അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തിട്ടുണ്ട്. 48 റണ്‍സുമായി നായകന് മൈക്കല്‍ ക്ലാര്‍ക്കും 7 റണ്‍സുമായി ബ്രാഡ് ഹാഡിനുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ മോശം ഫീല്‍ഡിംഗാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നിരവധി ക്യാച്ചുകളാണ് ഇംഗ്ലണ്ട് താരങ്ങള്‍ വിട്ടുകളഞ്ഞത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 34 റണ്‍സ് മാത്രതമുള്ളപ്പോള് കംഗാരുക്കളുടെ ആദ്യവിക്കറ്റ് വീണു. 32 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളോടെ 29 റണ്‍സെടുത്ത വാര്‍ണറെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ കാര്‍ബെറി കയ്യിലൊതുക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റോജേഴ്സിനൊപ്പം ഷെയ്ന് വാട്സണ് ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തി.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്കോര്‍ 155 റണ്‍സിലെത്തിയപ്പോള്‍ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 51 റണ്‍സെടുത്ത ഷെയ്ന്വാട്സണെ ആന്ഡേഴ്സണ് സ്വന്തം ബൗളിംഗില്‍ പിടികൂടി. പിന്നീട് പെട്ടെന്ന് ഓസ്ട്രേലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. രണ്ടിന് 155 എന്ന മികച്ച നിലയില്‍ നിന്ന് നാലിന് 174 എന്ന നിലയിലേക്ക് അവര്‍ തകര്‍ന്നു. 72 റണ്‍സെടുത്ത റോജേഴ്സിനെ സ്വാന് പ്രയറിന്റെ കൈകളിലെത്തിച്ചപ്പോള്‍ ആറ് റണ്‍സെടുത്ത സ്മിത്തിനെ പനേസര്‍ ബൗള്‍ഡാക്കി. പിന്നീട് മൈക്കല്‍ ക്ലാര്‍ക്കും ബെയ്ലിയും ചേര്‍ന്നാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്.
ഇതിനിടെ ഇരുവരും നല്കിയ രണ്ട് അവസരങ്ങള്‍ ഇംഗ്ലീഷുകാര്‍ വിട്ടുകളയുകയും ചെയ്തതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തി. ഒടുവില്‍ സ്കോര്‍ 257-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞത്. നാല് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 53 റണ്‍സെടുത്ത ബെയ്ലിയെ ബ്രോഡിന്റെ പന്തില്‍ സ്വാന് പിടികൂടുകയായിരുന്നു. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഹാഡിനെ കൂട്ടുപിടിച്ച് ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: