മുംബൈ: ക്രിക്കറ്റ് ദൈവം അവസാന ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചില്ലെങ്കിലും മറ്റ് രണ്ട് സെഞ്ച്വറികളിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്ക്കറുടെവിടവാങ്ങല് മത്സരം എന്ന പേരില്‍ ചരിത്ര പ്രസിദ്ധമായ വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നു. ടെസ്റ്റ് രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും ഇന്ത്യ വിജയത്തിനടുത്തെത്തി. ആദ്യ ഇന്നിംഗ്സില്‍ സച്ചിന് 74 റണ്‍സിന് പുറത്തായെങ്കിലും ചേതേശ്വര്‍ പൂജാരയുടെയും രോഹിത് ശര്‍മ്മയുടെയും മികച്ച സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 495 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. പൂജാര 113 റണ്‍സെടുത്തപ്പോള്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് ശര്‍മ്മ 111 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവര്‍ക്കും പുറമെ കോഹ്ലി 57ഉം അശ്വിന് 30 റണ്‍സുമെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 313 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിടുകയാണ്. 6 റണ്‍സെടുത്ത ക്രിസ് ഗെയിലാണ് ക്രീസില്‍. മൂന്നുദിവസവും 7 വിക്കറ്റും കയ്യിലിരിക്കെ വിന്‍ഡീസിന് ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 271 റണ്‍സ് വേണം. വിശ്വസ്തരായ സാമുവല്‍സും ഗെയിലും ചന്ദര്‍പോളും ഉജ്ജ്വല ഇന്നിംഗ്സ് കാഴ്ചവെച്ചാല്‍ മാത്രമേ ഇന്നിംഗ്സ് തോല്‍വിയെന്ന നാണക്കേടില്‍ നിന്ന് വിന്‍ഡീസിന് രക്ഷപ്പെടാനാവുകയുള്ളൂ.
157ന് രണ്ട് എന്ന നിലയില്‍ ഇന്നലെ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ സച്ചിനും പൂജാരയും ചേര്‍ന്ന് മികച്ച സ്കോറിലേക്ക് നയിച്ചു. 38 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച സച്ചിന് ഇന്നലത്തെ രണ്ടാം ഓവറില്‍ ഷില്ലിംഗ്ഫോര്‍ഡിനെ തുടര്‍ച്ചയായി രണ്ട് തവണ ബൗണ്ടറി കടത്തി. പിന്നീട് ടിനോ ബെസ്റ്റിന് സ്ട്രെയിറ്റ് ബൗണ്ടറി കടത്തി സച്ചിന് തന്റെ അര്‍ദ്ധസെഞ്ച്വറി തികച്ചു. 91 പന്തില്‍ നിന്ന് 9 ബൗണ്ടറികളോടെയായിരുന്നു സച്ചിന് തന്റെ 68-ാം ടെസ്റ്റ് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒപ്പം പൂജാരയും മികച്ച പിന്തുണയാണ് സച്ചിന് നല്‍കിയത്. ഒടുവില്‍ സ്കോര്‍ 221-ല്‍ എത്തിയാണ് ഇന്ത്യയുടെ മൂന്നാം വിക്കറ്റ് വീണത്. അവസാന ടെസ്റ്റില്‍ സെഞ്ച്വറി ലക്ഷ്യമാക്കി മുന്നേറുകയായിരുന്ന സച്ചിനെ ഡിയോനരേയ്ന്റെ പന്തില്‍ സ്ലിപ്പില്‍ സമി പിടികൂടി. ഇതോടെ സച്ചിന്റെ അവസാന വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന ബഹുമതിക്ക് നരേയ്ന് അര്‍ഹനായി.
തുടര്‍ന്നെത്തിയ വിരാട് കോഹ്ലി തുടക്കം മുതലേ മികച്ച ഫോമിലേക്കുയര്‍ന്നു. ഇരുവരും ചേര്‍ന്ന് സ്കോര്‍ 315-ല്‍ എത്തിയപ്പോള്‍ 57 റണ്‍സെടുത്ത വിരാട് കോഹ്ലി മടങ്ങി. ഷില്ലിംഗ്ഫോര്‍ഡിന്റെ പന്തില്‍ സമിക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. തുടര്‍ന്ന് ക്രീസിലെത്തിയ രോഹിത് ശര്‍മ്മ ആദ്യ ടെസ്റ്റിലെ പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണം മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. അധികം വൈകാതെ ചേതേശ്വര്‍ പൂജാര സെഞ്ച്വറി പൂര്‍ത്തിയാക്കി. 15 ടെസ്റ്റുകളില്‍ നിന്ന് അഞ്ചാം സെഞ്ച്വറിയാണ് പൂജാര സ്വന്തമാക്കിയത്. 146 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെയാണ് പൂജാര മൂന്നക്കം കടന്നത്. പിന്നീട് അധികം വൈകാതെ പൂജാര മടങ്ങി. ഇന്ത്യന്‍ സ്കോര്‍ 354-ല്‍ എത്തിയപ്പോള്‍ 113 റണ്‍സെടുത്ത പൂജാരയെ ഷില്ലിംഗ്ഫോര്‍ഡ് സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ധോണി നാല് റണ്‍സെടുത്ത് ടിനോ ബെസ്റ്റിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ധോണിക്കുപകരമെത്തിയ അശ്വിന് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. എന്നാല്‍ സ്കോര്‍ 409-ല്‍ എത്തിയപ്പോള്‍ 32 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത അശ്വിനെ ഗബ്രിയേല്‍ സ്വന്തം പന്തില്‍ കയ്യിലൊതുക്കി. സ്കോര്‍ 414-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിനെയും 415-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ പ്രഗ്യാന ഓജയെയും ഇന്ത്യക്ക് നഷ്ടമായി. പിന്നീട് രോഹിത് ശര്‍മ്മ ഒറ്റക്ക് ഇന്ത്യയെ ചുമലിലേറ്റി. മുഹമ്മദ് ഷാമിയെ ഒരറ്റത്ത് നിര്‍ത്തി ബാറ്റ് വീശിയ രോഹിത് അവസാന വിക്കറ്റില്‍ 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 117 പന്തില്‍ നിന്ന് 10 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം രോഹിത് ശര്‍മ്മ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. ഒടുവില്‍ സ്കോര്‍ 495-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത മുഹമ്മദ് ഷാമിയെ ഡിയോ നരേയ്ന്റെ പന്തില്‍ ടിനോ ബെസ്റ്റ് കയ്യിലൊതുക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശ്ശീല വീണു. വിന്‍ഡീസിന് വേണ്ടി ഷില്ലിംഗ്ഫോര്‍ഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 179 റണ്‍സാണ് വിട്ടുകൊടുത്തത്.
313 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസിനെ തുടക്കത്തിലേ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും ഓജയും പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ 9 റണ്‍സെടുത്ത കീറണ്‍ പവലിനെ അശ്വിന് ഷാമിയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ ടിനോ ബെസ്റ്റിന് പ്രഗ്യാന്‍ ഓജ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ബ്രാവോയെ അശ്വിന് മുരളി വിജയുടെ കൈകളിലെത്തിച്ചു. ഇന്ത്യക്ക് വേണ്ടി അശ്വിന് രണ്ടും ഓജ ഒന്നും വിക്കറ്റ്വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: