അധ്യായം – 2
തിന്നും കുടിച്ചും ഗോവിന്ദച്ചാമിമാര്‍ സുഖവാഴ്ച്ച നടത്തുകയാണ് നമ്മുടെ ജയിലുകളില്‍. കുടുംബത്തിന്റെ വെളിച്ചമായിരുന്ന ഒരു പെണ്‍കുട്ടിയോട് അചിന്ത്യമായ ക്രൂരത കാട്ടിയ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ കൊടുംകുറ്റവാളിയെ ജുഗുപ്സയോടെയും അങ്ങേയറ്റം ഭീതിയോടെയുമാണ് കേരളം കാണുന്നത്. ഗോവിന്ദച്ചാമി പക്ഷേ താന്‍ ചെയ്ത കുറ്റത്തിന്റെ വ്യാപ്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അയാളുടെ പെരുമാറ്റത്തിലൂടെ നാം മനസ്സിലാക്കേണ്ടത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആ ഒറ്റക്കയ്യന്‍ പെണ്‍കുഞ്ഞുങ്ങളുള്ള ഓരോ അമ്മയുടെയും നെഞ്ചിലെ നെരിപ്പോടാണ്. ചാമിയെപ്പോലുള്ള കൊടുംകുറ്റവാളികള്‍ സര്‍ക്കാര്‍ ചെലവില്‍ ജയിലുകളില്‍ സുഖവാസം നടത്തുകയും അപ്പീല്‍ പരിഗണനയില്‍ കുറ്റമുക്തമാക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയില്‍ ഈ ശ്ലോകം ചര്‍ച്ച ചെയ്യപ്പെടണം.
യദി ന പ്രണയേദ് രാജാ
ദണ്ഡം ദണ്ഡേഷ്വതന്ദ്രിത:
ശൂലേ മത്സ്യാനിവാപക്ഷാന്‍
ദൂര്‍ബലാന്‍ ബലവത്തരാ:
( രാജാവ് ശിക്ഷാര്‍ഹരില്‍ ജാഗ്രതയോടെ ദണ്ഡം പ്രയോഗിക്കാതിരുന്നാല്‍ ബലശാലികള്‍ ദുര്‍ബലരെ മത്സ്യങ്ങളെയെന്നപോലെ ശൂലത്തില്‍ കോര്‍ത്ത് പൊരിക്കും)
വികലവ്യാഖ്യാതാക്കള്‍ കത്തിച്ചുകളയാന്‍ ശുപാര്‍ശ ചെയ്യുന്ന മനുസ്മൃതിയിലാണ് ദുര്‍ബലരെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കണമെന്നും ശിക്ഷിക്കപ്പെടേണ്ടവര്‍ക്ക് അതത് സമയം അത് നല്‍കണമെന്നും ഓര്‍മ്മിപ്പിക്കുന്ന ഈ വരികള്‍.
“ഇഴയുന്ന നീതി നിര്‍വഹണം രാജ്യത്തിന്റെ ജനാധിപത്യക്കരുത്ത് ചോര്‍ത്തുന്നു. അടിസ്ഥാന അവകാശങ്ങളും നീതിന്യായ സാമീപ്യവും ഒരാള്‍ക്ക് കിട്ടുന്നില്ലെങ്കില്‍ ജനാധിപത്യത്തിന് അര്‍ഥമില്ല”. നിയമം, നീതി, സാധാരണക്കാര്‍ എന്ന വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു സെമിനാറില്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് പറഞ്ഞ വാക്കുകളാണിത്.
നീതി നിര്‍വ്വഹണം ഉറപ്പാക്കാന്‍ എന്തെല്ലാം പദ്ധതികളാണ്. മജിസ്ട്രേറ്റ് കോടതികള്‍, ജില്ലാകോടതികള്‍, വിചാരണകോടതികള്‍, ഹൈക്കോടതികള്‍, പിന്നെ അതിവേഗക്കോടതികളും സിബിഐ കോടതികളും പോലുള്ള പ്രത്യേകകോടതികള്‍. എല്ലാത്തിനുമുപരി സുപ്രീംകോടതിയും. ഇപ്പോള്‍ നീതി വീട്ടുപടിക്കലെത്തിക്കാന്‍ 5,000 ഗ്രാമക്കോടതികള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സംവിധാനങ്ങള്‍ ഒട്ടേറെയുണ്ട്. എന്നിട്ടും നീതിദേവതയുടെ കാരുണ്യത്തിനായി കോടതി കയറിയിറങ്ങുകയാണ് കാലങ്ങളായി പതിനായിരങ്ങള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടികിടക്കുന്ന രാജ്യമാണ് ഇന്ത്യ.വിവിധ കോടതികളിലായി കെട്ടികിടക്കുന്നത് മൂന്നുകോടിയിലധികം കേസുകള്‍. നീതിനിഷേധത്തിന്റെ ഏറ്റവും കൂടുതല്‍ കഥകള്‍ കേള്‍ക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും.
2013 നവംബര്‍ വരെ ലഭ്യമാകുന്ന കണക്കനുസരിച്ച് തീര്‍പ്പാക്കാനുള്ള കേസുകളുടെ എണ്ണം 65,893. മുപ്പത്തിയാറ് വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത കേസാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പഴയത്. പരാതിക്കാരന് എന്നേ മരിച്ചുമണ്ണടിഞ്ഞു. 76 വര്‍ഷങ്ങളായി മൂന്ന് തലമുറ നടത്തിയ നിയമയുദ്ധത്തിന് ശേഷമാണ് ഇതിന് മുമ്പുണ്ടായിരുന്ന കേസില്‍ ഉത്തരവുണ്ടായത്. രാജ്യത്തെ വിവിധ ഹൈക്കോടതികളിലെയും സ്ഥിതി വ്യത്യസ്തമല്ല. 21 ഹൈക്കോടതികളിലായി 39 ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നു. നാഷണല്‍ ്രെകെം റിക്കാര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2010-11ല്‍ മാത്രം രാജ്യത്ത് 1,26,753 സ്ത്രീപീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ വിചാരണ പൂര്‍ത്തിയായത് 21,489 കേസുകള്‍ മാത്രമാണ്. അതായത് 80 ശതമാനം കേസുകളും എങ്ങുമെത്തിയിട്ടില്ല.
നിയമത്തിന്റെ പോരായ്മയല്ല, നിയമനിര്‍വ്വഹണത്തിലെ വീഴ്ച്ചയാണ് പലപ്പോഴും നീതി നിഷേധത്തിന് വഴിയൊരുക്കുന്നതെന്ന വസ്തുതയിലേക്കാണ് എല്ലാകണക്കുകളും വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയേപ്പോലെ ജനസംഖ്യാവര്‍ദ്ധനവ് നേരിടുന്ന ഒരു രാജ്യത്തിന് 21 ഹൈക്കോടതിയും ഒരു സുപ്രീം കോടതിയും മതിയാകുമോ എന്ന ചോദ്യം ചര്‍ച്ച ചെയ്യുകയാണ് നിയമവിദഗ്ധര്‍.
കേരളത്തില്‍ ഇരുപത്തി ഒന്ന് വര്‍ഷമായ അഭയക്കേസും പതിനെട്ട് വര്‍ഷമാകുന്ന സൂര്യനെല്ലി കേസും പതിനേഴ് വര്‍ഷമായ വിതുര കേസും നീതി വൈകലിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍. നീതികേടിന്റെ ഇരകളെല്ലാം ജീവിച്ചിരിക്കണമെന്നില്ല. എങ്കിലും നീതി നിഷേധിക്കുന്നത് ഇവരുടെ ആത്മാവിനോട് ചെയ്യുന്ന നീതികേടാണെന്ന് ചിന്തിക്കണം. കേസുകള്‍ തീര്‍പ്പാകാത്തതിന്റെ ഏറ്റവും പ്രധാനകാരണങ്ങളില്‍ ഒന്ന് ജഡ്ജിമാരുടെ അഭാവമാണെന്നാണ് ആക്ഷേപം. ജുഡീഷ്യറിയും ഭരണനിര്‍വഹണസംവിധാനവും യോജിച്ചു പ്രവര്‍ത്തിച്ച് പരിഹാരം കാണേണ്ടതാണിത്.
ഇതുമാത്രമല്ല നീതിന്യായരംഗത്തെ അപചയത്തിന് കാരണം. സമര്‍ത്ഥരായ അഭിഭാഷകരില്‍ പലര്‍ക്കും വാദിയുടെ പൂര്‍വ്വചരിതവും കുറ്റകൃത്യത്തിന്റെ സ്വഭാവവും വ്യാപ്തിയുമൊന്നും പ്രശ്നമല്ല, ഈ കേസില്‍ പ്രതിക്ക് അനുകൂലമായി വാദിച്ചാല്‍ തനിക്കെത്ര ലഭിക്കുമെന്ന ചിന്തമാത്രമാണ് പലരെയും ഭരിക്കുന്നത്. സസൂക്ഷ്മം പഠിച്ച് വിധിയെഴുത്തുണ്ടാകേണ്ട വ്യവഹാരങ്ങളില്‍ മണിക്കൂറുകള്‍ക്ക് ലക്ഷങ്ങളുടെ വില ലഭിക്കുമ്പോള്‍ കക്ഷിതാത്പര്യങ്ങളും വ്യക്തിതാത്പര്യങ്ങളും വിജയം നേടും. പക്ഷേ അപ്പോള്‍ ഈ വരികള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കും.
യത്ര ധര്‍മ്മോഹ്യധര്‍മ്മേണ
സത്യം യത്രാനൃതേന ച
ഹന്യതേ പ്രേക്ഷമാണാനാം
ഹതാസ്തത്ര സഭാസദ:
(ധര്‍മ്മം അധര്‍മ്മത്താലും സത്യം അസത്യത്താലും ഹനിക്കപ്പെടുന്നിടത്ത് അത് കണ്ടുകൊണ്ടിരിക്കുന്ന സഭാധിപന്മാര് പാപഹതരായ്ത്തീരും )
ഇതൊക്കെ പറഞ്ഞുവച്ച കാലവും അന്നത്തെ സാമൂഹികരീതികളും കാലയവനികക്കുള്ളില്‍ എന്നേ മാഞ്ഞുപോയി എന്ന് വിമര്‍ശിക്കുന്നവര്‍ ധാരാളമുണ്ടാകും. എന്നാല്‍ ഏത് കാലത്തിലും അദൃശ്യങ്ങളായി ചില നീതിബോധങ്ങളും ധര്‍മ്മ ചിന്തയും നമ്മെ പിന്തുടരുന്നുണ്ടാകും എന്ന ഉള്‍ബോധമുള്ളവര്‍ക്ക് ഈ വരികളൊന്നും തള്ളിക്കളയാനാകില്ല. നീതിയുടെ പ്രകാശഗോപുരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ തന്റെ ഔദ്യോഗിക കാലത്തും വിശ്രമജീവിതത്തിന്റെ തൊണ്ണൂറ്റി ഒമ്പതാം വയസ്സിലും ആവര്‍ത്തിക്കുന്നു, എല്ലാ ജഡ്ജിമാരും ഭഗവദ് ഗീത പഠിക്കണമെന്ന്. മാനസികമായ വികാരവിക്ഷോഭങ്ങളെ അതിജീവിച്ച് നീതിയുക്തമായ വിധിയെഴുത്തിന് ഗീതാശ്ലോകങ്ങള്‍ സഹായകമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ധാര്‍മ്മികമായ ചില തിരിച്ചറിവുകളുണ്ടാകുന്നത് നല്ലതുതന്നെ. അതില്ലാതാകുമ്പോഴാണ് ചെറുമകളുടെ പ്രായമുള്ള തന്നെ സുപ്രീംകാടതി ജഡ്ജി അപമാനിച്ചെന്ന് പരാതിപ്പെടുന്ന അഭിഭാഷകയും സരിതമാരുടെ വിവാദവെളിപ്പെടുത്തല്‍ രേഖപ്പെടുത്താതെ മറച്ചുവയ്ക്കുന്ന മജിസ്ട്രേറ്റും ഉണ്ടാകുന്നത്. ഇതിനിടയില്‍ ജനപ്രതിനിധികളും സര്‍ക്കാരും കോടതി വിധികളെ ചോദ്യം ചെയ്യുന്നു. നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമില്ലാതാകുന്ന ഒരു ജനത ഇനിയും ആരെ വിശ്വസിക്കും എങ്ങനെ പ്രതികരിക്കും എന്നത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല.
നിലവിലുള്ള നീതിന്യായ സംവിധാനത്തില്‍ നീതി തേടിയിറങ്ങുന്നവര്‍ക്ക് വന്‍സാമ്പത്തികബാധ്യതയും സമയ-മാനനഷ്ടവുമാണ് ഫലം. അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങളില്‍ കോടതിയെ സമീപിച്ച് വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയാക്കി ഒരു വിധി സമ്പാദിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് ദുഷ്ക്കരമാണ്. ഇതിനിടയില്‍ പ്രതികളില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന ഭീഷണിയും കടുത്ത മാനസിക സമ്മര്‍ദ്ദവും വേറെ.
വാദിയെ ഭയപ്പെടുത്തുക, മുറപ്രകാരം പറയുന്നത് തടസ്സപ്പെടുത്തുക, ചോദിക്കേണ്ടാത്തത് ചോദിക്കുക ചോദിക്കേണ്ടത് ചോദിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമായ തെറ്റാണെന്ന് അര്‍ത്ഥശാസ്ത്രം ഉദ്ഘോഷിക്കുന്നു. ഈ ശാസനത്തിന് ഇന്നും നിയമപ്രാബല്യമുണ്ടോ..ഉണ്ടെങ്കില്‍ പ്രതികളെക്കാള്‍ മുമ്പേ നമ്മുടെ ക്രമസമാധാനപാലകരായ പോലീസും അഭിഭാഷകരുമായിരിക്കും ആദ്യം ശിക്ഷ അനുഭവിക്കക്കേത്. എന്തായാലും നീതിന്യായരംഗത്തെ നിലവിലെ അപഭ്രംശങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആഗ്രഹിക്കുന്ന നിയമജ്ഞരോ ഭരണാധികാരികളോ ഉണ്ടെങ്കില്‍ ആദ്യം ധാര്‍മ്മികമായ മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കണം. അതിന് പൗരാണികഭാരതത്തിന്റെ നീതിശാസ്ത്രഗ്രന്ഥങ്ങളിലേക്ക് വെറുതെയെങ്കിലും ഒന്ന് കണ്ണോടിക്കണം.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: