ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വസുന്ധരാരാജെ സിന്ധ്യയുമാണ് രാജസ്ഥാനില്‍ ബിജെപിക്ക് വിജയപ്രതീക്ഷ നല്കുന്ന ഘടകങ്ങള്‍. രാജസ്ഥാനില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വ്വെകള്‍ പറയുമ്പോള്‍ സംസ്ഥാനത്ത് ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തരത്തില്‍ കടുത്ത തോല്വിക്കായിരിക്കും കോണ്‍ഗ്രസ് ഇത്തവണ സാക്ഷ്യം വഹിക്കുക. സിഎന്‍എന്‍ ഐബിഎന്നും ദ വീക്കും നടത്തിയ സര്‍വ്വെയില്‍ രാജസ്ഥാന് 126 മുതല്‍ 136 വരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് 49 മുതല്‍ 57 വരെ സീറ്റും നേടുമെന്നും എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നു.
2008ല്‍കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ 96 സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് അന്ന് ലഭിച്ചത് 78 സീറ്റുകളും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അശോക് ഗെലോട്ടിന്റെ പ്രതിഫലനം ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അത്ര എളുപ്പമായിരിക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു. രാജസ്ഥാന് സര്‍ക്കാര്‍ അവരുടെ തെറ്റായ നയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും രാജസ്ഥാന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും ഒരു സംഘം പറയുന്നു. സംസ്ഥാന സര്‍ക്കാരിലെതന്നെ പലര്‍ക്കുമെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളും, കുറ്റകൃത്യങ്ങളും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ മികച്ച പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കോണ്‍ഗ്രസിന്റെ വിശ്വാസവും ഇത്തവണ അസ്ഥാനത്തായി. മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും ആ സര്‍ക്കാരിന്റെ ഏറ്റവും മികച്ചതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അത് ഗുണം ചെയ്തില്ല. ജനപ്രിയ പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്നാണ് തെരഞ്ഞെടുപ്പ് ചരിത്രം നല്കുന്ന ഏറ്റവും വലിയ പാഠം. എന്നാല്‍ കോണ്‍ഗ്രസ് ഈ പാഠങ്ങളോന്നും ഇതുവരെയും പഠിച്ചിട്ടില്ല.
രാജസ്ഥാനില്‍ ഗെലോട്ടിന് എതിരായി വസുന്ധരാരാജെ സിന്ധ്യ അല്ലാതെ മറ്റാരെയും നിര്‍ത്താനാകില്ലെന്ന് ബിജെപിക്ക് വ്യക്തമായി അറിയാമായിരുന്നു. രാജസ്ഥാനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളുള്ള സ്ഥാനാര്‍ത്ഥി തന്നെയാണ് സിന്ധ്യ. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ സാന്നിധ്യം സിന്ധ്യക്ക് കൂടുതല്‍ കരുത്ത് പകര്ന്നുഎന്നുവേണം കരുതാന്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മോദി നടത്തിയ പ്രചാരണ പരിപാടികളേക്കാള്‍ മികച്ചതായിരുന്നു രാജസ്ഥാനിലേത്. മോദി-സിന്ധ്യ കൂട്ടുകെട്ട് ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ക്കിടയില്‍ മോദി-സിന്ധ്യ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് സര്‍വ്വെഫലങ്ങളും പറയുന്നത്.
2008ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സംഘടനാ മികവ് തന്നെയാണ് വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇത്തവണ സംഘടനാ ദൗര്‍ലഭ്യവും,പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും കോണ്‍ഗ്രസിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിളകളില്പോലും ഇത് ദൃശ്യമായിരുന്നു.
ബിജെപിയുടെ പ്രചാരണറാലികള്‍ ജനപങ്കാളിത്തംകൊണ്ട് തന്നെ ശ്രദ്ധേയമായപ്പോള്‍ കോണ്‍ഗ്രസ് റാലികള്‍ ജനങ്ങളില്ലാതെ ഒറ്റപ്പെട്ടുപോകുകയാണ് ചെയ്ത്. 2008ല്‍ വസുന്ധരാരാജെസിന്ധ്യ തെരഞ്ഞെടപ്പില്‍ നിന്നും മാറിനില്‍ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായെങ്കിലും ഇത്തവണ പാര്‍ട്ടിയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാജസ്ഥാനിലെ മറാത്ത രാജകുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് സിന്ധ്യ. അതുകൊണ്ടു തന്നെ ജനങ്ങളുടെ പിന്തുണയും വലുതാണ്. രാജകുടുംബത്തിനോടുള്ള ജനങ്ങളുടെ കൂറ് ഇതിന് മുമ്പും പ്രത്യക്ഷമായിട്ടുള്ളതാണ്. നരേന്ദ്രമോദിയെ മുഖ്യപ്രചാരകനാക്കി ബിജെപി നടത്തിയ പ്രചാരണ പരിപാടികള്‍ ദേശീയ വിഷയങ്ങളില്‍ പ്രാമുഖ്യം നല്കിയതായിരുന്നു. ഈ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായെങ്കിലും രാജസ്ഥാനില്‍ മോദി- സിന്ധ്യ പ്രതിഫലനം കോണ്‍ഗ്രസിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: