ആണവാക്രമണം ഇന്ന് രാജ്യങ്ങള്‍ക്ക് മുകളില്‍ തൂങ്ങുന്ന ഡമോക്ലീസിന്റെ ഖഡ്ഗമായിത്തീര്ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ ആണവപദ്ധതികള്‍ ഭാഗികമായി മരവിപ്പിക്കാന്‍ ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ ധാരണയിലായത് ആശ്വാസകരമാണ്. ആറു മാസത്തേക്ക് ആണവപദ്ധതികള്‍ നിര്‍ത്തിവെക്കാം എന്ന ധാരണയിലെത്തിയതോടെ പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തിനും താല്‍ക്കാലിക വിരാമമായി. ഇതോടെ ഇറാനെതിരെ ഐക്യരാഷ്ട്രസഭയും പാശ്ചാത്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തിനും അയവുവരുത്തിയേക്കാം.
ഉപരോധത്തിന് ഇളവ് പ്രഖ്യാപിക്കുന്നതിന് പകരം യുറേനിയം സമ്പുഷ്ടീകരണം ഇറാന് വെട്ടിച്ചുരുക്കും. ഇറാന്റെ അണുബോംബ് നിര്‍മിക്കാനുള്ള നീക്കത്തിനാണ് തടയിട്ടിരിക്കുന്നത്. ഇറാന് വിദേശകാര്യമന്ത്രിയും അനാവശ്യ പ്രതിബന്ധങ്ങള്‍ ഒഴിവാക്കാനും പുതിയ ചക്രവാളം തുറക്കാനുമുള്ള അവസരമായി ഇതിനെ കാണുന്നു എന്നു പറയുകയുണ്ടായി. ഇസ്രായേലിന്റെ ഒറ്റപ്പെട്ട പ്രതിഷേധം അന്താരാഷ്ട്ര സമൂഹം ഇറാന് അധികം വിട്ടുവീഴ്ച ചെയ്യുകയാണെന്നായിരുന്നു.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമാണ് ലോകത്തെ ആശങ്കയിലാഴ്ത്തിയത്. നിലവില്‍ ഏഴ് ടണ്‍ സമ്പുഷ്ട യുറേനിയമുള്ളതിന്റെ വീര്യം കുറയ്ക്കാനും കര്‍ശന വ്യവസ്ഥകളോടെ 3.5 ശതമാനം സമ്പുഷ്ടീകരണം നടത്താനും ഇറാന് അനുമതി നല്‍കും. ഇതോടെ യുഎസും ഇറാനും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവന്നു. ഇറാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ഭയം. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഇറാനിലെ അറാക്ക് നഗരത്തിലുള്ള ഘനജല കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവൃത്തി തുടരാനും ഇറാന് അനുമതിയുണ്ട്. പക്ഷെ കേന്ദ്രത്തിലെ ഘനജല റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഇന്ധനം ഉല്‍പാദിപ്പിക്കുന്നതില്‍നിന്നും ഇറാനെ വിലക്കിയിട്ടുണ്ട്. ഒപ്പം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ പുതുതായി സ്ഥാപിക്കുന്നതും വിലക്കിയിട്ടുണ്ട്.
ഇറാന് യുറേനിയത്തില്‍ സമ്പുഷ്ടമായ രാജ്യമാണ്. ഇറാന് ബോംബ് നിര്‍മ്മിച്ചാല്‍ അത് മധ്യപൂര്‍വ ദേശങ്ങള്‍ക്ക് അപകടമായിരിക്കുമെന്ന ധാരണ രൂഢമൂലമാണ്. ഇസ്രായേലും ചില അറബ് രാജ്യങ്ങള്തന്നെയും ഇറാന് ബോംബിനെ അസ്തിത്വ ഭീഷണിയായി പോലും കരുതുന്നു.
ആണവാക്രമണത്തിന്റെ രക്തസാക്ഷിയായി ജപ്പാന് ഇന്നും തുടരുമ്പോള്‍ ഇനിയൊരു അണുബോംബ് സ്ഫോടനം ലോകത്തിന് സങ്കല്‍പ്പിക്കാനാകുന്നില്ല. വഴങ്ങാന്‍ വിസമ്മതിച്ച ഇറാനെതിരെ യുഎന്‍ രക്ഷാസമിതിയും യൂറോപ്യന്‍ യൂണിയനും മുഖേന കര്‍ശന സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ നീണ്ട ശത്രുത പുലര്‍ത്തുന്ന അമേരിക്കയുടെ സാമ്പത്തിക ഉപരോധവും നിലനിന്നിരുന്നു. ഇറാനില്‍ ജനജീവിതം ദുഃസ്സഹമായിരുന്ന സാഹചര്യത്തിലാണ് ജനീവകരാര്‍.
ഉപരോധത്തില്‍ ഇളവുവരുന്നതോടെ ഇറാന് 750 കോടിയുടെ ആശ്വാസം ലഭിക്കും. പകരം ഇറാന് ഉപരോധത്തില്‍ ചെറിയ തോതില്‍ അയവ്, ഇറാന് ആണവപ്രവര്ത്തനത്തില് നിയന്ത്രണപാലനം മുതലായ വ്യവസ്ഥകള്‍ കരാറിലുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം അഞ്ച് ശതമാനം എന്ന പരിധി കടക്കാന്‍ പാടില്ല എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് ഈ പരിധി കടന്നാല്‍ ബോംബുണ്ടാക്കാന്‍ സാധിക്കും എന്നതിനാലാണ്. ഇറാന്റെ ആണവനിലയങ്ങള്‍ ഐഎഇയുടെ പരിശോധനക്ക് തുറന്നുകൊടുക്കണമെന്നും വ്യവസ്ഥയുണ്ട്. ഈ കരാര്‍ കാലാവധി ആറുമാസമാണ്. ഈ കരാറില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുന്നവരും ഉണ്ട്.
ഇസ്രായേലിന്റെ ആരോപണം അന്താരാഷ്ട്ര സമൂഹം ഇറാന് വഴങ്ങി എന്നും ഇറാന് ആണവായുധ നിര്‍മ്മാണം തുടരുമെന്നുമാണ്. അമേരിക്കയിലെതന്നെ വലതുപക്ഷ തീവ്രവാദികളും ഒബാമയെ ഈ കരാറില്‍ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പക്ഷെ ലോകരാജ്യങ്ങള്‍ ഈ കരാറിനെ കാണുന്നത് യുദ്ധത്തിലേക്ക് എത്തിപ്പെടാവുന്ന ഒരു സങ്കീര്‍ണ്ണ പ്രശ്നത്തിന് പരിഹാരം എന്ന നിലയിലാണ്. ഇസ്രായേലാകട്ടെ ചരിത്രപരമായ അബദ്ധമായിട്ടും.
എണ്ണയുടെ ഉപരോധത്തില്‍ അയവുവരുത്താത്തതിനാല് ഈ കരാര്‍ ഇന്ത്യക്ക് പ്രയോജനകരമല്ല. പരിമിതമായ അളവിലേ എണ്ണ ഇറക്കുമതി സാധ്യമാകുകയുള്ളൂ എന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. 2012 ല്‍ 25 ലക്ഷം ബാരല്‍ എണ്ണ വിറ്റിരുന്ന ഇറാന് ഇന്ന് അത് 10 ലക്ഷം ബാരലായി കുറച്ചു. ഇന്ത്യ നേരത്തെ 181 ലക്ഷം ഇറക്കുമതി ചെയ്തിരുന്നത് 2013 ആയപ്പോള്‍ 183 ലക്ഷമായി കുറഞ്ഞു.
പക്ഷെ ഇറാനും ലോകശക്തികളും തമ്മിലുള്ള ധാരണയായതോടെ ലോകത്ത് ഇറാന് യുറേനിയ സമ്പുഷ്ടീകരണത്തെപ്പറ്റി നിലനിന്നിരുന്ന ആശങ്കകള്‍ക്ക് അയവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: