തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 56 ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന ‘മുറജപ’ത്തിന് ഇന്ന് തുടക്കം. ഇനി 56 ദിവസം അനന്തപുരി വേദ മന്ത്രജപങ്ങളാല്‍ മുഖരിതമാകും. ഏഴുമുറകളായാണ് മന്ത്രജപം നടക്കുന്നത്. ഇതോടൊപ്പം ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലക്ഷം ദീപത്തിനും തുടക്കമാകും. ജനുവരി 14ന് ആണ് ലക്ഷം ദീപം. ഇന്ന് ആരംഭിക്കുന്ന മുറജപം ലക്ഷം ദീപത്തോടെയാണ് അവസാനിക്കുക. 2007-2008 കാലത്താണ് അവസാനമായി മുറജപം നടന്നത്.
മുറജപത്തില്‍ സഹസ്രനാമം, വേദ മന്ത്രങ്ങള്‍, സൂക്തങ്ങള്‍ എന്നിവയാണ് ജപിക്കുന്നത്. ആഴ്‌വാഞ്ചേരി തമ്പാക്കള്‍, തിരുനാവായ വാധ്യാര്‍, തൃശ്ശൂര്‍ വാധ്യാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജപം നടക്കുന്നത്. രാവിലെ 6.30 മുതല്‍ 8.30 വരെയാണ് ജപം. സൂക്തങ്ങള്‍ വേദവ്യാസ മണ്ഡപത്തിലും വേദങ്ങള്‍ കിഴക്കേ നടയിലെ രണ്ട് മണ്ഡപങ്ങളിലുമിരുന്നാണ് ജപിക്കുന്നത്. വൈകിട്ട് ഭക്തര്‍ക്ക് വേണ്ടി സഹസ്രനാമജപം നടക്കും.
എട്ട് ദിവസം വീതമുള്ള ഏഴ് മുറകള്‍ പൂര്‍ത്തിയാക്കുന്ന ദിനമാണ് ലക്ഷം ദീപം തെളിയുക. ഓരോ മുറയ്‌ക്ക് ശേഷവും ശീവേലിയും നടക്കും. ലക്ഷം ദീപം കഴിഞ്ഞ് അടുത്ത ദിവസം ജപക്കാര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കും. ഇതിന് ശേഷം അവരെ യാത്ര അയക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: