കൊച്ചി: നഗരം കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകി. മഴ ഭീഷണി ഒഴിവായി തെളിഞ്ഞ ആകാശത്തിനു കീഴെ നടന്ന ഇന്ത്യ-വെസ്റ്റിന്റീസ് ഏകദിന പോരാട്ടം കാണാന്‍ ആരാധകരുടെ കുത്തൊഴുക്കായിരുന്നു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ മത്സരം ആരംഭിക്കുന്നതിന് മുന്‍പു തന്നെ ടീം ഇന്ത്യയുടെ ജേഴ്സിയണിഞ്ഞ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിന് ചുറ്റും നൃത്തം വച്ചത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ആരാധകരുടെ സച്ചിന് മാനിയ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ഇന്നലെ കൊച്ചിയിലെത്തിയവര്‍ തെളിയിച്ചു. നമ്പര്‍10, ടെണ്ടുല്‍ക്കറെന്ന് എഴുതി ദേഹം മുഴുവന്‍ ത്രിവര്‍ണം പൂശി ഒരുപാട് സുധീറുമാര്.. വി മിസ് യു സച്ചിന് എന്നെഴുതിയ ടീ-ഷര്‍ട്ടും ബാനറുകളുമായി ഇതിഹാസ താരത്തെ ഓര്‍ക്കുന്നവര്‍.. ഗ്യാലറയില്‍ നിറഞ്ഞ ബാനറുകളില്‍ പകുതിയും സച്ചിനെ കുറിച്ചുള്ളവയായിരുന്നു. ചുരുക്കി പ്പറഞ്ഞാല് കളിക്കളത്തിലിറങ്ങിയവര് സച്ചിന് തരംഗത്തില്‍ നിഷ്്പ്രഭരായി.
സച്ചിന് കഴിഞ്ഞാല്‍ ഇന്ത്യന്‍ നായകന് ധോണിയായിരുന്നു ആരാധകരുടെ ഇഷ്ടതാരം. സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി വാങ്ങാന്‍ ഏറെ തിരക്കായിരുന്നു. കുട്ടികളുടേതിന് 150 ആണെങ്കില്‍ മുതിര്‍ന്നവരുടെ ജേഴ്സിക്ക് 200 രൂപയാണ് വില. കൂടാതെ ഇന്ത്യയുടെയും വെസ്റ്റിന്റീസിന്റെയും പല ആകൃതിയിലുള്ള തൊപ്പികള്‍ വാങ്ങുവാനും ആവശ്യക്കാര്‍ ഏറെയാണ്. ഇവയ്ക്ക് പുറമെ പല നിറത്തിലുള്ളതും മുള്ളന്‍ പന്നിയുടെ ആകൃതിയുള്ളതുമായ തൊപ്പികള്‍ വ്യത്യസ്ത കാഴ്ച്ചയായി. ബുധനാഴ്ച 20 രൂപയുണ്ടായിരുന്ന തൊപ്പിക്ക്് ഇന്നലെ 200 രൂപ വരെ വില്‍പ്പനക്കാര്‍ ഈടാക്കി. ഇതിന് പുറമെ ഇന്ത്യന്‍ ദേശീയ പതാകയുടെ മൂന്ന് നിറവും ബ്രഷുമായി ചുറ്റുന്നവരും നിരവധി. ആവശ്യക്കാര്‍ സമീപിക്കുന്നതും പുരുഷന്മാരായ സുഹൃത്തുകള്‍ എത്തി ആവശ്യക്കാരന് ചായം പൂശും . പത്തുരൂപ നഷ്ടം മറന്ന് കിട്ടിയ പണിയുമായി പോയവര്‍ നിരവധി.
പ്രത്യേകതരം ശബ്ദം ഉണ്ടാക്കുന്ന വിസിലുകളും വിപണിയില്‍ ശ്രദ്ധ നേടി. പത്തു രൂപയുടെയും 30 രൂപയുടെയും വിസിലിന് കൂടുല്‍ ചിലവുള്ളതായി സ്റ്റേഡിയത്തിലെ ശബ്ദങ്ങള്‍ സൂചിപ്പിക്കുന്നു. നീലക്കടലില്‍ നിന്ന് എളുപ്പം ശ്രദ്ധ കിട്ടാനായി ചിലര്‍ തത്്ക്കാലത്തേക്കെങ്കിലും വിന്റീസുകാരായി. ആവേശം തത്സമയം ഒപ്പിയെടുക്കുവാനായി സ്റ്റേഡിയത്തിനു മുന്നില്‍ കാത്തു നിന്ന ചാനലുകളുടെ ഒ.ബി വാനുകള്‍ക്കു മുമ്പിലായിരുന്നു എല്ലാവരുടെയും ആടിത്തകര്ക്കല്.
കളി തുടങ്ങുന്നതിന് മുമ്പ് തന്നെ കലൂര്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. എവിടെ നോക്കിയാലും ഇന്ത്യന്‍ പതാകകള്‍ മാത്രം. ഇരുകവിളുകളിലും നെറ്റിയിലും ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തേച്ചുപിടിപ്പിക്കാനും സ്റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് പ്രേമികള്‍ മല്‍സരിച്ചു. രാവിലെ 10.30ന് മാത്രമേ കാണികളെ അകത്തേക്ക് കടത്തുകയുള്ളു എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അതിരാവിലെ തന്നെ സ്റ്റേഡിയത്തിലേക്ക് കടക്കാനുള്ള ക്രിക്കറ്റ് പ്രേമികളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെ 10 മണിക്ക് തന്നെ പ്രവേശനം തുടങ്ങി. ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ ബുധനാഴ്ച്ച രാത്രി തന്നെ സ്റ്റേഡിയത്തിന് പുറത്തെത്തി തമ്പടിച്ചിരുന്നു. ചെറു സംഘങ്ങളായി തിരിഞ്ഞ് ബാന്റുമേളവും ചെണ്ടയും വിസിലും കരഘോഷങ്ങളുമായി യുവാക്കള്‍ സ്റ്റേഡിയത്തിന് പുറത്ത് ആവേശം വിതറി.
ടോസിടാനായി ധോണിയെത്തിയതും കൊച്ചി സ്റ്റേഡിയം ഇളകി മറിഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ കൈയില്‍ പന്ത് കിട്ടിയത് സ്റ്റേഡിയം ആവേശത്തോടെയാണ് എതിരേറ്റത്. ഗെയിലിനെ ആടിത്തിമിര്‍ക്കാന്‍ വിടാതെയുള്ള ഭുവനേശ്വറിന്റെ സ്റ്റംബിങ്ങോടെ ട്രമ്മിന്റെയും ചെണ്ടയുടെയും ആരവത്തില്‍ സ്റ്റേഡിയം മുങ്ങി. വെസ്റ്റിന്റീസിന്റെ ഓരോ വിക്കറ്റും കാണികളില്‍ ആവേശത്തിന്റെ പറുദീസ തീര്‍ത്തു. സ്റ്റേഡിയത്തിന് ചുറ്റും തിരമാല കണക്കെ കാണികള്‍ തുടര്‍ച്ചയായി ചങ്ങല പോലെ കൈകള്‍ ഉയര്‍ത്തിയത് അക്ഷരാര്‍ത്ഥത്തില്‍ നീലക്കടല്‍ ഇരമ്പി ആഞ്ഞടിക്കുന്ന അനുഭൂതി പരത്തി. രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങ്ങ് പ്രകടനവും കൂടിയായതോടെ കളികാണാന്‍ എത്തിയവര്‍ക്ക് നിരാശരാകാതെ മടങ്ങുവാനുമായി.ഏതായാലും കൊച്ചി ഇരമ്പുകയാണ് -ക്രിക്കറ്റ് ആവേശത്താല്‍…
എസ്.ജെ. ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: