ബ്രിസ്ബെയ്ന്‍: ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 381 റണ്‍സുകള്‍ക്ക് നിലംപരിശാക്കി ആഷസിലെ പ്രതികാര കര്‍മ്മങ്ങള്‍ക്ക് ഓസ്ട്രേലിയ ഉജ്ജ്വല തുടക്കമിട്ടു. 561 എന്ന കൂറ്റന്‍ ലക്ഷ്യംതേടിയ ഇംഗ്ലണ്ടിനെ നാലാം ദിനം വെറും 179 റണ്‍സിന് എറിഞ്ഞിട്ടാണ് കങ്കാരുക്കള്‍ വിജയം ആഘോഷിച്ചത്.
അഞ്ചു വിക്കറ്റ് പിഴുത പേസര്‍ മിച്ചല്‍ ജോണ്സന് ഓസീസിന്റെ ഹീറോ. ആദ്യ ഇന്നിങ്ങ്സിലെ നാലു വിക്കറ്റും അര്‍ധ ശതകവുമൊക്കെ സ്വന്തംപേരില്‍ ചേര്‍ത്ത ജോണ്സണ് കളിയിലെ കേമനുമായി. പത്തു ടെസ്റ്റുകള്‍ക്കിടെ ഓസ്ട്രേലിയ നേടുന്ന ആദ്യ ജയമാണിത്; 2010ല്‍ പെര്‍ത്തില്‍ കൈവരിച്ചതിനുശേഷമുള്ള കന്നി ആഷസ് വിജയവും. സ്കോര്‍: ഓസീസ്- 295, 401/7 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട്-136, 179.
തോല്‍വി ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഇംഗ്ലീഷ് പടയ്ക്ക് കാര്യമായ ചെറുത്തു നില്പ്പിനു സാധിച്ചില്ല. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് നടത്തിയ (65) നടത്തിയ പോരാട്ടം മാത്രമേ സന്ദര്‍ശകര്‍ക്ക് നല്ല ഓര്മയായുള്ളു. രണ്ടു വിക്കറ്റുകളുടെ നഷ്ടവുമായി നാലാം ദിവസം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് നൂറാം ടെസ്റ്റ് കളിക്കുന്ന കെവിന് പീറ്റേഴ്സന്റെ (26) സേവനമാണ് ആദ്യ നഷ്ടമായത്.
ജോണ്‍സനായിരുന്നു കെപിയുടെ അന്തകന്‍. 32 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ പീറ്റര്‍ സിഡിലും കൂടാരത്തിലെത്തിച്ചു. സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പന്തില്‍ കുക്ക് ബ്രാഡ് ഹാഡിന്റെ ഗ്ലൗസില്‍ ഒതുങ്ങിയതോടെ ഇംഗ്ലണ്ട് അതിവേഗം പരാജയ മുഖത്തെത്തി. അടുത്ത ആറു റണ്‍സിനിടെ മാറ്റ് പ്രിയോര്‍ (4), സ്റ്റ്യുവര്‍ട്ട് ബ്രോഡ് (4), ഗ്രയിം സ്വാന് (0) എന്നിവര്‍ ക്രീസ് ഒഴിഞ്ഞു. ക്രിസ് ട്രംലറ്റ് (7) ഋയാന്‍ ഹാരീസിനെ നമിച്ചു. ഒടുവില്‍ ജയിംസ് ആന്‍ഡേഴ്സനെ (2) സ്വന്തം പന്തില്‍ പിടിച്ച് ജോണ്സന് തന്നെ ഇംഗ്ലണ്ടിന് അന്ത്യകൂദാശ ഒരുക്കി. ജോ റൂട്ട് (26) പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: