എല്ല് ഇല്ലാത്തതിനാല്‍ നാവിന് വല്ലാത്ത സ്വാതന്ത്ര്യമാണ്. അതു കൊണ്ടുതന്നെ അത് അപകടം വരുത്തിവെക്കും. ലോകസഭാതെരഞ്ഞെ ടുപ്പിന്റെ കേളികൊട്ട് തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക് അതിന് സാധ്യത വളരെയേറെയാണ്. മുമ്പില്‍ ഇരമ്പിയാര്‍ക്കുന്ന അണികള്‍ ഏതൊരു നേതാവിന്റെയും ചാകരയാണ്. ആ ചാകര കാണുമ്പോള്‍ തനിക്കുതന്നെ ചാരമാവുന്ന പ്രയോഗങ്ങളും നിരീക്ഷണങ്ങളും വരും. അത്തരമൊരു ഏടാകൂടത്തില്‍ ഇളമുറത്തമ്പുരാന് അടുത്തിടെ പെടുകയുണ്ടായി. യു.പി.യിലെ മുസാഫര്‍പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗീര്‍വാണം. എതിര്‍പാര്‍ട്ടി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന കാര്യമൊന്നും വിദ്വാന് ഒരു വേള ഓര്‍ത്തില്ല. ഒടുവില്‍ കണക്കപ്പിള്ള മനസില്ല, മനസ്സോടെ കുത്തിന് പിടിച്ചു. ഇളമുറക്കാരനായതിനാല് പിള്ളേ ഇനിയിങ്ങനെ പറ്റല്ലേ എന്ന് ഗുണദോഷിക്കാനേ തുനിഞ്ഞുള്ളൂ. ഒന്നുമില്ലെങ്കിലും രാജാവിന്റെ കക്ഷിയുടെ കൈനീട്ടം കൃത്യമായി വാങ്ങുന്നതല്ലേ. അത്യാവശ്യം സ്നേഹം കാട്ടിയില്ലെങ്കില്‍ ഇപ്പദവിയില് ഇരുന്നിട്ട് എന്തുകാര്യം. ഏതായാലും ഇളമുറക്കാരന്റെ എതിര്‍കക്ഷിയിലെ പ്രമുഖന്റെ വര്‍ത്തമാനവും ശ്രദ്ധിച്ചിട്ടുണ്ട്, കത്തയച്ചിട്ടുമുണ്ട്. തമ്പുരാനോടുള്ള കടപ്പാടൊന്നും മറ്റേകക്ഷിയോട് ഉണ്ടാവാന്തരമില്ല. ഏതായാലും ടി എന്‍ ശേഷന് ഇഫക്ട് ഇപ്പോഴും സജീവം എന്നതില്‍ നമുക്ക് സന്തോഷിക്കാം.
കേന്ദ്രന്റെ സ്വന്തം അന്വേഷണ ഏജന്‍സിക്ക് ആധാരം പോലും ഇല്ലെന്ന് പറഞ്ഞത് ഗുവാഹതി ഹൈക്കോടതിയാണ്. ഒടുവില്‍ ഏതോ തീറാധാരത്തിന്റെ മുഷിഞ്ഞ കോപ്പി തപ്പിപ്പിടിച്ച് കേന്ദ്രന് സുപ്രീംകോടതിയില്‍ ഹാജരാക്കി തടിയൂരി. ഒരു കണക്കിന് ശ്വാസം നേരെ വീണപ്പോള്‍ ദാ കിടക്കുന്നു മറ്റൊരു അമ്പ്. ചൂതാട്ടവും കാബറെയും മറ്റും നിരോധിക്കാന്‍ കഴിയാത്തതു പോലെ തന്നെ ബലാത്സംഗവും എന്ന് സിബിഐ മേധാവി ഉവാച. പോര, ഒന്നു കൂടി കടന്ന് മേപ്പടി സംഗതി ഇത്തിരി രസാത്മകം എന്നു പോലും പറഞ്ഞുവെച്ചുവിദ്വാന്. സ്ത്രീശാക്തീകരണം ഇത്ര കേമമായി നടനമാടുന്ന വേളയില്‍ ഇങ്ങനെ പറയാനും ചങ്കൂറ്റം വേണ്ടേ? നേരത്തെ സൂചിപ്പിച്ച കണക്കപ്പിള്ളയ്ക്ക് മേപ്പടി വിഷയത്തില്‍ ഇടപെടാന്‍ ബുദ്ധിമുട്ടാണെങ്കിലും നാട്ടിലെ ഒരുവിധപ്പെട്ടവര്‍ക്കൊന്നും അതില്ല.
വനിതാകമ്മീഷന് വരെയുള്ളവ സജീവമായിരംഗത്ത്. ഇപ്പോഴത്തെ പദവിയില്‍ നിന്ന് നാക്കുപ്പിഴ പറ്റിയ വിദ്വാനെ വലിച്ചു പുറത്തിടുമെന്ന ഭീഷണിവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. പത്തു മുപ്പത്തിരണ്ട് പല്ലിനിടയ്ക്ക് പാവം എല്ലില്ലാത്ത ഒരു വിദ്വാന് കഷ്ടപ്പെടുമ്പോള്‍ ഇമ്മാതിരി ചിലത് പറ്റുമെന്ന് സഹതാപപ്പെടാമെങ്കിലും പണവും പദവിയുമുള്ളവര്‍ ഇതൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ എന്ന് മറുചോദ്യം. അവര്‍ മാത്രമല്ല സകലരും ശ്രദ്ധിച്ചാല്‍ അവര്‍ക്കു നന്ന് എന്ന് കാലികവട്ടം. ഫാസിസത്തെക്കുറിച്ച് ശരിക്കറിയാവുന്ന വിദ്വാന് അതിനെക്കുറിച്ച് പറയുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ടേ? ഇതാ നമ്മുടെ പ്രഭാത പടനായകന് ഫാഷിസത്തിന്റെ എക്കാലത്തെയും അന്തകനായ വെള്ളിമാടുകുന്നിലെ പ്രസിദ്ധീകരണത്തോട് ചിലത് പറയുന്നു. ലോകസഭാതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മേപ്പടി പ്രസിദ്ധീകരണത്തിന് ഇളകിയാട്ടം കൂടുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. കെ.എസ്. ശ്രീജിത്ത് എന്ന മഹിതാശയനാണ് പ്രഭാത് പടനായകനുമായി കൊച്ചു വര്‍ത്തമാനം പറയുന്നത്. അതിന്റെ തലക്കെട്ട് ഇങ്ങനെ: ഫാഷിസം ഒരു വിരല്‍പ്പാട് മാത്രം അകലെ. ഇടതുപക്ഷത്തിന്റെ നിലപാടുതറയില്‍ നിന്ന് അങ്കം വെട്ടിപരിചയമുള്ള പ്രഭാത് പടനായിക്ക് ഏത് സംഘടനയിലേക്കും അതിന്റെ അണികളിലേക്കുമാണ് ചാട്ടുളി എറിയുന്നതെന്ന് വ്യക്തം. നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയായതു മുതല്‍ ചിലരുടെയുള്ളില്‍ ചുരമാന്തുന്ന അസഹിഷ്ണുതയുടെ കാളകൂടം വേണ്ടത്ര ഒമ്പതു പേജിലായി പ്രഭാത് പട്നായിക്ക് കോരിയൊഴിച്ചിട്ടുണ്ട്. ഇടതു പക്ഷത്തിന് വേണ്ടത്ര ശക്തിയില്ലെന്ന യാഥാര്‍ത്ഥ്യവും ടിയാന് സമ്മതിക്കുന്നുണ്ട് എന്നതാണ് ഇതിലെ ക്രിയാത്മകവശം. വാജ്പേയിയെയും മോദിയേയും താരതമ്യം ചെയ്തു കൊണ്ടുള്ള പരാമര്‍ശവും ഇതില്‍ കാണാം. നാട്ടുമ്പുറത്തെ കണ്ണുപൊട്ടന്മാര് പണ്ട് ആനയെ കണ്ടപ്പോള്‍ തോന്നിയതെന്ത് എന്ന് ചോദ്യത്തിന് പ്രഭാത് പട്നായിക് ചിന്തിക്കുന്നതുപോലെ എന്നുത്തരംകൊടുക്കാവുന്ന ലേഖനമാണിത്.വെള്ളിമാടുകുന്നിലെ വഴിത്തിരിവ് വാരികയ്ക്ക് അങ്ങനെയെങ്കിലും ചെയ്തില്ലെങ്കില്‍ പ്രസക്തിയെന്ത്?
കേമനാവണമെന്ന് തോന്നിയാല്‍ അതിന് കവിതയെഴുതണമെന്ന് ഏതെങ്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അറിയുന്ന പണിചെയ്യാന്‍ നില്‍ക്കാതെ അറിയാത്തപണിക്ക് ഇറങ്ങിപ്പുറപ്പെടുന്നവരെ നമുക്ക് ഏറെ പരിചിതമാണ്. ഇതാ അതിലേക്ക് ഒരു വിദ്വാനും കൂടി. പേര് മാങ്ങാട് രത്നാകരന്. മൂപ്പര് ഈസോപ്പുകവിതകളുമായാണ് രംഗപ്രവേശം ചെയ്യുന്നത്. മാധ്യമം ആഴ്ചപ്പതിപ്പി (നവം.11) ല്‍ ആയതു കാണാം. പൂച്ചയും കോഴികളും, മനുഷ്യനും സിംഹവും, സിയൂസും പാമ്പും, യാത്രികനും സത്യവും തുടങ്ങിയവയാണ് സൃഷ്ടികള്‍. ഒടുക്കം ഒന്നുകൂടിയാവാമായിരുന്നു: ഞാനും മാധ്യമവും. ഇനിയും ഇങ്ങനെ പോയാല്‍ പാറക്കടവിന് ഭീഷണിയാവും എന്നു കൂടി പറഞ്ഞോട്ടെ.
കര്‍ണാടക സംഗീതലോകത്ത് സ്ത്രീ സാന്നിധ്യം അപൂര്‍വമായിരുന്ന കാലത്ത് മാവേലിക്കര പൊന്നമ്മാള്‍ സൃഷ്ടിച്ച സംഗീത പ്രപഞ്ചത്തെക്കുറിച്ച് എഴുതുന്നു മലയാളം വാരിക. മഹാകവി വള്ളത്തോള്‍ പോലും ആശ്ചര്യത്തോടെയും ആദരവോടെയും അനുഭവിച്ചറിഞ്ഞ ആ സംഗീത പാരമ്പര്യത്തിന്റെ ഉള്ളറകളിലേക്കാണ് രമേശ് ഗോപാലകൃഷ്ണന് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. സംഗീതസരസ്വതി എന്ന ഏഴു പേജ് ലേഖനം (നവം. 15) ഹൃദയഹാരിയായ അനുഭൂതിപകര്ന്നുതരുന്നു. ഇന്ന് സംഗീതലോകത്ത് പ്രശസ്തയായ വൈക്കം വിജയലക്ഷ്മി പൊന്നമ്മാളിന്റെ പ്രമുഖ ശിഷ്യയാണ്. ടെലിവിഷന്‍ ചാനലിലെ റിയാലിറ്റിഷോയെക്കുറിച്ച് അവരുടെ അഭിപ്രായം ഇങ്ങനെ: സഹിക്കാന്‍ പറ്റാത്ത പരിപാടിയാണത്. സീരിയല്‍, സിനിമ മുതലായപരിപാടികളില് നിന്ന് റിയാലിറ്റിഷോകളെ മാറ്റിനിര്‍ത്തി മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതൊക്കെ ആര് മനസ്സിലാക്കാന്‍.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുകയാണ് കലാകൗമുദി (നവം.17). അദ്ദേഹത്തിന്റെ വിവിധഭാവങ്ങളിലുള്ള ചിത്രം കവറില്‍ കൊടുത്തുകൊണ്ട് ഒരു അടിക്കുറിപ്പും നല്കിയിരിക്കുന്നു: പുതിയ ആകാശം പുതിയഭൂമി. പുതിയ ആകാശത്ത് പഴയ നക്ഷത്രങ്ങള്‍ ഉണ്ടാവുമോ എന്ന് കണ്ടറിയാം. ശ്രീകുമാര്‍ മനയില്‍, വി.വി. ദക്ഷിണാമൂര്‍ത്തി, കെ.ബാലചന്ദ്രന് എന്നിവരാണ് വിപ്ലവാകാശത്തിലെ പറവയെ വൈകാരിക ഭാവത്തില്‍ നമുക്കു പകര്‍ന്നു തരുന്നത്. വെളിച്ചത്തിലേക്ക് നയിച്ചതിനു ശിക്ഷിച്ചു എന്നാണ് ദക്ഷിണാമൂര്‍ത്തിയുടെ പരിദേവനം. അച്യുതാനന്ദന്റെ മനോഗതിയും ഇതുതന്നെയാവില്ലേ എന്നു സംശയിക്കുന്നവരോട് തല്ക്കാലം മറുപടി പറയണ്ട.
നന്മ എവിടെ നിന്നാണ് വരുന്നത്. അതിനെന്ത് നിറം, മതം, വര്‍ണം. ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇതാ ചിലര്‍ നിസ്സാരമെന്ന് കരുതുന്ന വലിയസംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് 11.40 ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക്. വാഹനങ്ങള്‍ ഒന്നും കിട്ടാനില്ല. നേരെ നടപ്പ്. അരകിലോമീറ്റര്‍ കഴിഞ്ഞു കാണും. പിറകില്‍ ഒരു ഓട്ടോയുടെ കിതപ്പ്. വെറുതെയൊന്ന് പാളിനോക്കി. അത് നിര്‍ത്തുന്നു. എങ്ങോട്ടാ എന്ന് ചോദ്യം. സ്ഥലം പറഞ്ഞു. വണ്ടിയില്‍ മറ്റാരുമില്ല. വീടിന് 500 മീറ്റര്‍ അടുത്തുള്ള ജംഗ്ഷനില്‍ എത്തും മുമ്പ് ഡ്രൈവറുടെചോദ്യങ്ങള്. ചെറിയ ഭയത്തോടെ പേര്, സ്ഥാപനം, വീട് എല്ലാം വിശദീകരിച്ചു.
ഇവിടെ ഇറങ്ങിക്കൊള്ളാം എന്നു പറഞ്ഞു. അല്ല, നിങ്ങളുടെ വീടിന് അടുത്തുള്ള ഹൈവേയില്‍ കൂടിയാണെന്ന് മറുപടി. വീടിനടുത്ത് നിര്‍ത്തി. പാതിരാത്രിയില്‍ ഓട്ടോവിളിച്ചു വരികയാണെങ്കില്‍ 70 രൂപ ഉറപ്പ്. 50 രൂപ എടുത്ത് നീട്ടി. ഡ്രൈവര്‍ വാങ്ങുന്നില്ല. ഏറെ നിര്‍ബന്ധിച്ചു; തര്‍ക്കിച്ചു. ഒടുവില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ഞാന്‍ പണത്തിനുവേണ്ടിയല്ല നിങ്ങളെ കയറ്റിയത്. ഒറ്റയ്ക്ക് നിങ്ങളിങ്ങനെ പോകുന്നത് കണ്ടാണ്. വല്ലാത്തൊരുവികാരം മനസ്സില്തിരയിളക്കി. കൈകൊടുത്ത് പിരിയുമ്പോള്‍ അപരിചിതനായആ സുഹൃത്ത് മനസ്സില്‍ കൂടുകൂട്ടി. പാവങ്ങളില്‍ പാവമായ സെയ്തു മുഹമ്മദെന്ന ആ ഓട്ടോഡ്രൈവറെ എങ്ങനെ മറക്കാന്‍. ഏത് തിരക്കിലും ആ മുഖത്തെ സ്നേഹത്തിന്റെ പ്രകാശം കാണാനാവും.
തൊട്ടുകൂട്ടാന്‍
ഭൂതവും ഭാവിയും തമ്മിലിണക്കുമീ
യിതിഹയെപ്പഴഞ്ചനായ്ക്കരുതല്ലേ
വയസ്സെണ്ണിവശംകെടും പാഴ്വേലയല്ലിതു
വയസ്സില്ലാപ്പെരും കളിയാട്ടമാണേ
കാവാലം നാരായണപ്പണിക്കര്‍
കവിത:വയസ്സില്ലാവായ്ത്താരി
ഹിരണ്യ മാസിക, കോഴിക്കോട് (നവംബര്‍ )
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: