ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് ഇതുവരെ 19 കോടി രൂപ ധനസഹായം ലഭിച്ചതായി പാര്‍ട്ടി സമ്മതിച്ചു. വിദേശത്തുനിന്നടക്കം പണം വാങ്ങിയിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി പങ്കജ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. വന്‍തോതില്‍ വിദേശപണം എഎപിക്കു ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു.
സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന പേരില്‍ ആരംഭിച്ചിട്ട് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണംവാങ്ങിയതു പൊതുജനമധ്യത്തില്‍ വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനു സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് സിംഗപ്പൂര്‍,ഹോങ്കോങ്ങ്, ആസ്ത്രേലിയ,അമേരിക്ക,സൗദി,ബ്രിട്ടന്,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പാര്‍ട്ടിക്കു പണം ചിലവ്യക്തികള്‍ നല്‍കിയിട്ടുണ്ടെന്ന് പങ്കജ് ഗുപ്ത സമ്മതിച്ചത്. ആറു കോടി രൂപ വിദേശത്തു നിന്നും ലഭിച്ചിട്ടുണ്ട്.
എഎപിക്കു ലഭിക്കുന്ന ധനസഹായത്തിന്റെ സ്രോതസ്സുകളേപ്പറ്റി ്അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസം ദല്‍ഹി െഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രനികുതി വകുപ്പും മറ്റും അന്വേഷണം ആരംഭിച്ചതോടെയാണ് കണക്കുകള്‍ വെളിപ്പെടുത്താന്‍ എഎപി നേതൃത്വം തയ്യാറായത്. വിദേശത്തു നിന്നും സംഭാവനകള്‍ ലഭിക്കുന്നതിനേപ്പറ്റി കൃത്യമായി വിശദീകരിക്കാന്‍ എഎപിക്കു സാധിക്കുന്നുമില്ല.
അതിനിടെ വന്‍തുകകള്‍ മുടക്കി ഹൈടെക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആംആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസനയും ഇന്നലെ ലഭിച്ചു. പഴയ ദല്‍ഹിയില്‍ ഇന്നലെ എഎപി നേതാവ് അരവിന്ദ് കെജ്രിവാള് നടത്തിയ റോഡ് ഷോയ്ക്ക്് അനുവദനീയമായതിലും അധികം വാഹനങ്ങള്‍ ഉപയോഗിച്ചതിനാണ് ശാസന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കാതെ പ്രവര്‍ത്തിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ താക്കീതില്‍ എഎപി നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഏറ്റവുമധികം തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസനയ്ക്കു വിധേയമായ പാര്‍ട്ടി എഎപിയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് എഎപി നടത്തുന്നത്. എഎപി സ്ഥാപിച്ച ബോര്‍ഡുകളില്‍ ബിജെപി ചിഹ്നമായ താമര വരച്ചുചേര്‍ക്കുകയും ചിഹ്നത്തെ കരിഓയില്‍ കൊണ്ട് വെട്ടി പാര്‍ട്ടിയെ അപമാനിക്കുകയും ചെയ്തതിന്റെ പേരില്‍ നിരവധി പരാതികള്‍ ഇലക്ഷന് കമ്മീഷനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എഎപിക്കാര് വിവാദമായ ബോര്‍ഡുകള്‍ നഗരത്തില്‍ നിന്നും മാറ്റുകയും ചെയ്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: