അധ്യായം – 1
“ധര്മ്മപരീക്ഷയില് ജയിച്ചവരെ ന്യായാധിപന്മാരായും അര്ത്ഥപരീക്ഷയില് ജയിച്ചവരെ ധനസംബന്ധമായ ചുമതലകളിലും കാമപരീക്ഷയെ ജയിച്ചവരെ അന്ത:പ്പുരക്കാവലിലും ഉഭയപരീക്ഷ ജയിച്ചവരെ സുരക്ഷാകാര്യത്തിനും എല്ലാത്തിലും ജയിച്ചവരെ മന്ത്രിമാരായും നിയമിക്കേണ്ടതാകുന്നു”. -പറയുന്നത് ചാണക്യന്, ഗ്രന്ഥം അര്‍ത്ഥശാസ്ത്രം.
“ശുദ്ധചരിതരും വിവേകികളും സ്ഥിരമതികളും യഥാന്യായം ധനാഭിവൃദ്ധിവരുത്തുന്നവരുമായ വ്യക്തികളെ നല്ലതുപോലെ പരീക്ഷിച്ചിട്ട്് അധികാരികളായി നിയമിക്കണം”- മനുസ്മൃതി
വിമര്‍ശനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും നല്കിയ മുഖമുദ്ര കാലപ്പഴമയുടെ ഇരുളിലേക്ക് അസാംസ്കാരികമെന്ന വിധിയെഴുത്തുമായി ഈ ഗ്രന്ഥങ്ങളെ തള്ളിയിടുമ്പോള്‍ ഭാരതീയന് നഷ്ടമാകുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ പറഞ്ഞുവച്ച ധര്‍മ്മാധിഷ്ഠിതമായ ഒരു ഭരണശൈലി കൂടിയാണ്. പിഴവരാതെ രാജ്യത്തെയും ജനങ്ങളെയും കാക്കാനാവശ്യമായ ധര്‍മ്മാധിഷ്ഠിതമായ എത്രയോ തത്വങ്ങള്‍ വ്യക്തതയോടെ നിഷ്ക്കര്‍ഷിക്കുന്നുണ്ട് ചാണക്യന്റെ അര്‍ത്ഥശാസ്ത്രവും മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളും.
ഭരിക്കുന്നവന്റെ മനോധര്‍മ്മമനുസരിച്ച് നിയമങ്ങളും വ്യവസ്ഥകളും സമ്പ്രദായങ്ങളും മാറിയേക്കാം. എങ്കിലും ഭാരതത്തെ തുണ്ടുകളായി പങ്കുവച്ച സാമ്രാജ്യങ്ങളിലെ നാട്ടുരാജാക്കന്മാര്ക്കും അവരുടെ വിവേകശാലികളായ സചിവപ്രമുഖര്ക്കും ഭരണത്തിന്നാധാരം ഏറെക്കുറെ സ്മൃതികളും പുരാണങ്ങളും തന്നെയായിരുന്നു. പിന്നീട് രാജവാഴ്ച്ചയും കല്ലേപിളര്‍ക്കുന്ന കല്പ്പനകളും വൈദേശികഭരണത്തിന്റെ കാല്ക്കീഴില് അമര്ന്നവസാനിച്ചപ്പോള് ഏകതാബോധം ഉള്‍ക്കൊണ്ട ഭാരതീയര്‍ ജീവനും രക്തവും നല്കി ഭാരതത്തെ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. കത്തിപ്പടര്‍ന്ന സ്വാതന്ത്ര്യസമരാഗ്നിക്ക് ആക്കം കൂട്ടി ലോകമാന്യതിലകന്‍ പ്രഖ്യാപിച്ചു; “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. ഞാനത് നേടിയെടുക്കുകതന്നെ ചെയ്യും”.
ആ വാക്കുകള്‍ വെറുതെയായില്ല. സ്വാതന്ത്ര്യം എന്നതിനപ്പുറം ചിന്തിക്കാത്ത ഭാരതീയന് പക്ഷേ പുതിയൊരു ഭാരതം അഥവാ സ്വതന്ത്രഭാരതം കെട്ടിപ്പടുക്കാനായോ…അതിനായി അവന് വീണ്ടുമാശ്രയിച്ചത് വൈദേശികഭരണഘടനയെത്തന്നെ. സ്വാതന്ത്ര്യം എന്ന ഒറ്റലക്ഷ്യത്തിനായി ജീവനും രക്തവും നല്കി മുന്നില്‍ നിന്നവര്‍ക്കിടയില്‍ പിന്നീട് സംഭവിച്ചതെന്താണ്. ഭിന്നാശയങ്ങളിലും ആദര്‍ശങ്ങളിലും മാര്‍ഗ്ഗങ്ങളിലും ഓരോരുത്തരും മുറുകെ പിടിച്ചപ്പോള്‍ ഭാരതം രണ്ടായി. ആദര്‍ശവും ദേശീയതയും കൊടിയടയാളങ്ങളായി പ്രതീകവത്ക്കരിക്കപ്പെട്ടപ്പോള് അട്ടിമറിയും വിധ്വംസകപ്രവര്‍ത്തനങ്ങളും ഭീകരതയും മാഫിയകളും അരങ്ങു തകര്‍ക്കുന്ന ജനാധിപത്യവ്യവസ്ഥ സംജാതമായി.
ഇനി തിരയേണ്ടത് ഇതാണ്. എന്ന് എവിടെയാണ് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള, സമസ്തലോകവും ആദരവോടെ കണ്ടിരുന്ന ഭാരതത്തിന്റെ പൈതൃകം നഷ്ടമായത്.
അനാദികാലം മുതല്‍ ഭാരതത്തില്‍ മുഴങ്ങികേള്‍ക്കുന്ന ശബ്ദമാണ് ധര്‍മ്മം. വിദേശീയനെ ഭാരതത്തിന്റെ മണ്ണിലേക്ക് പ്രേരിപ്പിക്കുന്നതും ഈ ശബ്ദം തന്നെയാണ്. എക്കാലത്തെയും എല്ലാ ഭരണാധിപന്മാരും ധര്‍മ്മത്തെ രക്ഷിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്തിരുന്നിരിക്കില്ല. പക്ഷേ പ്രജാഹിതവും അനുശാസനാവിധിയും കൃത്യമായി വിവരിക്കുന്ന ഗ്രന്ഥങ്ങളും നീതിയറിയുന്ന ആചാര്യശ്രേഷ്ഠന്മാരും നിലനില്‍ക്കെ രാജാവ് എന്ന പരമാധികാരിയുടെ സ്വേച്ഛാധിപത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒന്നുറപ്പ്, പുരോഗതിയുടെ കൊടുമുടികള്‍ പിന്നിടുന്ന നാഗരികജീവിതത്തിനും അറിഞ്ഞോ അറിയാതെയോ ചാണക്യന്റെ അര്‍ത്ഥശാസ്ത്രവും സ്മൃതിഗ്രന്ഥങ്ങളും ആധാരമാകുന്നു.
ഇവിടെ രാജാവ് എന്ന വാക്കിന് പ്രജാപരിപാലന നിഷ്ഠനായ ഭരണാധികാരി എന്ന അര്‍ത്ഥം നല്കി അര്‍ത്ഥശാസ്ത്രത്തിന്റെയും മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളുടെയും കാലികപ്രസക്തി പഠിക്കണം. പൗരാണികതയും ആധുനികതയും തമ്മിലുള്ള സമാനതയും വൈരുദ്ധ്യവും തിരിച്ചറിഞ്ഞ്, പൂര്‍വ്വികരായ ഭരണഘടനാശില്‍പ്പികളുടെ നീതിബോധവും ധര്മ്മതത്പരതയും അടുത്തറിഞ്ഞ് എങ്ങനെ ഒരു ഭരണകൂടത്തിന് നീതിബോധം നഷ്ടമാകുന്നു എന്ന് മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
നിഷ്പക്ഷമായ ഒരന്വേഷണമാണിത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചാണക്യനെപ്പോലുള്ള രാഷ്ട്രവിശാരദന്മാര് പറഞ്ഞുവച്ച തത്വങ്ങളും നിര്‍ദ്ദേശങ്ങളും എന്തുകൊണ്ട് പാടേ തള്ളപ്പെടുന്നു. ആസൂത്രണത്തിന്റെയും വികസനത്തിന്റെയും പേരില്‍ ഓരോ സമിതികള്‍ രൂപീകരിച്ച് കോടികള്‍ പാഴാക്കുന്നവര്‍ എന്തുകൊണ്ട് വ്യവസ്ഥാപിതമായ ഒരു വികസനപ്രക്രിയ സാധ്യമാക്കാനാവശ്യമായ അടിസ്ഥാനമൂല്യങ്ങളും തത്വങ്ങളും അറിയാതെ ഇരുട്ടില്‍ തപ്പുന്നു. രാജവാഴ്ച്ചയും ജാതിവ്യവസ്ഥയും പൗരോഹിത്യവും തിരികെ കൊണ്ടുവരണമെന്നല്ല ഈ പംക്തിയിലൂടെ ഉദ്ദേശിക്കുന്നത്. ത്യാജ്യഗ്രാഹ്യ ബുദ്ധിയുടെ പ്രയോഗം, വേണ്ടത് സ്വീകരിച്ച് വേണ്ടാത്തത് തള്ളാനുള്ള വിശാലമനസ്കത, അതിനെന്തേ ജനാധിപത്യവ്യവസ്ഥയിലെ പുതിയ രാജാക്കന്മാര് മടിക്കുന്നു എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്.
പണ്ടൊരു ബാലന് ചിത്രശലഭങ്ങളെ കൊന്ന് ഈര്‍ക്കിലില്‍ കോര്‍ത്ത് ആനന്ദിച്ചിരുന്നു. പിന്നീടവന് വളര്‍ന്നു വലുതായി ലൗകിക ജീവിതത്തില്‍ നിന്ന് വിരക്തിനേടിയ സന്ന്യാസിയായി. പക്ഷേ അറിയാതെങ്കിലും ചെയ്തുപോയ തെറ്റിന്റെ ശിക്ഷയുമായി ആ മഹര്‍ഷി ജീവനോടെ ശൂലത്തില്‍ തറയ്ക്കപ്പെട്ടു. ഇതൊരു കഥയാകാം അല്ലെങ്കില്‍ കാലങ്ങള്‍ക്ക് മുമ്പെപ്പഴോ സംഭവിച്ചതാകാം. എങ്കിലും ശിക്ഷകളുടെ ധര്‍മ്മവ്യവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ഒന്നാണ് ഇത്.
ഓരോ തെറ്റുകള്‍ക്ക് പിന്നിലും കര്‍മ്മകാണ്ഡത്തിന്റെ അപ്രകാശിതങ്ങളായ വിധികള്‍ നമ്മെ തേടിയെത്തുമെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഇതിലും നല്ലൊരു കഥവേണ്ട. കൊടിയുടേയും ചിഹ്നത്തിന്റെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ മനുഷ്യന് മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുന്ന നാടാണ് നമ്മുടേത്.
വിശുദ്ധിയുടേയും കാരുണ്യത്തിന്റെയും അവസാനവാക്കായ പെറ്റമ്മ പോലും തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. കാരുണ്യവും ആര്‍ദ്രതയും നഷ്ടമായ ഒരു സമൂഹത്തില്‍ പരസ്പരവിശ്വസമില്ലാത്ത ഒരുജനത വാതിലുകള്‍ കൊട്ടിയടച്ച് ജീവിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അറുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഭാരതത്തിന്റെ മുഖം. ഇതിന് മാറ്റമുണ്ടാകാന്‍ നഷ്ടമായ മൂല്യങ്ങളെന്തെന്ന തിരിച്ചറിവെങ്കിലുമുണ്ടാകണം. ആരെയും അതിശയിപ്പിക്കുന്ന നീതിന്യായവ്യവസ്ഥയുടെയും സുഭരണത്തിന്റെയും വെറും കുറിപ്പായി മാത്രം അര്ത്ഥശാസ്ത്രാദി ഗ്രന്ഥങ്ങള്‍ മാറുമ്പോള്‍ ഓര്‍ത്തെടുക്കേണ്ട, ഓര്‍മ്മിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ അടുത്തയാഴ്ച്ച മുതല്‍.
-തുടരും
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: