞ മറ്റൊരു പ്രതിഭാശാലിയാണ് മണ്ടേലയെന്ന് വെനസ്വേല പ്രസിഡണ്ട് നിക്കോളസ് മഡൂറോ പ്രതികരിച്ചു. മഡിബ എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും മഡൂറോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: