ശത്രുവിന്റെ ശത്രു മിത്രം എന്ന ചൊല്ല് തന്നെ കേള്‍ക്കാന്‍ സുഖമുള്ളതല്ലേ. അങ്ങനെയെങ്കില്‍ ശത്രു നിലം പരിശാകുന്നത് എത്ര സുഖദമായ കാഴ്ചയായിരിക്കും. ലാവലിന്‍ പ്രേതത്തെ ഉച്ചാടനം ചെയ്യാന്‍ ഇക്കാണായ കാലമത്രയും ശ്രമിച്ചിട്ട് നടന്നിരുന്നില്ല. എന്നുമാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ വിദ്വാന് തന്നെ നാടൊട്ടുക്കും വടി വെട്ടി നാട്ടാര്‍ക്കൊക്കെ നല്കി. കോടതി, ജഡ്ജി, നീതിന്യായം ഇത്തരം കാര്യങ്ങളില്‍ ലേശം ശങ്കയുള്ളതിനാല്‍ എല്ലാമങ്ങ് വെട്ടിത്തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഏതാണ്ട് കലങ്ങിത്തെളിഞ്ഞ അവസ്ഥ. ലാവലിന്‍ പ്രേതത്തെ ഒരുവിധം ഉച്ചാടനം ചെയ്യാന്‍ സാധിച്ചു. എന്നാല്‍ മേപ്പടി പ്രേതത്തെ വേലിക്കകത്തെ വിദ്വാന് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. എല്ലാ ആയുധങ്ങളും മുട്ടുമടക്കിയ സ്ഥലത്ത് അതുമാത്രമേ രക്ഷയ്ക്കുണ്ടായിരുന്നുള്ളൂ. അതിന്റെ ശക്തിക്ക് ക്ഷയം വന്നിട്ടുണ്ടെങ്കില്‍ ഇനി മറ്റ് ചില പ്രയോഗങ്ങള്‍ വേണ്ടി വരും.
ഏതായാലും പ്രേതം കൂട്ടുപിരിഞ്ഞതില് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അതിന്റെ പീഡനത്തിന് വിധേയനായ ആളല്ല. കൊട്ടാരക്കരയ്ക്ക് വേണ്ട ബഹുമാനിതനാണ്. പരമദുഷ്ടന്റെ കൈയിലിരിപ്പിന് കണക്കിന് കിട്ടിയതില്‍ മനംനിറഞ്ഞ് സന്തോഷിക്കുകയത്രേ വിദ്വാന്. തന്റെ ഇരുമ്പഴികള്‍ക്കുള്ളിലെ വാസമുള്‍പ്പെടെയുള്ള ചില സമ്മാനങ്ങള്‍ തന്ന വിദ്വാന് കണക്കിന് കിട്ടിയതില്‍ ആഹ്ലാദിക്കാതിരിക്കുന്നതെങ്ങനെ? പണ്ട് വൈദ്യുതി കൈകാര്യം ചെയ്തപ്പോള്‍ മുതല്‍ അതിനെപ്പറ്റി കിറുകൃത്യമായി അറിയാവുന്നതാണ്. അണപൈ അഴിമതി നടത്താന്‍ പറ്റാത്ത വകുപ്പാണത്. തൊട്ടാല്‍ ഷോക്ക് ഉറപ്പ്. അങ്ങനെയുള്ളപ്പോള്‍ ലാവലിനല്ല മേവ്ലിന് വന്നാലും അഴിമതി നടത്താനാവുമോ? ഛായ് ഒരിക്കലുമില്ല. അതിനെക്കുറിച്ച് നല്ലോണം അറിയുന്നതുകൊണ്ടാണ് വേലിക്കകത്തെ വിദ്വാന്റെ കളികളെല്ലാം പരമദുഷ്ടതയാണെന്ന് പറഞ്ഞത്. ആ ദുഷ്ടതയ്ക്ക് പണി കിട്ടുമ്പോള്‍ മനംനിറഞ്ഞ് ആഹ്ലാദിച്ചില്ലെങ്കില്‍ മനുഷ്യനായി പിറന്നിട്ട് എന്തുകാര്യം. അഴിമതിയുടെ അഴിയാക്കുരുക്കിനെപ്പറ്റി ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ കൊട്ടാരക്കരയ്ക്ക് കുതിച്ചോളിന്. ഒരച്ഛനും മകനും സര്‍വ സന്നാഹങ്ങളോടെയും അവിടെ കാത്തിരിക്കുന്നു, സത്യമേവ ജയതു എന്നു ചൊല്ലിക്കൊണ്ട്.
പഞ്ച’ഗകാര’ങ്ങളെക്കുറിച്ച് ബോധ്യമുള്ളവരെ, പിടിച്ചുനില്ക്കാന് അതെത്രമാത്രം കരുത്ത് തരുമെന്ന് അറിഞ്ഞുകൊള്ളിന്. ലാവലിന്‍ കുരുക്കിന്റെ മരണക്കെണിയില്‍ പെട്ടപ്പോള്‍ പിടിച്ചുനിന്നത് മേപ്പടി പഞ്ചഗകാരങ്ങളുടെ സൗശീല്യം കൊണ്ടാണ്. ഇവിടെ പക്ഷേ, ഹിന്ദുത്വര്‍ (മാധ്യമ-തേജസാദികളേ കടമെടുപ്പിന് ക്ഷമിക്കണേ) പറയുന്ന ഗകാരം അല്ലന്നേയുള്ളൂ. അത് പഞ്ചബോധ്യങ്ങളാണ്. ഈ പഞ്ചയ്ക്ക് നല്ല പഞ്ചാണ്. പഞ്ചപാണ്ഡവരുടെ കരുത്തില്‍ തോറ്റ് പിന്തിരിഞ്ഞ കൗരവരെ ഓര്‍മയില്ലേ? വയം പഞ്ചാധികം ശതം, പഞ്ചപ്രാണന്‍, പാഞ്ചാലി, പഞ്ചശീലം തുടങ്ങി പഞ്ചമങ്ങളുടെ കരുത്തും കുളിരും കാരുണ്യവും ഒരുവിധപ്പെട്ടവര്‍ക്കൊക്കെ ബോധ്യമുള്ളതാണ്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നുപറഞ്ഞ ആചാര്യന് ഈ പഞ്ചബോധ്യങ്ങളെക്കുറിച്ച് ബോധവാനായിരുന്നോ എന്നു ചോദിക്കരുത്. വേലിക്കകത്തെ വലിയ നേതാവ് ഏതറ്റം വരെ പോയിട്ടും കുലുങ്ങാതിരുന്നതിന്റെ രഹസ്യം ഈ പഞ്ചബോധ്യമാണ്.
അതുകൊണ്ടാണ് ഒരു നേതാവിന്നും പൊട്ടുംപൊളിയുമില്ലാതെ നടക്കുന്നത്. കൈയടി നേടാന്‍ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് കോടതി തന്നെ കണക്കിന് കൊടുത്തതും ആ ബോധ്യത്തിന്റെ ഗരിമ കൊണ്ടാണ്. മഞ്ഞപ്പത്രങ്ങളും ആന്റി കമ്മ്യൂണിസ്റ്റുകളും മുന്‍ കമ്മ്യൂണിസ്റ്റുകളും ഭാവി കമ്മ്യൂണിസ്റ്റുകളും നടപ്പ് കമ്മ്യൂണിസ്റ്റുകളും ഇനിയുള്ള കാലം ചെയ്യേണ്ടത് എന്തെന്നാല്‍ ഈ പഞ്ചബോധ്യങ്ങളെക്കുറിച്ച് ശരിയായ അറിവു നേടലാണ്. അങ്ങനെ നേടിക്കഴിഞ്ഞാല്‍ പിന്നെ കമ്മ്യൂണിസ്റ്റുകളല്ലാതെ ഈ ഭൂമുഖത്ത് മറ്റാരുണ്ടാവാന്. പഞ്ചശീലതത്വങ്ങളെക്കുറിച്ച് പാര്‍ട്ടി ക്ലാസില്‍ എന്ത് പഠിച്ചാലും കുഴപ്പമില്ല. പക്ഷേ, പഞ്ചബോധ്യങ്ങള് അരക്കിട്ടുറപ്പിക്കണം. കൈയടി നേടാനുള്ള എല്ലാ ശ്രമങ്ങളും ഇതോടെ പരണത്ത് വെച്ച് പുതിയ പാര്‍ട്ടി ക്ലാസിലെത്തി തീസീസുകള് പകര്‍ന്നുകൊടുക്കാന്‍ തയ്യാറായാല്‍ വേലിക്കകത്തും പുറത്തുമുള്ള സകല നേതാക്കള്‍ക്കും നേരെ ചൊവ്വെ പാര്‍ട്ടി പതാക കണ്ട് സിദ്ധി കൂടാം. ഇല്ലെങ്കിലോ? അങ്ങനെയൊരു ചോദ്യത്തിനുപോലും പ്രസക്തിയില്ല.
ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്നതല്ല ഈ പഞ്ചബോധ്യമെന്ന് അറിഞ്ഞുകൊള്ളണം. സ്ഥാനമാനങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ കുറഞ്ഞുവരുന്നതിന്റെ മൂലകാരണത്തിലേക്ക് ആണ്ടിറങ്ങിയതിനെത്തുടര്ന്നാണ് അത്തരമൊരു അമൃതനിഷന്ദിയായ സമീപനം രൂപപ്പെട്ടത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെങ്കിലും അതിലുമുണ്ട് ഒരു ബോധ്യം. അതെന്താണെന്നുവച്ചാല് ഹിന്ദുത്വര്‍ ഒഴികെയുള്ളവയെ കൂട്ടിപ്പിടിച്ചാല്‍ പിന്നെ പിന്നോട്ട് നോക്കേണ്ടതില്ല.
മതാനുഷ്ഠാനങ്ങളും അതുമായി ബന്ധപ്പെട്ട സകല സംഗതികളില്‍നിന്നും മാറി നില്ക്കാന് ആഹ്വാനം ചെയ്യുന്ന പ്രമേയം പാസ്സാക്കുകയും ചെയ്യും. എന്നാല്‍ അത് വോട്ടുകൊണ്ടു തരില്ല. അതുമനസ്സിലാക്കാനുള്ള കഴിവാണ് ആദ്യത്തെ ബോധ്യം. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയിലെയും പുറത്തെയും കുഞ്ഞാടുകള്ക്കായി പാര്‍ട്ടി പള്ളി പണിയുന്നു. പാര്‍ട്ടിയുടെ വഴിയിലൂടെയാണ് പോവുന്നതെങ്കില്‍ മതമെന്ന കറുപ്പ് വെളുപ്പാവും. വെളുപ്പില്‍ അരിവാള്‍ വരും, ചുറ്റിക വീഴും, ഒടുവില്‍ നക്ഷത്രമെണ്ണുകയും ചെയ്യാം. അതിന്റെ തുടക്കം അങ്ങ് വടക്ക് മലയോര മേഖലയിലാണ്. ക്രിസ്ത്യന്‍ സമുദായത്തിലുള്ള പാര്‍ട്ടി അനുഭാവികളെ ഉറപ്പിച്ചു നിര്‍ത്താനാണ് ക്രിസ്ത്യന്‍ മേഖലകളില്‍ പള്ളി പണിയാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്തയും പഞ്ചബോധ്യമുള്ള നേതാവ് മുട്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ കാര്‍ട്ടൂണും സഹിതം നവം.4 ന്റെ മലയാളമനോരമയില്‍ ആയത് കാണാം. തലക്കെട്ട് ഇങ്ങനെ: കുരിശിന്റെ വഴിയേ സിപിഎം: ക്രിസ്ത്യന്‍ പള്ളി പണിയുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ നിസ്കാരപ്പായയും സുലൈമാനിയും നല്കി മുസ്ലിം സഹോദരങ്ങളെ കൂടെ നിര്‍ത്തുന്നു. അവര്‍ക്കായി പുതിയ മാസിക തുടങ്ങുന്നു. മതേതരത്വത്തിന്റെ പഞ്ചബോധ്യങ്ങളില് പക്ഷേ രാമായണം വായിക്കുന്ന ഹിന്ദുത്വര്‍ മാത്രമില്ല. അതാണ് മതേതരത്വം സംബന്ധിച്ച പാര്‍ട്ടി ബോധ്യം. ഒന്നും തിരിച്ചു ചോദിക്കരുത്. ഞങ്ങള്‍ പറയും, നിങ്ങള്‍ കേള്‍ക്കും, അവര്‍ പ്രവര്‍ത്തിക്കും. വിപ്ലവാഭിവാദ്യങ്ങള്‍.
പൊതുപ്രവര്‍ത്തകനായാലും പ്രവര്‍ത്തകയായാലും ഒരു കാര്യം ശ്രദ്ധിച്ചോളണം. പണ്ടത്തെ കാലമല്ല. കാണുന്നിടത്തൊക്കെ പീഡനങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. ചിലര്‍ പ്രശസ്തിക്ക്, പ്രചാരണത്തിന്, മാധ്യമശ്രദ്ധയ്ക്ക്, റേറ്റിങ് കൂട്ടാന്‍….അങ്ങനെയങ്ങനെ എന്തിനും ഏതിനും പീഡനം ആയുധമാക്കാം. അങ്ങനെയല്ലെന്നും വരാം. ശ്വേതാ മേനോന് എന്ന കലാകാരിയെ ആ നിലയ്ക്കല്ലാതെ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് നന്നായില്ല. പക്ഷേ, അങ്ങനെ സംഭവിച്ചിട്ടുണ്ടോ? ക്യാമറക്കണ്ണുകള്‍ അതിവിദഗ്ദ്ധമായി ഇല്ലാത്തത് ഉണ്ടാക്കും, ഉള്ളത് ഇല്ലാതാക്കും. ഏതായാലും മനശുദ്ധിയുള്ളവര്‍ എവിടെപ്പോയാലും ഒന്നും സംഭവിക്കില്ല. അങ്ങനെ സംഭവിക്കുമെന്ന് അറിയുന്ന നിമിഷം പ്രതികരിച്ചിരിക്കും. ചടങ്ങായാലും അല്ലെങ്കിലും. ശേഷിച്ചതൊക്കെ ഒരു നാടകമായി കാണുക. മാധ്യമങ്ങള്‍ക്കും മറ്റും തകര്‍ത്ത് അഭിനയിക്കാന്‍ ഒരവസരം. ദൈവത്തിന്റെ സ്വന്തം നാടെന്ന പേരില്‍ അഹങ്കരിക്കുമ്പോള്‍ യഥാര്‍ത്ഥ ദൈവം ചിലപ്പോള്‍ പണിതരും; അത് നല്ല പണിയായിരിക്കും. ശ്വേതാമേനോന് എന്ന കലാകാരിയെ അപമാനിക്കാന്‍ ആരെങ്കിലും ശ്രമിച്ചുവെങ്കില്‍ അവരില്‍ കുടിയേറിയ ചെകുത്താനെ കഴിവതും വേഗം പറഞ്ഞുവിടുക. ഉച്ചാടന ക്രിയകള്‍ സങ്കീര്‍ണമായാലും പ്രശ്നമില്ല.
കാര്‍ട്ടൂണീയം
മുന്നൂറ് ദിവസം നീളുന്ന ചൊവ്വാപര്യവേക്ഷണത്തിന്റെ തുടക്കം ഉജ്വലമായി. അതിന്റെ രാഷ്ട്രീയ മാനം എന്താണെന്ന് ചൂണ്ടിക്കാണിക്കുന്നു ഗോപീകൃഷ്ണന്. മാതൃഭൂമി (നവം.6)യുടെ ഒന്നാംപേജില്‍ അതുകാണാം. മംഗള്യാന് വിജയകരമായി പര്യവേക്ഷണം പൂര്‍ത്തിയാക്കുമ്പോള്‍ 120 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് സഫലമാകുക. എന്നാല്‍ രാഷ്ട്രീയ മംഗള്യാന് വിജയിക്കുമ്പോള്‍ വേലിക്കകത്തും പുറത്തുമുള്ള ഒട്ടേറെപേര്‍ ഇരുള്മുറിയിലൊതുങ്ങും. എന്തുചെയ്യാന്‍. നന്ദി, ഗോപീകൃഷ്ണന്.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: