എരുമേലി: പശ്ചിമഘട്ട സംരക്ഷണപദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മലയോരമേഖലയില്‍ നടത്തിയ ഫോറസ്റ്റ് സ്റ്റേഷന് മാര്‍ച്ച് ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോരമേഖല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കണമല ഫോറസ്റ്റ് ഓഫീസിലേക്കായിരുന്നു നാട്ടുകാരുടെ മാര്‍ച്ച്. പ്രതിഷേധ സമരത്തെ സംബന്ധിച്ച് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രണ്ടായിരത്തിലധികം വന്ന സമരക്കാരെ നേരിടാന്‍ വെറും 50 പോലീസുകാര്‍ മാത്രമാണ് കണമലയിലുണ്ടായിരുന്നത്. രാവിലെ ആരംഭിച്ച മാര്‍ച്ച് തീര്ത്ഥാടനപാതയിലെത്തുകയും കണമല ഫോറസ്റ്റ്സ്റ്റേഷന് ഉപരോധത്തിനിടെ അതുവഴി കടന്നുവന്ന തീര്‍ത്ഥാടക സംഘത്തെയും സമരക്കാര്‍ തടയുകയായിരുന്നു.
ഈ തീര്‍ത്ഥാടനക്കാലത്തെ കൂടുതല്‍ തിരക്കനുഭവപ്പെട്ട ഇന്നലെ തീര്‍ത്ഥാടകരുടെ വരവും പോക്കും ഇതിനിടെ കൂടിയതോടെ ആദ്യം തടയലിന് വിധേയരായവരടക്കം വരുന്ന തീര്‍ത്ഥാടകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തീര്‍ത്ഥാടകര്‍ പോലീസിനോട് തങ്ങള്‍ക്ക് കടന്നുപോകാന്‍ നടപടിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് നിസ്സഹായരായി നിന്നതിനാല്‍ ശരണം വിളികളോടെ തീര്‍ത്ഥാടകര്‍ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. പ്രശ്നങ്ങള്‍ വഷളായി മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടത്. സമരക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് വഴിമുടക്കിയപ്പോള്‍ പത്തനംതിട്ട എം പി ആന്റോആന്റണിയും റാന്നി എംഎല്‍എ രാജുഎബ്രഹാമും കാഴ്ച്ചക്കാരായി രംഗത്തുണ്ടായിരുന്നു. ശബരിമലതീര്‍ത്ഥാടകര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴും തീര്‍ത്ഥാടകരെ കടത്തിവിടാനുള്ളയാതോരുശ്രമവും ഈ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതിഷേധ സമരക്കാരുടെ മുദ്രാവാക്യം വിളികളേക്കാള്‍ ഉച്ചത്തില്‍ തീര്‍ത്ഥാടകരുടെ ശരണംവിളികള് വന േമഖലയില്‍ ഉയര്‍ന്നതോടെ പോലീസും സമരക്കാരും ആശങ്കയിലായി. തടഞ്ഞുവച്ച തീര്‍ത്ഥാടകരെ ഏറെ മണിക്കൂറുകള്‍ക്ക് ശേഷം കടത്തി വിടുന്നതുവരെ പോലീസ് വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.
കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള സമരത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതലുകളോ സുരക്ഷാക്രമീകരണങ്ങളോ ഒരുക്കാന്‍ പോലീസും തയ്യാറായില്ല. എന്നാല്‍ തീര്‍ത്ഥാടകസംഘത്തെ വഴിതിരിച്ചുവിടാന്‍ നിരവധി റോഡുകളും ഏറെ സമയവും ഉണ്ടായിരുന്നിട്ടുകൂടി സമര ക്കാര് തീര്‍ത്ഥാടക വാഹനങ്ങളെ തടയുന്നതു വരെ കാത്തുനിന്ന പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്ന്നിട്ടുണ്ട്്.
കണമല സമരത്തെ തുടര്‍ന്ന് വേണമെങ്കില്‍ എരുമേലി നിന്നു തന്നെ വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കഴിയുമായിരുന്ന പോലീസ് സമരക്കാര്‍ക്കിടയിലേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടുകയായിരുന്നുവെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.കണമല-പമ്പാ റോഡില്‍ മണിക്കൂറുകളോളം തീര്‍ത്ഥാടകരെ തടഞ്ഞുവച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ട സമരത്തിന്റെ മറവില്‍ തീര്‍ത്ഥാടകരെ തടയാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമായിരിക്കു മെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: