സ്വന്തം ലേഖകന്‍
കോട്ടയം: സര്‍വ്വകലാശാലാ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സമിതിക്ക് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ തുടക്കം. പട്ടികവിഭാഗ മുസ്ലീം പിന്നോക്ക സമുദായങ്ങള്‍ക്ക് ഭരണഘാടനാനുസൃതമായ സംവരണം നിയമനങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് എംജി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചത്. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. ഡോ.പി.കെ.സോമശേഖരനുണ്ണി കണ്‍വീനറും പ്രൊഫ.എന്‍.ജയകുമാര്‍, പ്രൊഫ.സി.എച്ച്. അബ്ദുള്‍ ലത്തീഫ്, പി.കെ.ഫിറോസ് എന്നിവരംഗങ്ങളുമായുള്ള സമിതിയാണ് രൂപീകരിച്ചത്.
സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക വേദികള്‍, പഠനവകുപ്പുകളിലെ ഫാക്കല്റ്റികള്, ഡീന്‍, ഗസ്റ്റ് – കരാര്‍ അദ്ധ്യാപകര്‍, ഗവേഷണ കേന്ദ്രങ്ങളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍. റിസേര്‍ച്ച് ഫെലോസ്,സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടറി പദവികളായ വി.സി., പി.വി.സി., രജിസ്ട്രാര്‍, ഫൈനാന്‍സ് ഓഫീസര്‍മാര്‍, പരീക്ഷാ കണ്ട്രോളര്, ജോയിന്റ്- ഡെപ്യൂട്ടി- അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍, സെക്ഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റുമാര്‍, ലൈബ്രറിയിലെ വിവിധ തസ്തികയിലുള്ളവര്‍, സെക്യൂരിറ്റി ഓഫീസര്‍മാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, ദിവസവേതന ജീവനക്കാര്‍, തുടങ്ങി സമസ്ത മേഖലകളിലും ജോലി ചെയ്യുന്ന പട്ടികവിഭാഗ മുസ്ലീം പിന്നോക്ക സമുദായങ്ങളുടെ പ്രാതിനിധ്യം തുലോം കുറവാണെന്നാണ് പ്രത്യേകസമിതി വേണമെന്ന ആവശ്യമുന്നയിച്ച എംജി സര്‍വ്വകലാശാല എംപ്ലോയീസ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ഭാരവാഹികള്‍ ആരോപിക്കുന്നത്. ഇവരുടെ ആവശ്യത്തെത്തുടര്‍ന്നാണ് സംവരണതത്വം പാലിച്ചിട്ടുണ്ടോയെന്നറിയാന് ഉപസമിതിയെ എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ചത്. എംജി സര്‍വ്വകലാശാലയുടെ ഈ തീരുമാനം സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളിലടക്കം വ്യാപിപ്പിക്കണമെന്നാണ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ഭാരവാഹികളുടെ ആവശ്യം.
സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ സംവരണതത്വം പാലിച്ചാണ് നടപ്പാക്കുന്നതെന്നിരിക്കെ ഓരോ ഡിപ്പാര്‍ട്ടുമെന്റിലെയും ജീവനക്കാരുടെ അംഗസംഖ്യ പ്രത്യേകമെടുത്ത് അതില്‍ മുസ്ലീങ്ങളടക്കമുള്ളവരുടെ അംഗസംഖ്യ കുറവാണെന്ന് വാദിക്കുന്നത് മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ പേരു പറഞ്ഞ് സര്‍വ്വകലാശാലയിലെ നിയമനങ്ങളില്‍ മുസ്ലീം മതവിഭാഗത്തിലുള്ളവരെ കൂടുതല്‍ തിരുകിക്കയറ്റാനുള്ള ശ്രമവും ഇത്തരം ആവശ്യം ഉന്നയിക്കുന്നതിന്റെ പിന്നിലുണ്ടെന്നും ആക്ഷേപമുണ്ട്. എംജി സര്‍വ്വകലാശാലയില്‍ തുടക്കമിട്ട ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണമെന്ന ആവശ്യവും വരും കാലങ്ങളില്‍ ഉയര്‍ന്നുവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: