എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലെ വിവിധ വകുപ്പുകളുടെ ഏകീകരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ചപറ്റിയിട്ടുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എരുമേലിയിലെ സ്ഥാപനങ്ങള്‍ അമിത വില ഈടാക്കുന്നതായുളള പരാതിയിന്മേല് സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ദേവസ്വം വക സ്റ്റാളുകളില്‍ പോലും മിതമായ വിലയിലോ ഹൈക്കോടതി നിശ്ചയിച്ച വിലയിലോ തീര്‍ത്ഥാടകര്‍ക്ക് ഒരു സാധനവും ലഭിക്കുന്നില്ല.
കഴിഞ്ഞദിവസം ശബരിമല സ്പെഷ്യല്‍ കമ്മീഷണറില്‍ നിന്നും കുപ്പിവെള്ളത്തിന് 20 രൂപ വാങ്ങിയത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. മിക്ക കടകളിലും സാധനങ്ങള്‍ക്കെല്ലാം അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പല കടകളിലും സാധനങ്ങളുടെ വില നിലവാര പട്ടിക ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവിധ ഭാഷകളില്‍ അടിയന്തരമായി ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. തീര്‍ത്ഥാടനകാല ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കേണ്ട വകുപ്പിനെതിരെ വ്യാപകമായ പരാതികളാണ് നാട്ടുകാര്‍ക്കുള്ളത്. തീര്‍ത്ഥാടനകാല കടകളിലെ പരിശോധന പ്രഹസനമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കുപ്പിവെള്ളത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം 15 രൂപ ഈടാക്കണമെന്ന ഉത്തവരവ് നടപ്പാക്കുന്നതില്‍ കടുത്ത വീഴ്ചയാണ് റവന്യൂ വകുപ്പ് കാട്ടിയിട്ടുള്ളതെന്നും ഹൈന്ദവസംഘടനകളും ആരോപിക്കുന്നു. വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു പരിപാടിക്കെത്തിയ മന്ത്രി എരുമേലിയിലെ റവന്യൂ കണ്ട്രോള് ഓഫീസിലും കയറി. എരുമേലിയിലെ തീര്‍ത്ഥാടനകാല ക്രമീകരണങ്ങളില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാലും തീര്‍ത്ഥാടനകാല ക്രമീകരണങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് എരുമേലിയില്‍ അഡീഷണല്‍ മജിസ്ട്രേറ്റിന്റെ സേവനത്തില്‍ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരോടുള്ള ചൂഷണം തടയാന്‍ കര്‍ശന നടപടി എടുക്കും. വര്‍ഷങ്ങള്‍ മുമ്പ് തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന കൊച്ചമ്പലം നേര്‍ച്ചപ്പാറ- പേരൂര്‍ത്തോട് പരമ്പരാഗത കാനനപാതയായ അയ്യപ്പന്‍താര റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ചെയ്തു കഴിഞ്ഞുവെന്നും ഇതിനായി ആര്‍ഡിഒ മോഹനപിള്ളയുടെ നേതൃത്വത്തില്‍ തഹസീല്‍ദാറുടെ സംഘം നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: