കൊച്ചി: പുതിയ ഹൃദയവും പുതിയ ചിന്തകളുമായി സുവിന് ആശുപത്രിവിട്ടു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കഴിഞ്ഞ ലോകഹൃദയദിനത്തോടനുബന്ധിച്ച് തന്നെ കാണുവാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് പ്രശസ്ത ഫ്രഞ്ച് ചിന്തകനായ റെനെ ഡെക്കാര്‍ട്ടിന്റെ വാക്കുകള്‍ സുവിന് പറഞ്ഞത്! ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ട് ഞാന്‍ നിലനില്ക്കുന്നു. ആ വാക്കുകള്‍ അന്വര്‍ത്ഥമായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം.എ. അവസാന സെമസ്റ്റര്‍ പഠിക്കുമ്പോഴാണ് റാന്നി ഐത്തല ചെറുപുളിച്ചിയില്‍ വീട്ടില്‍ അനീഷ് മാത്യുവിന്റെയും, കുഞ്ഞമ്മയുടെയും മകനായ സുവിന് അനീഷ് മാത്യുവിന് (24) ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിശദമായ പരിശോധനയില്‍ ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം ഭാഗികമായി മാത്രമേയുള്ളൂ എന്നു മനസ്സിലായി. തുടര്‍ന്ന് ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ കാണുകയും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്നു അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. പേശികള്‍ക്ക് ബലക്കുറവ് ഉണ്ടാക്കുന്ന മസ്ക്കുലര്‍ ഡിസ്ട്രോഫി എന്ന അസുഖവും സുവിന് ഉണ്ടായിരുന്നു.
ഏതു നിമിഷവും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയിരിക്കുവാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ലിസി ആശുപത്രിക്കു സമീപം വാടക വീട്ടിലായിരുന്നു സുവിനും അമ്മയും താമസിച്ചിരുന്നത്.
തൃശൂര്‍ അന്നമനട പാലിശ്ശേരി നെല്ലിശ്ശേരി വീട്ടില്‍ ലിസി(41)യെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് നവംബര്‍ 5-ാം തീയതിയാണ് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7-ാം തീയതി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. കോശി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ദേവസ്സിക്കുട്ടിയും ബന്ധുക്കളും അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തയ്യാറാകുകയായിരുന്നു. രാത്രി 11.30ന് അവയവങ്ങള്‍ എടുക്കുവാന്‍ ആരംഭിച്ച ശാസ്ത്രക്രിയ പുലര്‍ച്ചെ നാലരയോടെ അവസാനിച്ചു. തുടര്‍ന്ന് സുവിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുകയും ഒന്നര മണിക്കൂറിനകം തന്നെ ലിസിയുടെ ഹൃദയം സുവിനില് സ്പന്ദിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അഞ്ചു മണിക്കൂര്‍കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി സുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നാലുദിവസം കഴിഞ്ഞ് മുറിയിലേക്ക് മാറ്റിയ സുവിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ലിസിയുടെ വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലേക്കും, കരള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും, കണ്ണുകള്‍ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായിരുന്ന ലിസിയും കെട്ടിടനിര്‍മ്മാണ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് ദേവസ്സിക്കുട്ടിയും വളരെയധികം ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. വിദ്യാര്‍ത്ഥികളായ അഖില്‍ (13), ആഷ്ണ (8) എന്നിവര്‍ മക്കളാണ്.
ലിസി ആശുപത്രിയിലെ അഞ്ചാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രിയ ആയിരുന്നു ഇത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം, ഡോ. റോണി മാത്യു, ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. ഭാസ്ക്കര്‍ രംഗനാഥന്, ഡോ. ജീവേഷ്, ഡോ. ശിശിര്‍, ഡോ. ജോബ് വിത്സണ്, ഡോ. ഗ്രേസ് മരിയ, ഡോ. ജോ ജോസഫ് എന്നിവരും സുവിന്റെ ചികിത്സയില്‍ പങ്കാളികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: