പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് പഴയചൊല്ല്. പത്രാധിപര്‍ക്ക് മീതെയും എന്ന പുതിയ ചൊല്ലിന് അവസരം വന്നുവോ? രാജ്യത്തെ അഴിമതിക്കും അതുമായി ബന്ധപ്പെട്ട ഒരുവിധ പ്രശ്നങ്ങള്‍ക്കെല്ലാം നേരെ ഒളിക്യാമറയുമായി സുധീരം രംഗത്തുനിന്ന വിദ്വാനാണ് പലര്‍ക്കും ആദര്‍ശ ദീപ്തവ്യക്തിത്വമായ തരുണ്‍ തേജ്പാല്‍. എന്നുവെച്ചാല്‍ തരുണനായ തേജോമയന്. ദേശീയ പാര്‍ട്ടി നേതാവിനെ വരെ മുട്ടുകുത്തിക്കാന്‍ കൊമ്പും ക്യാമറയുമായി ഇറങ്ങിത്തിരിച്ച മൂത്താശാന്‍. മൂപ്പര് ഇപ്പോള്‍ വല്ലാത്തൊരു ഏടാകൂടത്തിലാണ് ചെന്നുപെട്ടിരിക്കുന്നത്. പയില്‍ തുടങ്ങുന്ന രണ്ട് സംഗതികളാണ് മാന്യമായി ഉപയോഗിച്ചില്ലെങ്കില്‍ മാരണമാവുന്നത്. ഒന്നിന് മൂല്യം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിശ്ചയിക്കുമെങ്കില്‍ അടുത്തതിന്റെത് നിശ്ചയിക്കാനേ കഴിയില്ല. അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ മൂശയിലൂടെ സംസ്കരിക്കപ്പെടാതെ സമൂഹത്തിലേക്കിറങ്ങുന്ന സകലര്‍ക്കും മേപ്പടി വസ്തു പ്രശ്നം തന്നെയാണ്.
ഇവിടെ നമ്മുടെ തരുണ തേജോമയന് മേപ്പടി മൂശയില്‍ കിടന്ന് മുഴുവനായി സംസ്കരിക്കപ്പെട്ടില്ല എന്നത് യാഥാര്‍ത്ഥ്യം. ഒരു ക്യാമറക്കൊമ്പും തെറിച്ച പ്രായത്തിന്റെ ഊര്‍ജവുമുണ്ടെങ്കില്‍ എന്തുമാകാമെന്ന പത്രപ്രവര്‍ത്തക ധാര്‍ഷ്ട്യം (പ്രിയപ്പെട്ടവരേ, അടക്കി ആക്ഷേപിക്കുകയാണെന്ന് പറയല്ലേ) ഒരു മാതിരിപ്പെട്ടവര്ക്കെല്ലാമുണ്ട്. ആധുനിക കാലഘട്ടത്തിലെ പ്രവര്‍ത്തനം അതാണെന്നാണ് ഭൂരിപക്ഷമതം. നമ്മുടെ തരുണ തേജപാലന്മാരാണല്ലോ മാതൃകാ മൂത്താശാന്മാര്. ഏതായാലും മകളുടെ കൂട്ടുകാരിയും മകളെപ്പോലെ കരുതേണ്ടവളുമായ വ്യക്തിയുടെ നേരെ നീണ്ട ആ കൈ ഇനിയും നീളാതിരിക്കാന്‍ യുക്തിസഹമായ ശിക്ഷാ നടപടികള്‍ അഭികാമ്യം. ഇവിടെ പക്ഷേ, തേജോമയന് ചുമ്മാസമയം നീട്ടിക്കിട്ടിയില്ലേ എന്ന തോന്നല്‍ ശക്തം. പത്രക്കാര്‍ക്കുള്ള പ്രോട്ടോക്കോളില്‍ ഇമ്മാതിരി ഏര്‍പ്പാടുകള്‍ക്കും ഇളവുകളുണ്ടോ ആവോ? മദ്യം മൂത്തപ്പോള്‍ വന്ന അരുതായ്കകളാണെന്നും മാപ്പുപറഞ്ഞുവെന്നും തല്ക്കാലം പേന പിടിത്തം (മൗസ് ക്ലിക്ക്) ഒഴിവാക്കുന്നുവെന്നും മറ്റും പറഞ്ഞ് തേജപാലന് തടിയൂരി. എന്നാല്‍ നാട്ടുമ്പുറത്തെ ഏതെങ്കിലും വിദ്വാനായിരുന്നെങ്കില് എന്തായിരുന്നു പുകില്. ഇപ്പോള്‍ ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കാന്‍ എക്കാലത്തും ചില വിദ്വാന്മാര് സ്വീകരിക്കുന്ന തന്ത്രമാണ് മൂപ്പര് പുറത്തെടുത്തിരിക്കുന്നത്. തന്നോട് പകയുള്ള ഒരു പാര്‍ട്ടി മനപ്പൂര്‍വം നടത്തുന്ന വേലകളാണത്രെ ഇത്. അനീതിക്കെതിരെയുള്ള നീക്കമാണെന്ന വ്യാജേന നടത്തിയ കൊള്ളരുതായ്കള്ക്ക് പ്രകൃതിയുടെ തിരിച്ചടിയായും ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. ഏതായാലും വനിതകളുടെ മാനത്തിനും അഭിമാനത്തിനും കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നിന്നത് ഒരു കാമഭ്രാന്തനായിരുന്നുവെന്നത് മാധ്യമലോകത്തിന് മുഴുവന്‍ നാണക്കേടായി. ഇതൊക്കെ പ്രതീക്ഷിച്ചാണ് വിശ്വോത്തര നാടകകൃത്ത് അന്നേ ഇങ്ങനെ പറഞ്ഞുവെച്ചത്: A goodly apple rotten at the heart.
കവറില്‍ തന്നെ തേജപാലന്റെ ഒളിക്യാമറ പ്രവര്‍ത്തനം പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് കേരളകൗമുദി (ഡിസം. 01) മൂന്ന് സൃഷ്ടികളാണ് പ്രസിദ്ധീകരിച്ചത്. സ്റ്റാഫ് ലേഖകന്‍ വക: കാമനകളുടെ മാധ്യമ രസതന്ത്രം, പ്രിയയുടെ റിപ്പോര്‍ട്ട്: പേടിക്കാതെ പെണ്ണിന് നടക്കാനാവുമോ?, ഉഷാ എസ്. നായരുടെ ടിവി കാഴ്ച: അച്ഛാ, ബഹുത്തഛാ! മൂന്നും ഉശിരും ഉള്ളുറപ്പുമുള്ള വിഭവങ്ങള്‍. ഏത് കുത്സിത മാര്‍ഗം സ്വീകരിച്ചാലും വേണ്ടില്ല മാധ്യമ പ്രവര്‍ത്തനം നടത്തിയാല്‍ മതി എന്ന ജീര്ണലിസ്റ്റിക് താത്വികപാത സ്വീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചതും പ്രലോഭിപ്പിച്ചതും ഈ തരുണ തേജ്പാലന്റെ നേതൃത്വത്തിലുള്ള ദുഷ്ടകീടങ്ങളായിരുന്നു. അവര്‍ വെട്ടുകിളികളെ പോലെ പറന്നിറങ്ങിയപ്പോള്‍ പുത്തരി വിളഞ്ഞ വയലുകള്‍ ശൂന്യമായി. അതാണ് വിശുദ്ധ പത്രപ്രവര്‍ത്തനം എന്ന് ധരിച്ച്വശായവര് ഇപ്പോഴും സജീവം തന്നെ. അതില്‍ രാഷ്ട്രീയം, മതം, ജാതി, വര്‍ഗം, വര്‍ണം തുടങ്ങിയ ചേരുവകള്‍ ഉണ്ടാകുന്നു എന്നു മാത്രം. ഇനി സ്റ്റാഫ് ലേഖകനിലേക്ക്: ഓപ്പറേഷന് വെസ്റ്റ് എന്‍ഡ് എന്ന പേരില്‍ 2002ല്‍ തെഹല്‍ക്ക പുറത്തുകൊണ്ടുവന്ന പ്രതിരോധ അഴിമതിയുടെ സ്റ്റിംഗ് ഓപ്പറേഷനില്‍ തന്നെ ഈ അനാരോഗ്യ പ്രവണതകളുടെ മുളകള്‍ ദൃശ്യമായിരുന്നു. പ്രതിരോധ വകുപ്പുദ്യോഗസ്ഥരെ കുടുക്കാന്‍ കാള്ഗേളുകളെ ഉപയോഗിച്ചുവെന്ന ആരോപണം അക്കാലത്ത് ഈ മാധ്യമ സ്ഥാപനത്തിന് നേരെ ഉയര്‍ന്നിരുന്നു. അവര്‍ കാള്ഗേളുകളല്ലെന്നും തെഹല്കയിലെ വനിതാ ജീവനക്കാരാണെന്നുമുള്ള വാര്‍ത്തകളും വന്നു. വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടതാണെന്ന ധാരണയില്‍ നിന്നോ, തെറ്റിദ്ധാരണയില്‍ നിന്നോ ആണ് ഇത്തരത്തിലുള്ള അനാശാസ്യ പ്രവണതകള്‍ ഉടലെടുക്കുന്നത്. സംഭവങ്ങളിലൂടെ ഉണ്ടാവുന്ന വാര്‍ത്തകളും പുഴുങ്ങിയെടുക്കുന്ന വാര്‍ത്തകളും തമ്മിലുള്ള വ്യത്യാസമറിയാത്തവര്‍ ഇമ്മാതിരി അനാശാസ്യതകള്ക്ക് ഇപ്പോഴും കൂട്ടുനില്‍ക്കുന്നു.
സ്ത്രീയുടെ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയുന്നത് സ്ത്രീകളാണെങ്കിലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് അവര്‍ കൈത്താങ്ങാവുന്നില്ല എന്നാണ് പ്രിയ പരിഭവപ്പെടുന്നത്. അക്ഷരംപ്രതി ശരിയാണതെന്ന് പല പല സംഭവങ്ങളിലൂടെ നമുക്ക് ബോധ്യമാണ്. നടുറോഡില്‍ എറണാകുളത്ത് ട്രാഫിക് വാര്ഡന് അപമാനിക്കപ്പെട്ടിട്ടും നിയമം കണ്ണുപൊത്തിക്കളിച്ചു. പോലീസിലെ മൂത്താശാന്‍ പോലും പണക്കാരനായ പ്രതിയുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കിനില്ക്കാന് സേനയ്ക്ക് മൗനാനുവാദം നല്കി. അങ്ങനെയുള്ള രാജ്യത്ത് തരുണ തേജപാലന്മാര്ക്ക് എന്തൊക്കെ ആയിക്കൂടാ? പ്രിയ ഇങ്ങനെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്: നാളെ നമ്മുടെ മകള്‍ നേരിടേണ്ടിവരുന്ന ഭീതി ഇന്നേ ഇല്ലാതാക്കണം. അതിന് ആദ്യം വേണ്ടത് സമൂഹത്തിന് മുന്‍പേ വ്യക്തികള്‍ മാറണം. സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത നാട് നന്നാവില്ല എന്ന ബോധം അധികാരികള്‍ക്കും ഉണ്ടാകണം. ഇതിനായി ഈ ഹൈടെക് യുഗത്തിലും കാത്തിരിക്കേണ്ടി വരുന്നത് സ്ത്രീയോടുള്ള, സമൂഹത്തോടുള്ള അധികാരികളുടെ അവഹേളനമായി തന്നെ കാണണം. കണ്ടാല്‍ പോര ശക്തമായ പ്രതികരണ സംവിധാനവും വേണം.
ഇനി ഉഷാ. എസ്. നായരുടെ അഭിപ്രായത്തിലേക്ക്: എന്തായാലും മദ്യം ഉള്ളിലിരിക്കുന്നവനെ പുറത്തുകൊണ്ടുവരും എന്നതാണ് സത്യം. അഴിമതിക്കെതിരെ മഹായുദ്ധം നയിക്കുന്ന മാധ്യമശ്രേഷ്ഠന് തെഹല്‍ക്കയുടെ എല്ലാമായ തരുണ്‍ തേജ്പാലിന്റെ ഉള്ളവും മദ്യം പുറത്തെടുത്തു. തെഹല്‍ക്കയില്‍ തന്നെ ജോലിക്കാരിയായ ഒരു ഇളം പ്രായക്കാരിയെ തന്റെ തന്നെ മകളുടെ സുഹൃത്തിനെ ലിഫ്റ്റില്‍ കിട്ടിയ പാടെ ആക്രമിക്കാന്‍ നാണമില്ലാത്ത ഒരാള്‍ തേജ്പാലിന്റെ ഉള്ളിലുണ്ടായിരുന്നു. വിദ്യാഭ്യാസവും ലോകപരിചയവും കോട്ടും സൂട്ടും എല്ലാം മറികടന്ന് മദ്യം അവനെ പുറത്തുചാടിച്ചു. ഇനിയും ചാടാത്ത എത്രയെത്ര തരുണന്മാര്‍ ഉണ്ടാവും എന്ന് ആരുകണ്ടു. ഏതായാലും ഈ വിദ്വാന് ഗോവയിലെ ഇത്തിരി പോന്ന ലിഫ്റ്റില്‍ ഇമ്മാതിരി ഏര്‍പ്പാട് ചെയ്യുമോ, അവസരം എത്രയുണ്ടായിരുന്നു, വെറും ആരോപണമല്ലേ എന്നൊക്കെയായി മുന്നേറുന്നവരോട് ഒരു വാക്ക്: തുടുത്ത ആപ്പില്‍ ഉള്ള് കെട്ടിരിക്കും. എന്നു വെച്ച് എല്ലാ ആപ്പിളും അങ്ങനെയാവണമെന്നുമില്ല. ഇനി ചില പഴമൊഴികള്‍: താന്‍ കുഴിച്ച കുഴിയില്‍, വാളെടുത്തവന്‍ വാളാല്‍, വെളുക്കാന്‍ തേച്ചത് പാണ്ഡ്…. ഇതില്‍ കൂടുതല്‍ അറിയുന്നവര്‍ കാലികവട്ടത്തെ അറിയിക്കുക. ഏതായാലും പത്രാധിപരായതുകൊണ്ട് തരുണ തേജപാലന്റെ നിയമനടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. ഒടുവില്‍ ഒന്നുമില്ലായ്മയിലും എത്താം. ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലവും ആഭിചാര പത്രപ്രവര്‍ത്തനത്തിന്റെ സൂത്രവാക്യമറിയാവുന്ന വിദ്വാനും കൂടിയാവുമ്പോള്‍ ഇരയ്ക്ക് ഓടിയോടിത്തളരേണ്ടിവരും. പ്രതിപക്ഷനേതാവും, സ്പീക്കറും, ഭരണകക്ഷിയുടെ ചെയര്‍പേഴ്സണും ഒക്കെ സ്ത്രീവര്ഗമായിട്ടെന്ത്? പത്മിനിമാര്‍ പകല്‍ വെളിച്ചത്തില്‍ മാനം കെടുന്നു, പെണ്‍മൊട്ടുകള്‍ പ്രാകൃത വികാരത്തിന് അടിപ്പെടുന്നു. ഉണ്ടാവണം, ഇതിനൊക്കെ അറുതി. പെണ്ണിന്റെ നേരെ ഉയരാത്ത കൈകളാണ് രാഷ്ട്രത്തിന്റെ അഭിമാനം എന്ന് എല്ലാ തരുണ തേജപാലന്മാരും കരുതുന്നിടംവരെ കാര്യങ്ങള്‍ എത്തണം.
തൊട്ടുകൂട്ടാന്‍
ഓടണം നീയെപ്പോഴും
ശകടത്തില്‍ വന്നിറങ്ങിയാല്‍
ഓടണം കാലുകള്‍ തളരാതെ,
ദേഹം കിതയ്ക്കാതെ, പിന്നോട്ട് നോക്കാതെ,
നില്‍ക്കാതെ, നടക്കാതെ, ഓടണം
അദിത് കൃഷ്ണ. കെ.(എട്ടാം ക്ലാസ്)
കവിത: ചോരക്കണ്ണുകള്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഡിസം. 01)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: