തിരുവനന്തപുരം: സിപിഎം വനിതാ കൗണ്‍സിലറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നഗരസഭയിലെ ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്. സംഗീതയെയാണ് (31) ഇന്നലെ രാത്രി വിഷം കഴിച്ച ശേഷം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്ന് സംഗീതയുടെ പിതാവ് മോഹനചന്ദ്രന് മാധവപുരം സര്‍വീസ് സഹകരണ സംഘം സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ആത്മഹത്യ. ആഘോഷങ്ങളുടെ ഭാഗമായി കുടുംബവീടായ കുളത്തൂര്‍ തൃപ്പാദപുരം കാവുക്കോണം സംഗീതാ ഭവനിലും സഹകരണ സംഘത്തിലും പന്തല്‍ കെട്ടിയായിരുന്നു. രാത്രി 11 മണിയോടെ സംഗീതയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന മണ്‍വിളയിലെ വീട്ടില്‍ വച്ചാണ് സംഭവം. ഭര്‍ത്താവ് ടിവി കണ്ടുകൊണ്ടിരിക്കെ മകളുമൊത്ത് ഉറങ്ങാന്‍ കിടന്ന സംഗീത വാതിലടച്ച് കുറ്റിയിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മകള്‍ ഉണര്‍ന്നപ്പോള്‍ അമ്മ തൂങ്ങി നില്‍ക്കുന്നത് കണ്ട് നിലവിളിച്ചതോടെയാണ് ഭര്‍ത്താവ് അറിയുന്നത്. ഒടുവില്‍ വാതില്‍ പൊളിച്ച് അകത്ത് കടന്ന അദ്ദേഹം സംഗീതയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 12.30 ന് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിനു ശോഷം മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക്. സംഗീത ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, സിപിഎം ആറ്റിപ്ര ഏരിയാ കമ്മിറ്റി അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് അംഗമായിരുന്നു അച്ഛന് മോഹനചന്ദ്രന്. കൗണ്‍സിലര്‍ ആകുന്നതിന് മുമ്പ് സംഗീതസിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ലക്ചറര്‍ മനോജാണ് ഭര്‍ത്താവ്. അഥീന, അതുല്‍ എന്നിവരാണ് മക്കള്‍. മാതാവ്: ഷൈലജാ ദേവി. സഹോദരങ്ങള്‍: രാജലക്ഷ്മി, രാഹുല്‍. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാര്യമെന്തെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെ നെടുമങ്ങാട് 10 സെന്റ് വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അടുത്തകാലത്തായി പാര്‍ട്ടിയുമായി അത്ര അടുപ്പത്തിലായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: