വിശേഷബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ച് തന്റെ ചുറ്റുപാടും കാണപ്പെടുന്ന ജഗത്ത് എന്നും ചോദ്യചിഹ്നത്തെ ഉയര്‍ത്തിയിട്ടുണ്ട്. വൈവിധ്യപൂര്‍ണമായി കാണപ്പെടുന്ന ഈ ജഗത്തിന്റെ അടിസ്ഥാന കാരണം എന്തെന്നും ഏതൊരു ശക്തി വിശേഷത്തിന്റെ നിയന്ത്രണത്തിന് വിധേയമായിട്ടാണ് ഇതെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും ഇപ്രകാരം ചിന്തിക്കുന്ന താനാരാണെന്നും ഒക്കെ എന്നും മനുഷ്യന് ജിജ്ഞാസുവായിട്ടുണ്ട്. അന്വേഷിക്കുവാനും കണ്ടെത്താനും ഉള്ള സവിശേഷതയാണ് മനുഷ്യനുള്ളത്. ജിജ്ഞാസക്ക് സമാധാനം കണ്ടെത്തുംവരെ മനുഷ്യന് അന്വേഷിക്കുക തന്നെ ചെയ്യും. മനുഷ്യന്റെ ഈ സത്യജിജ്ഞാസയും അതിനുത്തരം കണ്ടെത്താനുള്ള അന്വേഷണവും തത്വദര്‍ശിയായ ഗുരുവിനെ കണ്ടെത്തി ജിജ്ഞാസയെ പ്രകടമാക്കുന്നതും നിരന്തരമായ തപസ്യയിലൂടെ സത്യദര്‍ശനത്തെ നേടുന്നതുമെല്ലാമാണ് ഉപനിഷത്തുക്കളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഉപനിഷദ് വിചാരയജ്ഞം മുപ്പത്തിയെട്ടാം ദിവസം പ്രശ്നോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരിസ്വാമി.
അഥര്വ്വവേദീയമായ പ്രശ്നോപനിഷത്ത് സത്യജിജ്ഞാസുക്കളുടെ പ്രശ്നങ്ങളും അവയ്ക്ക് സത്യദ്രഷ്ടാവായ മഹര്‍ഷിയുടെ ഉത്തരങ്ങളും നമ്മുടെ മുമ്പില്‍ വര്‍ണ്ണിക്കുകയാണ് ചെയ്യുന്നത്. സൂക്ഷ്മതത്വങ്ങളെ അന്വേഷിക്കുവാനും കണ്ടെത്തുവാനും ചിട്ടയായ ജീവിതക്രമീകരണങ്ങളിലൂടെ നാം ചരിക്കേണ്ടതും ഏകാഗ്രതയെ വളര്‍ത്തേണ്ടതും ഉണ്ട്. സമ്പ്രദായ ശുദ്ധിയോടെ ഗുരുവില്‍നിന്ന് നേടേണ്ടതാണ് വിദ്യ. വിദ്യാര്‍ജനം അതിമഹിമയാര്ന്ന തപസ്സാണ്. തപസ്സിലൂടെയേ സൂക്ഷ്മവിഷയകമായ വിദ്യ നേടാനാവൂ എന്ന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: