തിരുവനന്തപുരം: ഹാരിസണ്‍ മലയാളം വ്യാജരേഖ ചമച്ച് കൈയേറിയ ഭൂമി വില്‍പ്പന നടത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് എസ്റ്റേറ്റുകള്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഹാരിസണിന്റെ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്ന് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
ഹാരിസണ്‍ കമ്പനിയോ അവര്‍ ചുമതലപ്പെടുത്തുന്നവരോ ഹാജരാക്കുന്ന രേഖകള്‍ രജിസ്റ്റര്‍ ചെയ്യരുത്. എസ്റ്റേറ്റ് മാപ്പുകള്‍ മരവിപ്പിക്കണമെന്നും ഹാരിസണ്‍ ഭൂമികള്‍ റീസര്‍വേ ചെയ്യണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചു.
വ്യാജരേഖ നിര്‍മിച്ചത് ഇംഗ്ലണ്ടിലാണെന്നും വിദേശത്ത് നിര്‍മിച്ച രേഖയില്‍ കമ്പനി വീണ്ടും കൃത്രിമം നടത്തിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. വ്യാജരേഖ കോടതിയില്‍ ഹാജരാക്കി കമ്പനി രാജ്യത്തിന്റെ പരമാധികാരം ലംഘിച്ചെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജോണ്‍ മെക്കെ എന്ന സായിപ്പ് വിറ്റയാള്‍ക്ക് വേണ്ടിയും വാങ്ങിയയാള്‍ക്ക് വേണ്ടിയും ഒപ്പുവച്ച് ചമച്ചിരിക്കുന്ന 1600/1923 എന്ന വ്യാജരേഖ ഉപയോഗിച്ചാണ് ഹാരിസണ്‍ മലയാളം കേരളത്തിലെ എല്ലാ ഭൂമി ഇടപാടുകളും കൈയേറ്റവും നടത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് അനധികൃത കൈമാറ്റങ്ങളധികവും. എസ്റ്റേറ്റുകള്‍ വിറ്റത് ലണ്ടനിലെ ഗ്രേറ്റ് ടവര്‍ സ്ട്രീറ്റിലുളള ദി മലയാളം റബര്‍ ആന്റ് പ്രോഡ്യൂസേഴ്സ് എന്ന കമ്പനിയാണ്. വാങ്ങിയതാവട്ടെ അതേ അഡ്രസ്സിലുളള മലയാളം പ്ലാന്റേഷണ്സ് ലിമിറ്റഡ്.
1920കളില്‍ തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്നത് ദീര്‍ഘവൃത്താകൃതിയില്‍ മുദ്ര പതിപ്പിച്ച മുദ്രപ്പത്രങ്ങളായിരുന്നു. എന്നാല്‍, മെക്കെയുടെ ഇംഗ്ലീഷിലുളള വ്യാജരേഖ ഡയമണ്ഡ് ആകൃതിയിലുളള മുദ്രപ്പത്രത്തിലാണ്. തിരുവിതാംകൂര്‍ രാജമുദ്രയായ വലംപിരി ശംഖിന് പകരം ജോണ്‍ ബ്രിക്കിണ്സണ് കമ്പനിയെന്നാണ് വാട്ടര്‍മാര്‍ക്ക്. സാക്ഷികളുടെ ഒപ്പും ഇതിലില്ല. 53 പേജുളള ഈ വ്യാജരേഖയില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തി 106 പേജുളള വ്യാജ രേഖ വീണ്ടും ചമച്ചായിരുന്നു എസ്റ്റേറ്റിന്റെ വില്‍പ്പന. 54ാം പേജില്‍ വരികള്‍ക്കിടയില്‍ 1030 ഏക്കര്‍ പതിനൊന്ന് സെന്റ് എന്ന് മറ്റൊരാളുടെ കൈപ്പടയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
തെന്മല വില്ലേജില്‍ 874 വരെ മാത്രമേ സര്‍വേ നമ്പറുകള്‍ ഉളളു. എന്നാല്‍, 875 മുതല്‍ 892 വരെയുളള സര്‍വേ നമ്പരുകള്‍ കമ്പനി റവന്യൂ സര്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിച്ച് ഭൂമി കൈയേറി. തിരുവിതാംകൂര്‍ മഹാരാജാവ് പാട്ടത്തിന് നല്‍കിയതാണ് ഈ എസ്റ്റേറ്റുകളെന്ന് മലയാളത്തിലുളള യഥാര്‍ഥ രേഖയിലുണ്ട്. ഈ വസ്തുതകളും വസ്തുവിന്മേല് ഹൈക്കോടതിയിലുളള കേസുകളും മറച്ചുവച്ചായിരുന്നു എസ്റ്റേറ്റുകളുടെ വില്‍പ്പന. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുളളസാധ്യത മുന്നില്‍കണ്ട് വിപണി വിലയിലും വളരെ കുറഞ്ഞവിലയ്ക്ക് എസ്റ്റേറ്റുകള്‍ വിറ്റുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സെന്‍ട്രല്‍ സര്‍വേ ഓഫിസിലെ ഹാരിസന്റെ മാപ്പുകളും കമ്പനിയുടെ താല്‍പ്പര്യത്തിനായി ചമച്ചതാണ്. മാപ്പുപയോഗിച്ച് സെറ്റില്‍മെന്റ് രജിസ്റ്റര്‍ തണ്ടപ്പേര് രജിസ്റ്റര്‍ ബേസിക്ക് ടാക്സ് രജിസ്റ്റര്‍ എന്നിവയും വ്യാജമായുണ്ടാക്കിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: