പിന്കെട്ടിലുള്ള പദാര്‍ത്ഥങ്ങളെക്കുറിച്ച് വിശദീകരിക്കാം. ഇന്നത്തെ രീതിയിലുള്ള ശബരിമലയാത്രയല്ലായിരുന്നുപണ്ട്. ഇന്നുപോയാല്‍ ഇന്നുതന്നെയോ നാളയെ മടങ്ങിയെത്തുന്ന രീതി പണ്ടില്ലായിരുന്നു. എട്ടോ ഒന്‍പതോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യജ്ഞമായിരുന്നു പണ്ട് ശബരിമലയാത്ര. തിരിച്ചെത്തിയാല്‍ എത്തിയെന്നുപറയാം എന്ന തരത്തിലുള്ള സാഹസികയാത്ര. ഇപ്പോഴത്തെപ്പോലെ ഹോട്ടലുകളോ ഭക്ഷണശാലകളോ നിലവിലുണ്ടായിരുന്നില്ല. വിശപ്പകറ്റാന്‍ സ്വയം പാചകം തന്നെ. അതിനുള്ള വസ്തുക്കളായിരുന്നു പ്രധാനമായും പിന്‍കെട്ടില്‍ കരുതുക. കുത്തിയ അരി, ചമ്മന്തിപ്പൊടി, പപ്പടം ഇവ പ്രധാനം.
പാചകത്തിനുള്ള കലം, കത്തി ഇവയും കരുതും. കാട്ടില്‍ കല്ലുകൂട്ടി അടുപ്പുണ്ടാക്കി, കഞ്ഞിവച്ച് പപ്പടം ചുട്ടതും ചമ്മന്തിപ്പൊടിയും ചേര്‍ത്ത് സുഖമായ കഞ്ഞികുടി. വിശ്രമത്തിനുള്ള തഴപ്പായ, പുല്‍പ്പായ ഇവയിലൊന്നില്‍ പുതയ്ക്കാന്‍ ഒരു ജമക്കാളവും കരുതും.
എരുമേലിയില്‍ പേട്ടകെട്ടി – മലചവിട്ടുമ്പോള്‍ പമ്പാസദ്യയ്ക്കുള്ള കോപ്പുകള്‍ വാങ്ങിക്കരുതും. മകരവിളക്കുകാലത്ത് പമ്പയില്‍ വിശദമായ കമ്പോളങ്ങള്‍ അക്കാലത്തുതന്നെ നടത്തിയിരുന്നു. പമ്പാസദ്യയ്ക്കുള്ള വസ്തുവകകള്‍ അന്നേദിവസം അവിടെ നടന്നു വാങ്ങുന്നപതിവും ഉണ്ടായിരുന്നു.
ശബരിമലയാത്രികന് ഇത്രയും വസ്തുക്കള്‍ തന്റെ ഇരുമുടിയുടെ പിന്‍കെട്ടില്‍ കരുതിയാണ് മലയാത്ര ചെയ്തിരുന്നത്. സന്നിധാനത്തെത്തി ദര്‍ശനം നടത്തുന്നതുവരെയേ ഇരുമുടിക്ക് സ്ഥാനമുള്ളൂ. ദര്‍ശനപുണ്യം നേടിക്കഴിഞ്ഞാല്‍ ഇരുമുടി ഭഗവാന്റെ പ്രസാദം നിറച്ച ഒരുമുടിയായിത്തീരും. ഇതുമായിട്ടാണ് ഭക്തന്മാര് മലയിറങ്ങുക.
– വി.സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: