മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരത്തിന് ടിക്കറ്റ് സ്വന്തമാക്കാന്‍ വന്‍ തിരക്ക്. 15 മണിക്കൂറുകള്‍ക്കൊണ്ട് പൊതുജനങ്ങള്‍ക്ക് മാറ്റിവച്ചിരുന്ന 5000 ടിക്കറ്റുകളും ഓണ്‍ലൈനായി വിറ്റുപോയി. ടിക്കറ്റിന്റെ ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്ന ക്യാസൂംഗ.കോം എന്ന സൈറ്റില്‍ 1.97 കോടിയോളം ഹിറ്റുകളാണ് വില്‍പ്പന ആരംഭിക്കുന്നതിന് മുമ്പ് തന്നെ കിട്ടിയത്. ഇതോടെ സൈറ്റിന് സാങ്കേതിക പ്രശ്നമുണ്ടാകുകയും ടിക്കറ്റ് വില്‍പ്പന തടസപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ 11 ഓടെയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയുടെ അവകാശം നേടിയ ക്യാസൂംഗ.കോം വില്‍പ്പന ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് അരമണിക്കൂര്‍ മുമ്പ് തന്നെ സൈറ്റ് തകരാറിലാകുകയായിരുന്നു. ഇതോടെ ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാന്‍ തയാറായിരുന്ന നിരവധി പേര്‍ക്ക് അതിന് സാധിക്കാതെ വന്നു. തുടര്‍ന്ന് നിരവധി ആരാധകര്‍ സ്റ്റേഡിയത്തിന് സമീപം ടിക്കറ്റ് വില്‍പ്പനയുണ്ടെന്ന് പ്രതീക്ഷിച്ച് അവിടെയുമെത്തി. സ്റ്റേഡിയത്തിലെ പോളി ഉമ്രിഗര്‍, വിനൂ മങ്കാദ് ഗേറ്റുകളില്‍ വന്‍ ജനക്കൂട്ടവുമുണ്ടായി. ഒടുവില്‍ പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
ആരാധകര്‍ക്ക് നേരിട്ട പ്രശ്നത്തില്‍ ക്യാസൂംഗ ട്വിറ്റര്‍ പേജിലൂടെ ക്ഷമയാചിച്ച് രംഗത്തെത്തി. അവര്‍ തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ച ഹിറ്റുകളുടെ കണക്കുകളും നിരത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അധികൃതര്‍ തയാറായില്ല. വാഗഡെ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 32000 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: