കൊച്ചി: പാര്‍ട്ണര്‍ കേരള നിക്ഷേപകസംഗമത്തില്‍ സംസ്ഥാനത്തെ നഗരപ്രദേശങ്ങളുടെ വികസനത്തിന് 2000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്നതായി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസിക്കുന്നതിന് നൂറോളം പദ്ധതികളാണ് വിവിധ നഗരസഭകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയിലെ ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ ഡിസംബര്‍ 19, 20 തിയതികളിലാണ് സംഗമം.
അതിവേഗം വികസിക്കുന്ന നഗരങ്ങളില്‍ അടിസ്ഥാന സൗകര്യവികസനമൊരുക്കാന് പണമില്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നതെന്ന് മഞ്ഞളാംകുഴി പറഞ്ഞു.
60 മുനിസിപ്പാലിറ്റികളും അഞ്ച് കോര്‍പ്പറേഷനുകളും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് വികസന അതോറിറ്റികളുമാണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. അഞ്ച് നിദ്ദേശങ്ങളാണ് കൊച്ചി നഗരസഭ മുന്നോട്ട് വച്ചിരിക്കുന്നത്. ഇടപ്പള്ളിയില്‍ വാണിജ്യ കേന്ദ്രം, കലൂരില്‍ സിറ്റി സെന്റര്‍, കച്ചേരിപ്പടിയില്‍ ഐടി ഹബ് എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
മാലിന്യ സംസ്കരണം, മലിനജല നിര്‍മാര്‍ജ്ജനം, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ബസ് സ്റ്റേഷനുകള്‍, കംഫര്‍ട്ട് സ്റ്റേഷനുകള്‍, പൊതുചന്തകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, കണ്വെന്ഷന് സെന്ററുകള്‍, മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്ററുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, പാര്‍ക്കുകള്‍, നഗര സൗന്ദര്യവത്കരണം, തെരുവുവിളക്കുകളും ഹോര്‍ഡിംഗുകളും എല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സാമ്പത്തികമുള്ള നഗരസഭയ്ക്കും പദ്ധതിയില്‍ പങ്കാളിയാവാം.
700 കോടിയുടെ തൃശൂര്‍ ശക്തന് നഗര്‍ പദ്ധതി, മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ 233.38 കോടി രൂപ ചെലവ് കണക്കാക്കുന്ന ബഹുനില കാര്‍ പാര്‍ക്കിംഗ് കോംപ്ലക്സോടുകൂടിയ ബസ് സ്റ്റാന്‍ഡ് കം മാര്‍ക്കറ്റ്, 113 കോടിയുടെ കണ്ണൂര്‍ മുനിസിപ്പല്‍ മാള്‍ തുടങ്ങിയവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് വികസന അതോറിറ്റിയുടെ പാളയം പുനര്‍വികസന പദ്ധതി(865.6 കോടി), 750 കോടി രൂപയുടെ ബിഗ് ബസാര്‍ ഏരിയ വികസനപദ്ധതി, തിരുവനന്തപുരം വികസന അതോറിറ്റി നിര്‍ദ്ദേശിച്ച ചാല, പാളയം മാര്‍ക്കറ്റ് നവീകരണ പദ്ധതി, കൊല്ലം നഗരത്തിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റ്, 182 കോടിയുടെ വിശാല കൊച്ചി വികസന അതോറിറ്റി നിര്‍ദ്ദേശിച്ച മണപ്പാട്ടിപ്പറമ്പിലെ ഷോപ്പിംഗ് മാള്‍ തുടങ്ങിയവ സംഗമത്തില്‍ പരിഗണിക്കും. ഡിപിആര്‍ നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തം കോര്‍പ്പറേഷനും മുനിസിപ്പാലിറ്റിക്കും ആയിരിക്കും. ആധുനിക രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പണമില്ലാത്തതാണ് തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നഗര വികസന പദ്ധതികളില്‍ വിദേശത്തുള്ളവരോടൊപ്പം തന്നെ ആഭ്യന്തര നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി റോഡ് ഷോ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, നഗരവികസന ഡയറക്ടര്‍ ഇ.ദേവദാസന്, പാര്‍ട്ണര്‍ കേരള സംഗമത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ കബീര്‍ സി.ഹാരൂണ്‍, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്മാന് ജമാല്‍ മണക്കാടന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: