പെണ്ണുങ്ങളെന്താ തെങ്ങിന്മേല് കയറാത്തത് എന്ന പുരുഷ മേധാവിത്വ ചോദ്യത്തിന് പെണ്മയുടെ മറുപടിയാണ് മാര്‍ട്ടിന. തെങ്ങ് പരിചരണം വഴി തെങ്ങിന്റെ ഡോക്ടര്‍ എന്നുകൂടി അറിയപ്പെടുന്ന മെയിലം താമരക്കുടി കുറ്റിവിളവീട്ടില്‍ മാര്‍ട്ടിന (29)യാണ് ആണുങ്ങളെ വെല്ലുന്ന രീതിയില്‍ തെങ്ങുകയറി ചരിത്രം കുറിക്കുന്നത്. മാര്‍ട്ടീനയുടെ പറമ്പില്‍ തേങ്ങയിടാന്‍ വന്ന തെങ്ങുകയറ്റക്കാരന് കൂലിക്കൊപ്പം ഒരുകുപ്പി മദ്യംകൂടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ തേങ്ങയിടില്ല എന്നുപറഞ്ഞു. ആണുങ്ങളുടെ പണിയാണിതെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഈ വെല്ലുവിളിയാണ് മാര്‍ട്ടിനയെ തെങ്ങുകയറ്റക്കാരിയാക്കിയത്. ഉടന്‍ തന്നെ മാര്‍ട്ടിന സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തെങ്ങുകയറ്റ പരിശീലന ക്ലാസിന് ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കി മാര്‍ട്ടീന സൗജന്യ തെങ്ങുകയറ്റ യന്ത്രവും സ്വന്തമാക്കി.
ഡ്രൈവിംഗ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി വരികയായിരുന്നു അതുവരെ മാര്‍ട്ടിന. ഈ യന്ത്രം ഉപയോഗിച്ച് നൂറില്‍പ്പരം തെങ്ങുകളില്‍ ഒരുദിവസം ഇപ്പോള്‍ മാര്‍ട്ടിന കയറും. ഒരു തെങ്ങിന് 25 രൂപക്ക് മേലാണ് ഈടാക്കുന്നത്. ശരാശരി ഒരു ദിവസം 1500 രൂപക്ക് മേലാണ് മാര്‍ട്ടിനയുടെ വരുമാനം. വൈ എം സി കൊട്ടിയം, നീണ്ടകര ശ്രേയസ്, ചങ്ങാതിക്കൂട്ടം, താമരക്കുടി ശിവവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങി അനവധി സ്കൂളുകളിലും മാര്‍ട്ടിന തെങ്ങുകയറ്റ പരിശീലന ക്ലാസ് എടുക്കുന്നുണ്ട്. തേങ്ങയിടുന്നതിനൊപ്പം തെങ്ങിന്റെ തലപ്പ് വൃത്തിയാക്കല്‍, രോഗ-കീടബാധ മനസിലാക്കല്‍ തുടങ്ങി തെങ്ങുപരിപാലന ക്ലാസും നല്കിയിട്ടേ മാര്‍ട്ടിന മടങ്ങാറുള്ളൂ. നാളീകേര വികസന ബോര്‍ഡ് നല്കിയ ഇരുചക്ര വാഹനത്തിലാണ് മാര്‍ട്ടിന തേങ്ങയിടാന്‍ പോകുന്നത്. ഇവര്‍ പരിശീലനം നല്കിയ അന്‍പതോളം സ്ത്രീകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തേങ്ങയിടുന്നുണ്ട്. മാര്‍ട്ടിനയെ മാതൃകയാക്കി അനവധി സ്ത്രീകള്‍ ഇപ്പോള്‍ ഈ തൊഴിലിനെത്തി തുടങ്ങിയിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ശാസ്ത്രോപദേശക സമിതി യോഗം മാര്‍ട്ടിനയെ മികച്ച ട്രെയിനര്‍ക്കുള്ള പുരസ്കാരം നല്കി ആദരിച്ചിരുന്നു.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: