കൊച്ചി: ക്രിക്കറ്റ് ദൈവത്തിന്റെ പേരില്‍ ദൈവത്തിന്റെ സ്വന്തം നാട് സമര്‍പ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി പവലിയന്റെ ഉദ്ഘാടനം ടീം ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി നിര്‍വഹിച്ചു. ഇന്നലെ രാവിലെ പരിശീലനത്തിനിറങ്ങുന്നതിന് മുമ്പാണ് ധോണി പവലിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സച്ചിന്റെ ചിത്രങ്ങളും വിവരണങ്ങളും ഒപ്പം നേട്ടങ്ങളുടെയും ഒരു ഓര്‍മ്മപ്പെടുത്തലും കൂടിയാണ് സച്ചിന് പവലിയന്.
നീല നിറത്തിലെ ക്യാപ്പും സഹാറാ എന്നെഴുതിയ ചാരനിറത്തിലുള്ള ജഴ്സിയും അണിഞ്ഞാണ് ക്യാപ്റ്റന്‍ ധോണി ഉദ്ഘാടനത്തിനെത്തിയത്. പഞ്ചവാദ്യത്തിന്റെ താളത്തോടൊപ്പം നൂറുകണക്കിന് ആരാധകരുടെ കരഘോഷങ്ങളുമാണ് ധോണിയെ സ്വീകരിച്ചത്. ഉദ്ഘാടനത്തിന് മുമ്പ് എറണാകുളം വടുതലയിലെ ചാള്‍സ് ആന്റണിയുടെ മറഡോണയെക്കുറിച്ചുള്ള ഗാനത്തോടൊപ്പം ഗിത്താറിന്റെ താളവും ചേര്‍ന്നപ്പോള്‍ അത് കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ആനന്ദകരമായി. സച്ചിന് ടെണ്ടുല്‍ക്കര്‍ പവലിയന് എന്നെഴുതിയ കൂറ്റന്‍ എന്‍ട്രി ബോര്‍ഡും ഉള്ളിലെ സച്ചിന്റെ ചിത്രവുമാണ് ധോണി അനാച്ഛാദനം ചെയ്തത്. ഉദ്ഘാടന ശേഷം ധോണി പവലിയന് സന്ദര്‍ശിച്ച ധോണി അവിടെ വച്ചിട്ടുള്ള ബാറ്റില്‍ ഒപ്പുവെക്കുകയും ചെയ്തു.
സച്ചിന്റെ കയ്യൊപ്പു പതിഞ്ഞ 10-ാം നമ്പര്‍ ജഴ്സി, ലിറ്റില്‍ മാസ്റ്ററുടെ കാല്‍നൂറ്റാണ്ടോളം നീണ്ട കളിജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ നിറയുന്ന ഫോട്ടോകള്‍, സച്ചിന് പെയ്ന്റിങ്ങുകള്‍, സച്ചിന്റെ 100 രാജ്യാന്തര സെഞ്ച്വറികളുടെ ചരിത്രം വിശദമാക്കുന്ന നൂറു ബോളുകള്‍ എന്നിവയാണ് സച്ചിന് പവലിയനില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഏകദിനത്തിലെ 49 സെഞ്ച്വറികള്‍ നേടിയ തീയതിയും സ്ഥലവും വെള്ള ബോളിലും ടെസ്റ്റിലെ 51 സെഞ്ചുറികളുടെ വിവരങ്ങള്‍ 51 ചുവന്ന ബോളിലും പ്രത്യേക ചില്ലുകൂട്ടില്‍ സജ്ജീകരിച്ചിരിക്കുന്നു. സച്ചിന് എന്ന ബാറ്റിംഗ് ഇതിഹാസത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അഞ്ച് വിക്കറ്റ് നേട്ടം പിറന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മത്സരത്തിന്റെ അപൂര്‍വ്വ സുന്ദര നിമിഷങ്ങളുടെ ഫോട്ടോയും ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സച്ചിന് കൊച്ചിയില്‍ ഓസ്ട്രേലിയക്കെതിരെയും പാക്കിസ്ഥാനെതിരെയും നേടിയ അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ ഉള്‍പ്പെടെ ഏഴുപതോളം ഫോട്ടോകളാണുള്ളത്. കൂടാതെ സച്ചിനും ബ്രാഡ്മാനും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ചയുടെ കൂറ്റന്‍ പെയ്ന്റിങ്ങും പവലിയനിലുണ്ട്. സച്ചിന് കളിച്ച നാല് കളികളിലെ ബാറ്റുകളും പവിലിയനില്‍ ഇടം പിടിച്ചിട്ടുണ്ട്. സച്ചിന്റെ ഉയരമായ 5.5 അടി ഉയരമുള്ള രണ്ട് കൂറ്റന്‍ ബാറ്റുകള്‍ പ്രത്യേകമായി തയാറാക്കിയിട്ടുണ്ട്. സച്ചിന്റെ പേരിലിറങ്ങിയ നാണയത്തിന്റെ ചിത്രം പതിച്ച ഈ ബാറ്റില്‍ ഇന്ത്യയുടെയും വെസ്റ്റിന്‍ഡീസിന്റെയും താരങ്ങള്‍ ഓപ്പു ചാര്‍ത്തും.
ഇവയ്ക്ക് പുറമെ കൂറ്റന്‍ രണ്ട് ബാറ്റുകളില്‍ സച്ചിന്റെ കൈയ്യൊപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. സച്ചിന് നയിച്ച െഎപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് കൊച്ചിയില്‍ കളിക്കാന്‍ എത്തിയപ്പോള്‍ സച്ചിന്റേത് ഉല്‍പ്പെടെയുള്ള ടീം അംഗങ്ങളുടെ ഒപ്പ് രേഖപ്പെടുത്തിയ ബാറ്റും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സച്ചിന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളും, പരീശീലനങ്ങളും വിവാഹവും ഭാര്യ അഞ്ജലിക്കും കുടുംബത്തിനും ഒപ്പമുള്ളതും, ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളും, കപില്‍ദേവ്, അസറുദീന്‍, സച്ചിന്റെ ആദ്യകാല പരിശീലകന് അച്രേക്കര്‍ തുടങ്ങിയവരോടൊപ്പവുമുള്ള ചിത്രങ്ങളും പവലിയനെ കൂടുതല്‍ വ്യത്യസ്തമാക്കുന്നു. സച്ചിന്റെ ആരാധകന് സുധീര്കുമാറിനോടൊപ്പമുള്ള ക്രീസിലെ നിമിഷങ്ങളും അവസാനമായി സച്ചിന് വാംഖഡയില്‍ കളിച്ച കളിയുടെ ചിത്രങ്ങളും കൂടി ഉള്‍പ്പെടുത്തിയതോടെ സച്ചിന് പവലിയന് പൂര്‍ണമായെന്ന് നിസംശയം പറയാം.
ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജിസിഡിഎയുമായി സഹരകരിച്ചു കേരള ക്രിക്കറ്റ് അസോസിയേഷന് പവലിയന് ഒരുക്കിയത്. വിഐപി ബോക്സിന്റെ മധ്യഭാഗത്ത് രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിവിഐപി ബോക്സിലാണ് ഹാള്‍ ഓഫ് ഫെയിം ഒരുക്കിയിരിക്കുന്നത്. വിഐപി ബോക്സിന് പുറത്തു സച്ചിന് ടെണ്ടുല്‍ക്കര്‍ പവിലിയന് എന്ന് അന്‍പതടിയോളം നീളത്തില്‍ വലുതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കെസിഐ പ്രസിഡന്റ് ടി.സി. മാത്യു, കെസിഐ സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, കെസിഐ ജോയിന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്, ട്രഷറര്‍ ടി.എന്‍. ബാലകൃഷ്ണന്, ജിസിഡിഎ ചെയര്മാന് വേണുഗോപാല്‍, ബെന്നി ബെഹന്നാന് എംഎല്‍എ, ബോസ്കൃഷ്ണമാചാരി, ചലച്ചിത്രതാരം രാജീവ് പിള്ള തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
എസ്.ജെ. ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: