പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രഗോപുരത്തിന്റെയും കൊടിമരത്തിന്റെയും വലിപ്പം കുറയ്‌ക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കിറ്റ്കോയുടെയും നിര്‍ദ്ദേശം അപ്രായോഗികവും പ്രതിഷേധാര്‍ഹവുമാണെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.
ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. സര്‍ക്കാരിന്റെ ഈ നീക്കം തീകൊള്ളി കൊണ്ട് തലചൊറിയലാണ്. ചിരപുരാതനമായ ആറന്മുള ക്ഷേത്രത്തിന്റെ ഏറ്റവും സുപ്രധാനമായ ഭാഗങ്ങളാണ് കൊടിമരവും ഗോപുരവും. അതിന് സംഭവിക്കുന്ന ഏത് ആഘാതവും ഭക്തജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും. വിമാനത്താവളത്തിനുവേണ്ടി ആറന്മുള ക്ഷേത്രം വേണ്ടെന്ന് വെക്കുകയാണോ അതോ ക്ഷേത്രത്തിനുവേണ്ടി വിമാനത്താവളം വേണ്ടെന്ന് വെക്കുകയാണോ ഏതാണ് അഭികാമ്യമെന്ന് സര്‍ക്കാരും വിമാനത്താവള കമ്പനിയും തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ജനതയുടെ വിശ്വാസവും സങ്കല്‍പ്പവും പരമപ്രധാനമാണ്. അത് മാനിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആറന്മുള ക്ഷേത്രത്തിന്റെ പ്രതിഷ്ഠാസങ്കല്‍പ്പം പ്രക്യതി സങ്കേതങ്ങളായ പുത്തരിക്കണ്ടം, പുത്തരിയാല്‍, കാവ്, കുളം, നീര്‍ത്തടം,വയല്‍, മല, പുഴ തുടങ്ങിയവയെ ആധാരമാക്കിയിട്ടുള്ളതാണെന്ന് തന്ത്രശാസ്ത്രവിദഗ്‌ദ്ധര്‍ പറയുന്നു. ക്ഷേത്രത്തെ മാത്രമല്ല പമ്പാനദി, പള്ളിയോടം, വള്ളംകളി തുടങ്ങി പൈതൃകവുമായി ബന്ധപ്പെട്ട എല്ലാ സങ്കേതങ്ങളെയും നശിപ്പിക്കാമെന്ന ഗൂഢോദ്ദേശത്തോടെ ചില ശക്തികള്‍ നടത്തുന്ന സമര്‍ത്ഥമായ കരുനീക്കങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്. പൈതൃകം തകര്‍ന്നാല്‍ ജനങ്ങളുടെ ആത്മവീര്യം നശിപ്പിക്കാനും ശിഥിലമാക്കാനും വളരെ പെട്ടെന്ന് സാധിക്കുമെന്ന കണക്കുകൂട്ടലാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഈ കുതന്ത്രങ്ങള്‍ ആറന്മുളയില്‍ വിലപ്പോവില്ല, എല്ലാ പൈതൃകസമ്പത്തുകളും എന്തു ത്യാഗം സഹിച്ചും പരിരക്ഷിക്കും.
കുന്നുകളും മരങ്ങളും വീടുകളും ക്ഷേത്രഭാഗങ്ങളും നീക്കം ചെയ്തു കൊള്ളാമെന്ന ഉറപ്പിന്മേലാണ് കെജിഎസ് ഗ്രൂപ്പ് വ്യോമയാനമന്ത്രാലയത്തില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. കെജിഎസ് നാളിതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ള ഉറപ്പുകള്‍ എന്തെല്ലാമെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. സര്‍ക്കാര്‍ വിമാനത്താവളനിര്‍മ്മാണം സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിച്ച് അവ്യക്തത നീക്കം ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: