ഭക്തിയുടെ ദിവ്യപ്രഭയില്‍ കിഴക്കന്‍ മേഖലയിലെ മൂന്ന് അയ്യപ്പക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്നു. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ അയ്യപ്പ ക്ഷേത്രങ്ങളാണ് അനുഗ്രഹത്തിന്റെ നവ്യാനുഭൂതി ഭക്തജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നത്. ആചാരപ്പെരുമകൊണ്ടും കാനനസൗന്ദര്യംകൊണ്ടും അനുഗ്രഹീതമായ ഈ ക്ഷേത്രങ്ങളില്‍ മണ്ഡലകാലത്ത് ആയിരങ്ങളാണ് എത്തുന്നത്.
കേരള സൃഷ്ടാവായി അറിയപ്പെടുന്ന ഭാര്‍ഗ്ഗവരാമനാല്‍ ദ്വാപരയുഗത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട അഞ്ചു ശാസ്താ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട മൂന്നു ക്ഷേത്രങ്ങളാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരഗ്രാമങ്ങളിലുള്ളത്. കുളന്തയുടെ ഊരിലെ പുഴയുടെ പേരിലറിയപ്പെടുന്ന കുളത്തുപ്പുഴ ധര്മ്മാശാസ്ത്രാ ക്ഷേത്രം, ആര്യന്റെ കാവായ ആര്യങ്കാവിലെ ധര്‍മ്മശാസ്ത്രാക്ഷേത്രം, അച്ഛന്റെ കോവിലായ അച്ചന് കോവിലിലെ ധര്‍മ്മശാസ്താ ക്ഷേത്രങ്ങളുമാണിവ.കലിയുഗവരദനായ ഭഗവാന്റെ ബാല്യം, യൗവ്വനം, ഗൃഹസ്ഥാശ്രമം എന്നീ അവസ്ഥകളുടെ ഐതിഹ്യം ഈ മൂന്നു ക്ഷേത്രങ്ങളിലുമായി നിലകൊള്ളുന്നു. ഇവയ്ക്ക് ബലം നല്കുന്ന ചരിത്ര പശ്ചാത്തലങ്ങള്‍ പണ്ഡിതന്മാരാല് രേഖപ്പെടുത്തി സാക്ഷ്യപത്രങ്ങളായി തലമുറകള്‍ കൈമാറി വരുന്നു. ഇവിടെ ഇന്നും നടന്നുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍ പ്രത്യേകതകള്‍ നിറഞ്ഞതാണെങ്കിലും പുറംലോകത്തിന് ഏറെ സുപരിചിതമല്ല.
കുളത്തൂപ്പുഴ മീനൂട്ട്
ശാസ്താവിന്റെ ശിശുരൂപത്തിലുള്ള പ്രതിഷ്ഠയാണ് കുളത്തൂപ്പുഴയിലേത്. കുളത്തൂപ്പുഴ ആറിനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറ്റിലെ മത്സ്യങ്ങള്‍ ‘തിരുമക്കളായി’ അറിയപ്പെടുന്നു. മത്സ്യങ്ങള്‍ക്ക് അരിയിട്ട് വാഴ്ച ചടങ്ങ് നിര്‍വ്വഹിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്ന് വിശ്വാസികള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളപ്പൊക്കത്തില്‍ കുളത്തൂപ്പുഴയില്‍ മുഴുവന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ക്ഷേത്രത്തിനോ തൊട്ടു മുന്നിലെ ആറ്റിന്‍കരയിലെ മത്സ്യകന്യക വിഗ്രഹത്തിനോ ഒന്നും സംഭവിച്ചില്ല. മനുഷ്യനോളം വലിപ്പമുള്ള മനുഷ്യരുമായി ഇണങ്ങിപോകുന്ന മീനിനെ ഇന്നും കാണാന്‍ കഴിയും. ഈ മീനുകള്‍ക്ക് അരി, കടല, മലര് എന്നിവയാണ് ഭക്തജനങ്ങള്‍ നല്‍കുന്നത്. നിര്‍ഭയമായി കഴിയുന്ന മീനുകള്‍ മനുഷ്യരോട് അടുത്ത് വന്ന് തീറ്റകള്‍ സ്വീകരിക്കും എന്ന പ്രത്യേകതയും ഇവിടെയുണ്ട്. മീനുകള്‍ക്ക് ആഹാരം നല്‍കുന്നവരുടെ ത്വക്ക് രോഗങ്ങള്‍ പൂര്‍ണ്ണമായും മാറും എന്നതാണ് ഇവിടുത്തെ വിശ്വാസം. ബാലകനായ അയ്യപ്പനെ സ്നേഹിച്ച മത്സ്യകന്യകയാണ് ഈ കടവില്‍ കഴിയുന്ന കൂറ്റന്‍ മത്സ്യമെന്ന് വിശ്വാസം. എല്ലാ വര്‍ഷവും ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകളോടെ ക്ഷേത്രമേല്‍ശാന്തിയുടെ നേതൃത്വത്തില്‍ പൂജാദ്രവ്യങ്ങളായ പായസം, വെള്ളച്ചോറ് എന്നിവ മീനുകള്‍ക്ക് ഊട്ടുന്ന ചടങ്ങാണ് മീനൂട്ട്.
ആര്യന്‍കാവിലെ തൃക്കല്യാണം
അവിവാഹിതനായ ധര്‍മ്മശാസ്താവിനെ കുറിച്ചാണ് ഏറെ പ്രചാരം. എന്നാല്‍ വിവാഹത്തിനായി ഒരുക്കങ്ങളും മറ്റു ചടങ്ങുകളും അരങ്ങേറുന്ന ക്ഷേത്രസങ്കേതമാണ് ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്രം. അയ്യപ്പന്റെ കൗമാരാവസ്ഥയില്‍ ഗൃഹസ്ഥാശ്രമഭാവത്തില്‍ കുടികൊള്ളുന്ന ഈ ശാസ്താക്ഷേത്രത്തിന് തമിഴ് നാടുമായിട്ടാണ് കൂടുതല്‍ ബന്ധം.
ബന്ധം. തമിഴ് നാട്ടില്‍ നിന്നുള്ള ഭക്തജനങ്ങളാണ് ഇവിടെ കൂടുതല്‍ എത്തുന്നത്. തൃക്കല്യാണചടങ്ങാണ് ആര്യങ്കാവിലെ പ്രധാന ഉത്സവം. ധനുമാസത്തിലാണ് പാണ്ഡ്യന് മുടിപ്പും തൃക്കല്യാണചടങ്ങും. കല്യാണനിശ്ചയത്തിനാണ് പാണ്ഡ്യന് മുടിപ്പ് എന്ന് പറയുക, ഇന്നും മധുര രാജാവിന്റെ വംശജര്‍ ഈ ദിവസം പണക്കിഴിയുമായി ആര്യങ്കാവില്‍ എത്തുന്നതോടെ വിവാഹനിശ്ചയം കഴിയുന്നു. തുടര്‍ന്ന് ഭഗവതി മടങ്ങുന്നു. ആ ഭഗവതിയാണ് ആര്യങ്കാവില്‍ നിന്നും 10 കി.മി. അകലെ സ്ഥിതി ചെയ്യുന്ന മാമ്പഴത്തറ ഭഗവതി ക്ഷേത്രം. ശബരിമലയില്‍ മണ്ഡലപൂജയും ആര്യങ്കാവില്‍ തൃക്കല്യാണവും അച്ചന്‍കോവില്‍ രഥോത്സവവും ഒരേ ദിവസം തന്നെ നടക്കുന്നു എന്നതും പ്രത്യേകതയാണ്.
പാണ്ഡ്യന്മുടിപ്പിന് പിറ്റേദിവസമാണ് തൃക്കല്യാണ ചടങ്ങ്. ധര്മ്മശാസ്താവിന് സഹധര്മ്മിണിയാകുവാന് പാണ്ടി നാട്ടിലുള്ള ഒരു പെണ്‍കുട്ടിയെ നിശ്ചയിക്കുകയും വിവാഹ മുഹൂര്‍ത്തം തീരുമാനിച്ച് ആവശ്യമായ സാധന സാമഗ്രികളുമായി വധുവിനേയും കൂട്ടി ബന്ധുജനങ്ങള്‍ വരന്റെ പാര്‍പ്പിടമായ ആര്യങ്കാവില്‍ എത്തുകയും ചെയ്യുന്നു. വിവാഹ മണ്ഡപം പ്രത്യേകം നിര്മ്മിച്ചലങ്കരിച്ച് പാണ്ടിവാദ്യമേളത്തോടെ വരന്റെ ആള്ക്കാര് വധുവിന്റെ രക്ഷകര്‍ത്താക്കളെ സ്വീകരിക്കും. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാല്‍ കല്യാണപെണ്ണ്് കതിര്‍മണ്ഡപത്തിലെത്തും. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ വധു ഋതുമതിയായി എന്നറിയിച്ചതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുന്നു. എന്നാല്‍ പ്രതീകാത്മകമായി താലി വിഗ്രഹത്തില്‍ ചാര്‍ത്തുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു. ഇതിന്റെ ഓര്‍മ്മയ്ക്കായി ഇന്നും ആര്യങ്കാവ് ക്ഷേത്രത്തില്‍ മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് തൃക്കല്യാണചടങ്ങ് നടക്കുന്നു. ഇതിന് ശേഷം വിഭവ സമൃദ്ധമായ സദ്യയും തമിഴ് തന്ത്ര വിധി പ്രകാരമുള്ള കുഭാംഭിഷേകചടങ്ങും നടക്കുന്നു. സൗരാഷ്ട്ര ബ്രാഹ്മണരില്‍ പുഷ്കലാദേവിയെയാണ് അയ്യപ്പന് വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്. പുഷ്കലാദേവി കുടികൊള്ളുന്ന മാമ്പഴത്തറയില്‍ വൃശ്ചികം 29നാണ് തൃക്കല്യാണ ചടങ്ങ് . അന്നേ ദിവസം നടക്കുന്ന ദിവ്യജ്യോതിഘോഷയാത്രയും മറ്റും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ആര്യങ്കാവ് അയ്യപ്പന്റെ പേരില്‍ തമിഴ് നാട്ടിലെ പമ്പിളിയില്‍ 30 ഏക്കര്‍ നിലം ഇന്ന് അച്ചന്‍കോവില്‍ വീരമണി കണ്ഠനയ്യന്മാര്‍ എന്ന തണ്ടപ്പേരില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെ നിന്നും ശേഖരിക്കുന്ന നെല്ല് യഥാവിധി ക്ഷേത്ര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കഴിയുന്നില്ല എന്നതാണ് സത്യം. തൃക്കല്യാണ ദിവസം ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ചരട് ധരിച്ചാല്‍ വിവാഹ ഭാഗ്യം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ആഗ്രഹസിദ്ധി ലഭിക്കുമെന്നും വിശ്വാസം.
അച്ചന്‍കോവില്‍ കറുപ്പന് തുള്ളല്‍
അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ അയ്യപ്പന് ഗൃഹസ്ഥനായി നിലകൊള്ളുന്നു. ഇടതും വലതുമായി പൂര്‍ണ്ണ, പുഷ്കല എന്നീ പ്രതിഷ്ഠകള്‍. ധനു-1 ന് കൊടിയേറുന്ന ഉത്സവത്തിന്റെ മൂന്നാം ദിനം മുതല്‍ ആരംഭിക്കുന്ന ചടങ്ങാണ് കറുപ്പന് തുള്ളല്‍. ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പുസ്വാമിക്ക് പ്രാധാന്യമുണ്ട്. ഇവിടെ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക് കറുപ്പനൂട്ട് നടത്തിയാണ് മടങ്ങുക. കറുപ്പന് കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന് പൂജാരിക്കാണ്. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ് പൂജാരിസ്ഥാനം. ഉത്സവത്തിന് ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന് അകമ്പടി സേവിക്കാനും കറുപ്പുസ്വാമിയുണ്ടാകും. പരമശിവന്, മഹിഷീനിഗ്രഹത്തിന് നിയുക്തനായ മണികണ്ഠനെ സഹായിക്കാന്‍ മൂര്‍ച്ചയുള്ള ‘കുശ’ എന്ന പല്ല് ഉപയോഗിച്ച് സിദ്ധികര്‍മ്മത്തിലൂടെ സൃഷ്ടിച്ച ശക്തിമാനായ ഭൂതഗണമാണ് കറുപ്പന് സ്വാമി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കാലുറകളണിഞ്ഞ്, കച്ചമണികള്‍ കെട്ടി, ശിരസില്‍ അലങ്കാരവസ്ത്രം ചുറ്റി, വലങ്കയ്യില്‍ വേലും ഇടങ്കയ്യില്‍ ഭസ്മക്കൊപ്പരയും വഹിച്ച് പ്രത്യേക ഭാവാദികളോടെ കറുപ്പന് സ്വാമി രംഗത്തെത്തുമ്പോള്‍ സ്ത്രീജനങ്ങള്‍ വായ്ക്കുരവയുടെ അകമ്പടിയോടെ സ്വീകരിക്കും. ഈ പൗരാണിക ചടങ്ങിലെ തമിഴ് മലയാള സംയോജിതദ്രാവിഡ പഴമ നഷ്ടമാകാതെ ഇന്നും കാത്തു സൂക്ഷിച്ചുപോരുന്നതും അച്ചന് കോവിലില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രത്യേകതയാണ്. ജനനന്മയ്ക്കുവേണ്ടി ധര്‍മ്മശാസ്താവ് നടത്തുന്ന ദേശരക്ഷാപരിപാടികള്‍ക്ക് മാര്‍ഗ്ഗതടസ്സം നീക്കുന്ന കര്‍മ്മം കൂടിയാണ് ഈ ചടങ്ങെന്നും പഴമക്കാര്‍ പറയുന്നു.
രഥോത്സവം
പാലക്കാട് കല്‍പ്പാത്തി രഥോത്സവം കഴിഞ്ഞാല്‍ രഥോത്സവം അരങ്ങേറുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് അച്ചന്‍കോവില്‍. അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തിന്റെ 9-ാം നാളില്‍ നടക്കുന്ന ചടങ്ങാണ് രഥോത്സവം. ദ്രാവിഡ സംസ്കൃതിയുടെ സമ്മേളനകേന്ദ്രമായ അച്ചന്‍കോവില്‍ തേരോട്ടത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ഉത്സവത്തിന്റെ 5-ാം ദിനം മുതല്‍ രഥത്തിന്റെ ശില്പവേലകള് ആരംഭിക്കും. 9-ാം നാള് പ്രഭാതത്തില്‍ പണി പൂര്‍ത്തീകരിച്ച രഥം പതിനെട്ടാം പടിക്കു താഴെ അലങ്കരിച്ച് നിര്‍ത്തും. രഥനിര്‍മ്മാണത്തിനായി വനവിഭവങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. രഥം വലിക്കുന്നതിനായി അച്ചന്‍കോവില്‍ വനത്തില്‍ നിന്നും ശേഖരിച്ച 15 മീറ്റര്‍ വീതം നീളമുള്ള ചൂരല്‍ വടമാണ് ഉപയോഗിക്കുന്നത്. പൂജകള്‍ക്കും വിശേഷാല്‍ ഉത്സവചടങ്ങുകള്‍ക്കും ശേഷം അയ്യപ്പവിഗ്രഹം തേരില്‍ സ്ഥാപിക്കുന്നതോടെ രഥോത്സവത്തിന് തുടക്കമായി. കറുപ്പന് തുള്ളലിന്റേയും ചപ്രം എഴുന്നള്ളിപ്പിന്റെയും, തങ്കവാള്, അന്നക്കൊടി എന്നിവയുടെ സാന്നിദ്ധ്യത്തിലാണ്് രഥോത്സവം അരങ്ങേറുക. രഥം ക്ഷേത്രത്തിന് വലം വച്ച് കോവിലിന് മുന്നില്‍ എത്തിയാല്‍ രഥത്തിന്റെ വടത്തിന് ഒരു ഭാഗത്ത് മലയാളി അയ്യപ്പഭക്തരും മറുഭാഗത്ത് സൗരാഷ്ട്ര ബ്രാഹ്മണരും പിടി മുറുക്കും. പിന്നീടുള്ള രഥം വലിയില്‍ രഥം കിഴക്കോട്ട് ഉരുണ്ടാല്‍ തമിഴര്‍ക്കും പടിഞ്ഞാറേക്ക് ഉരുണ്ടാല്‍ മലയാളിക്കും സ്വന്തമെന്നാണ് വിശ്വാസം. ഇന്നും രഥം മലയാളികള്‍ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്.
കരവാളൂര്‍ ബി. പ്രമോദ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: