ഭോപ്പാല്‍: മധ്യപ്രദേശിന്റെ എറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാണിപ്പോള് ഭോജ്പൂര്. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള അതിമനോഹരമായ സ്ഥലം.
11-ാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ട ഭോജ്പൂര് മധ്യേന്ത്യയുടെ ചരിത്രത്തിലെ അടിസ്ഥാനശിലകള്‍ പാകപ്പെട്ട ഇടമാണ്. ഈ നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന ബെട്വ നദി പഴമയുടെ സൗന്ദര്യം ഈ നഗരത്തിന് പകരുന്നു.
ലോകത്തിലെ എറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ബോജേശ്വര്‍ ക്ഷേത്രമാണ് ഇവിടുത്തെ വലിയ ആകര്‍ഷണം.വാസ്തുവിദ്യയില്‍ തല്പരരായവര്ക്കും, അല്ലാത്തവരും കണ്ടിരിക്കേണ്ടുന്ന നിര്‍മ്മിതിയാണ് ക്ഷേത്രം. പാണ്ഡവ മാതാവ് കുന്തിയുടെ അച്ഛന് ഭോജരാജാവ് പണിയിച്ചതാണ് ഈ ക്ഷത്രം. കുന്തിക്ക് പൂജചെയ്യാനാണ് 18 അടിയിലുള്ള ശിവലിംഗം നിര്‍മ്മിച്ചത്. അതുപുരാണം. ചരിത്രത്തില്‍ മുഗളന്മാര് തകര്‍ത്ത നിരവധി ക്ഷേത്രങ്ങളില്‍ ഒന്നുമാത്രമായി ഇതുമാറി
ഒ. രാജഗോപാല്‍ മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിന്ന കാലം. ശിവരാത്രി ദിവസം ദര്‍ശനത്തിനായി ഇവിടെയെത്തി. കേടുപാടു പറ്റിയ ശിവലിംഗം, പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രം. പുരാണവും ചരിത്രവും സംയോജിക്കുന്ന സ്ഥലത്തിന്റെ അവസ്ഥ കണ്ട് വിഷമം തോന്നി. സ്ഥലം എംഎല്‍എ കൂടിയായ മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്വയോട് കാര്യം പറഞ്ഞു. ക്ഷേത്രത്തെ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമായും പ്രദേശത്തെ മുഴുവന്‍ വിനോദസഞ്ചാര മേഖലയാക്കിമാറ്റുമുള്ള ആശയം കൈമാറി. പിന്നീട് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മിതി അതിവേഗത്തിലായിരുന്നു. പഴമക്ക് പോറല്‍ ഏല്ക്കാതെതന്നെ കേടുപാടുകള്‍ തീര്‍ത്തു. ഒപ്പം പ്രദേശത്തെ ടൂറിസം വികസനത്തിനായി പ്രത്യക പദ്ധതി ആവിഷ്ക്കരിച്ചു.
ഇന്ന് ആയിരങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമാണ ബോജേശ്വര്‍ ക്ഷേത്രം. ഇതിനെ ചുറ്റിപ്പറ്റി പ്രദേശത്തെ ടൂറിസവും വളര്‍ന്നു.
ബെട്വ നദിക്ക് കുറുകെ ഭീമാകാരന്മാരായ കല്ലുകള്‍ കൊണ്ട് പണിത രണ്ട് അണക്കെട്ടുകള്‍ ആശ്ചര്യം പകരുന്നതാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഡാമുകള്‍ നദിയെ ഒരു തടാകമാക്കി മാറ്റുന്നു.
ഇവിടെയുള്ള രണ്ട് വലിയ ഡാമുകള്‍ ഒരു കാഴ്ചതന്നെയാണ്.
ഇവിടെയുള്ള ക്വാറിയില്‍ കൈകൊണ്ട് കല്ലില്‍ കൊത്തിയെടുത്ത രൂപങ്ങള്‍ കാണാം. ഏതൊരു ചരിത്രപ്രാധാന്യമുള്ള സ്ഥലത്തും പഴയകാലസംസ്കൃതികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാവും. എന്നാലിവിടെ ഒരിക്കലും പൂര്‍ത്തിയാകാത്ത നിര്‍മ്മാണങ്ങളും കാണാനാകും.
ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് വിനോദസഞ്ചാര വികസനത്തിനായി മാറ്റിവെച്ചത്. വിനോദസഞ്ചാര വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലും പറയുന്നു. എങ്കില്‍ ഭോജ്പൂരിന്റെ വികസനം വമ്പിച്ചതായിരിക്കും. അപ്പാള്‍ ഭോജരാജാവിനേയും കുന്തിയേയും കൂടാതെ ഒരാളെക്കൂടി ഭോജ്പ്പൂരുകാര് ഓര്‍ക്കും. ഒ. രാജഗോപാലിനെ. മാറ്റത്തിന് കാരണക്കാരനായ വ്യക്തിയെ.
മധ്യപ്രദേശില്‍നിന്ന് മന്ത്രിയായിട്ട് ആ സംസ്ഥാനത്തിനായി എന്തു ചെയ്തു എന്ന ചോദ്യത്തിന് രാജഗോപാലിന് പറയാനുണ്ടായിരുന്ന പല കാര്യങ്ങളില്‍ ഒന്ന് ബോജേശ്വര്‍ ക്ഷേത്രത്തെക്കുറിച്ചും ആയിരുന്നു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: