കൊച്ചി: ഏകദിന മാമാങ്കത്തിനായി ഇന്ത്യ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ കൊച്ചിയിലെത്തി. ഇന്നലെ ഉച്ചക്ക് 12.30 ഓടെ പ്രത്യേക വിമാനത്തിലാണ് ഇരുടീമുകളും നെടുമ്പാശ്ശേരിയില്‍ വന്നെത്തിയത്. നിശ്ചയിച്ചതിലും അരമണിക്കൂര്‍ നേരത്തെയാണ് താരങ്ങളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനംനെടുമ്പാശ്ശേരിയിലെത്തിയത്. താരങ്ങളെ കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും പരിസരത്തും ഒരുക്കിയിരുന്നത്.
ടീം അംഗങ്ങള്‍ക്ക് കെസിഎയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. പഞ്ചവാദ്യത്തിനും പഞ്ചാരിമേളത്തിനും പുറമെ കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും സ്വീകരണത്തിന് മിഴിവേകി.
എന്നാല്‍ താരനിരയെ പ്രതീക്ഷിച്ചു നിന്നവര്‍ക്ക് മുന്നിലേക്ക് ആദ്യമെത്തിയത് ടീം ഇന്ത്യയുടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളായിരുന്നു. തൊട്ടുപിന്നാലെ സ്പിന്നര്‍ അമിത് മിശ്രയാണ് ആദ്യം പുറത്തേക്കുവന്നത്. പിന്നീട് രവീന്ദ്രജഡേജയും വിരാട് കോഹ്ലിയും പുറത്തേക്ക് വന്നതോടെ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. കോഹ്ലിക്ക് പിന്നാലെ ആര്. അശ്വിനും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയുമാണ് എത്തിയത്. ഇതിനു പിന്നാലെയായിരുന്നു ക്യാപ്റ്റന്‍ ധോണിയുടെ വരവ്. ധോണിയെ കണ്ടതോടെ ആരാധകരുടെ ആരവങ്ങള്‍ ഉച്ചസ്ഥായിയിലായി. പിന്നീട് കഥകളി വേഷധാരികളെയും മോഹിനിയാട്ട വേഷധാരികളെയും നോക്കിയും കുശലം പറഞ്ഞും പുറത്തേക്കെത്തിയ ധോണി ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് കൈകളുയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചാണ് ബസ്സിലേക്ക് കയറിയത്. ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്ന, മോഹിത്ശര്മ്മ, യുവരാജ് സിംഗ്, അമ്പാട്ടി റായിഡു തുടങ്ങിയവര്‍ രാത്രിയാണ് കൊച്ചിയില്‍ എത്തിച്ചേര്‍ന്നത്.
ധോണിക്കു പിന്നാലെ വെസ്റ്റിന്‍ഡീസിന്റെ ടെസ്റ്റ് നായകന് ഡാരന്‍ സമിയാണ് പുറത്തേക്ക് വന്നത്. പിന്നാലെ സുനില്‍ നരേയ്ന്, മര്‍ലോണ്‍ സാമുവല്‍സ്, രാംദിന് തുടങ്ങിയവരും എത്തി. പിന്നീടെത്തിയ ക്രിസ് ഗെയിലിനെ കണ്ടതോടെ ആരാധകരുടെ ആവേശം വീണ്ടും അണപൊട്ടിയൊഴുകി. ഏറ്റവും ഒടുവിലായാണ് വിന്‍ഡീസ് ഏകദിന നായകന് ഡ്വെയ്ന്‍ ബ്രാവോ പുറത്തേക്ക് വന്നത്.
പിന്നീട് പ്രത്യേക ബസില്‍ ഹോട്ടലിലേക്ക് പോയ താരങ്ങള്‍ ഇന്നലെ മുഴുവന്‍ വിശ്രമിച്ചു. ഇന്ന് ഇരുടീമുകളും പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങും. രാവിലെ 10 മുതല്‍ ഇന്ത്യയും ഉച്ചക്ക് 2 മുതല്‍ വെസ്റ്റിന്‍ഡീസും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കൊച്ചി വേദിയാകുന്നത്. മത്സരം ഉച്ചക്ക് 1.30ന് ആരംഭിക്കും. ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ ഏകദിനം ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാനാവും വിന്‍ഡീസിന്റെ ശ്രമം.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: