പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചിയില്‍ സ്വകാര്യ ബസ്സുകള്‍ രാത്രിയിലെ ട്രിപ്പുകള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തി വെക്കുന്നതു മൂലം ജനം ദുരിതത്തില്‍.
പടിഞ്ഞാറന്‍ കൊച്ചിയില്‍നിന്നും എറണാകുളത്തേക്ക് രാത്രി എട്ടുമണിക്കുശേഷം ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ലായെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുമ്പോള്‍ പ്രാദേശിക റൂട്ടുകളായ ഫോര്‍ട്ടുകൊച്ചി-പെരുമ്പടപ്പ്, ഇടക്കൊച്ചി-റൂട്ടുകളില്‍ രാത്രി 10.30 വരെ ബസ്സുകള്‍ക്ക് പെര്‍മിറ്റ് ഉണ്ടെങ്കിലും രാത്രിയിലെ ട്രിപ്പുകള്‍ ഉടമകളുടെ നിര്‍ദ്ദേശാനുസരണം നിര്‍ത്തിവെക്കുകയാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
കൊച്ചി തുറമുഖം, ഷിപ്പ്യാര്ഡ്, നേവല്‍ബേസ് എന്നിവിടങ്ങളിലേക്ക് നൈറ്റ് ഷിഫ്റ്റ് ജോലിക്കുപോകുന്നവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുകയാണ്. മാസങ്ങളായി കുമ്പളങ്ങിയില്‍ നിന്നും രാത്രി 8 നുശേഷം ഒരു ബസ്സുപോലും സര്‍വീസ് നടത്തുന്നില്ല. അതേസമയം രാത്രികാലങ്ങളില്‍ സര്‍വീസ് നടത്തുന്നതിന് തൊഴിലാളികളെ ലഭിക്കാത്തതാണ് സ്വകാര്യ ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെന്ന് ബസ്സുടമാ സംഘടനാ പ്രതിനിധികള്‍ പറയുന്നു.
രാത്രികാലങ്ങളില്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ തൊഴിലാളികള്‍ ജോലി മതിയാക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി. അതേപോലെ രാത്രി കാലങ്ങളില്‍ നിരത്തില്‍ ആളു കുറയുന്നതും ബസ്സ് വ്യവസായത്തിന് തിരിച്ചടിയാണ്. ജോലിയെടുക്കാന്‍ ആളുണ്ടെങ്കില്‍ സര്‍വീസ് നടത്തുവാന്‍ തങ്ങളൊരുക്കമാണെന്നും ബസ്സുടമാ സംഘം നേതാക്കള്‍ ജന്മഭൂമിയോട് പറഞ്ഞു. ചെല്ലാനം, കുമ്പളങ്ങി ഭാഗങ്ങളില്‍നിന്നും ബസ്സുകള്‍ ട്രിപ്പുമുടക്കുന്ന പരാതി നിരന്തരം ഉയരുന്നുണ്ട്.
പകല്‍ സമയങ്ങളില്‍ ആളുകള്‍ കുറയുന്ന സമയത്ത് ബസ്സുകള്‍ പടിഞ്ഞാറന്‍ കൊച്ചിയിലേക്ക് വരാതെ തേവര ഭാഗത്ത് ട്രിപ്പ് നിര്‍ത്തിവെക്കുന്നതായും യാത്രക്കാര്‍ പരാതി ഉയര്‍ത്തുന്നു.
സ്വകാര്യ ബസ്സുകള്‍ നിരന്തരം ട്രിപ്പ് നിര്‍ത്തിവെക്കുന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ ബാബു ജോണ്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ ഇത്തരക്കാരെ കുടുക്കാന്‍ പരിശോധന കര്‍ശനമാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ പരിശോധനക്കായി വിനിയോഗിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: