ലണ്ടന്‍: യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിനും സ്പാനിഷ് ടീം വലന്‍സിയയ്ക്കും ജയം. ടോട്ടനം നോര്‍വെ ടീം ട്രോംസോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും വലന്‍സിയ ഇംഗ്ലീഷ് പ്രതിനിധി സ്വാന്‍സിയെയും 1-0ത്തിനും തോല്‍പ്പിച്ചു. ഇതോടെ രണ്ടു ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന പട്ടത്തോടെ നോക്കൗട്ട് ഉറപ്പിച്ചു.
ഗ്രൂപ്പ് കീയില്‍ ട്രോംസോയ്ക്കെതിരെ വ്യക്തമായ മുന്‍തൂക്കം പുലര്‍ത്തിയിട്ടും വലിയ മാര്‍ജിനിലെ ജയം നേടാന്‍ ടോട്ടനത്തിനായില്ല. ആദ്യ പകുതിയില്‍ ഇംഗ്ലീഷ് പടയെ ഗോളടിക്കാതെ തളച്ചിടാന്‍ ട്രോംസോയ്ക്കായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ അന്ഡ്നാനെ കുസോവിക്കിന്റെ സെല്‍ഫ് ഗോള്‍ ടോട്ടനത്തിന് അപ്രതീക്ഷിത ലീഡ് നല്കി.
63-ാം മിനിറ്റിലായിരുന്നു കുസോവിക്ക് സ്വന്തം വലയില്‍ പന്തുകയറ്റിയത്. 75-ാം മിനിറ്റില്‍ മൗസ ഡെംബലയുടെ സ്ട്രൈക്ക് കൂടി ചേര്‍ന്നപ്പോള്‍ ടോട്ടനം വിജയം ഉറപ്പിച്ചു.
ഗ്രൂപ്പ് എയില്‍ സ്വാന്സിക്കു മുന്നില്‍ വലന്‍സിയ ശരിക്കു വിയര്‍ത്തു. എങ്കിലും ഡാനിയേല്‍ പരേജൊ സ്പാനിഷ് സംഘത്തിന് വിജയ ഗോള്‍ സമ്മാനിച്ചു. അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തതാണ് സ്വാന്‍സിക്ക് വിനയായത്. വലന്‍സിയയെ കീഴടക്കിയെങ്കില്‍ സ്വാന്‍സിക്ക് അടുത്ത റൗണ്ട് ഉറപ്പിക്കാന്‍ കഴിഞ്ഞേനെ. അതേസമയം, ആദ്യ മുഖാമുഖത്തിലെ 3-0ത്തിന്റെ തോല്‍വിക്കു പകരം വിട്ടാന്‍ ജയത്തിലൂടെ വലന്‍സിയയ്ക്കു സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: