കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡും പ്രതിപ്പട്ടികയില്‍. കേസില്‍ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ അഷ്റഫിനെ ആറാം പ്രതിയാക്കി. അഷ്റഫിനെ ആറാം പ്രതിയാക്കണമെന്ന് കാണിച്ച് റവന്യൂ ഇന്റലിജന്റ്സ് നല്കിയ അപേക്ഷ പരിഗണിച്ചാണ് (ഡിആര്‍ഐ) എറണാകുളം സിജെഎം കോടതിയുടെ നടപടി.
കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഷഹബാസില്‍ നിന്നും അഷ്റഫ് പത്ത് കിലോ സ്വര്‍ണം വാങ്ങിച്ചുവെന്ന് അഷ്റഫ് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഷഹബാസിനെ ഡിആര്‍ഐ കസ്റ്റഡിയില്‍ വിട്ടു.
കിലോ കണക്കിന് സ്വര്‍ണം മലബാര്‍ ഗോള്ഡിന് നല്‍കിയെന്നായിരുന്നു ഷഹബാസിന്റെ മൊഴി. ഇതേ തുടര്‍ന്ന് ഡിആര്‍ഐ ഡപ്യൂട്ടി ഡയറക്ടര്‍ ബി ജി കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. ജ്വല്ലറി ശൃംഖലയുടെ സപ്ലൈ മാനേജ്മെന്റ് വിംഗില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതാദ്യമായാണ് ഒരു ജ്വല്ലറിക്കെതിരെ സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്.
എന്നാല്‍, കള്ളക്കടത്ത് സ്വര്‍ണ്ണമോ കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ കയ്യില്‍ നിന്നോ തങ്ങള്‍ സ്വര്‍ണ്ണം വാങ്ങിയിട്ടില്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമകള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മലബാര്‍ ഗോള്‍ഡ് എം.ഡി. എം.പി. അഹമ്മദ് മലബാര്‍ ഗോള്‍ഡ് അനധികൃത സ്വര്‍ണ്ണം കച്ചവടം നടത്തുന്നില്ലെന്ന് അവകാശപ്പെട്ടത്.
തങ്ങള്‍ക്ക് ബിസിനസില്‍ ശത്രുക്കളുണ്ട്. ഷഹബാസിന്റെ മൊഴി കുറ്റവാളിയുടെ മൊഴിയായി മാത്രമേ കണക്കാക്കാനാവൂ. 20 വര്‍ഷമായി സത്യസന്ധമായി കച്ചവടം നടത്തുന്നവരാണ് മലബാര്‍ ഗ്രൂപ്പ്. ഡിആര്‍ഐ വന്നാല്‍ ഇനിയും സഹകരിക്കുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: