സമാജസേവനത്തിന് ഭാഷയൊരു ഘടകമാണോ എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ടാകും. ഉത്തരമെന്തായാലും ഹൃദയത്തിനൊരു ഭാഷയുണ്ടാകുമെന്നതില് പക്ഷാന്തരമുണ്ടാകുകയുമില്ല. ഇനി ഹൃദയത്തിന്റെ ഭാഷ എന്നത് ഏതെങ്കിലും ഒരു ഭാഷയുടെ മാത്രം വിശേഷണമാകുമെങ്കില് സംസ്കൃതത്തെ അങ്ങനെ വിശേഷിപ്പിക്കണം. സംസ്കാരത്തിന്റെയും തിരിച്ചറിവിന്റെയും പരോപകാരത്തിന്റെയും ആത്മസാക്ഷാത്ക്കാരത്തിന്റെയും പാതയിലേക്ക് മനുഷ്യനെ നയിക്കാന്‍ ഇതുപോലെ മറ്റൊരു ഭാഷക്ക് കഴിയില്ലെന്നാണ് കൊടുങ്ങല്ലൂരില്‍ ‘നിവേദിതം’ എന്ന സ്ത്രീവിചാരസത്രത്തില് പങ്കെടുത്ത ഒരു കൂട്ടംവനിതകള് ഉറപ്പിച്ച് പറഞ്ഞത്. അവര്‍ക്ക് തെറ്റിയിട്ടേയില്ല, കാരണം അത്രമേല്‍ സംസ്കൃതം ഒരു ഹൃദയവികാരമായി അവരുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു.
നിരപരാധിയായ ഭര്‍ത്താവിനെ കള്ളനെന്ന് മുദ്ര കുത്തി അപായപ്പെടുത്തിയ ഭരണകൂടത്തിനെ ഒറ്റച്ചിലമ്പൊച്ചയാല് വിറകൊള്ളിച്ച് എരിയിച്ച കണ്ണകിയുടെ നാട്ടില്‍, കൊടുങ്ങല്ലൂരില്‍ ഇക്കഴിഞ്ഞ; ഞായറാഴ്ച്ച അപൂര്‍വ്വമായൊരു സ്ത്രീസംഗമമാണ് നടന്നത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ സത്സംഗങ്ങളും സാംസ്കാരിക സമ്മേളനങ്ങളും പതിവാണെങ്കിലും അന്ന് ആ മണ്ഡപത്തില്‍ നിന്നുയര്‍ന്ന വേദവാണി വാസ്തവത്തില്‍ ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച സ്വാമി വിവേകാനന്ദനുള്ള ആദരം കൂടിയായിരുന്നു. ജാതി മത ഉച്ചനീചത്വങ്ങള്‍ കണ്ട് മനസുമടുത്ത വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് ലോകം ഇന്നും ചര്‍ച്ച ചെയ്യുന്നു. പക്ഷേ കേരളത്തില്‍ നിന്ന് മടങ്ങുമ്പോള്‍ അപൂര്‍വ സുന്ദരമായ ചില അനുഭവങ്ങള്‍ കൂടി ആ യോഗീശ്വരന്റെ ഹൃദയത്തിലുണ്ടായിരുന്നു. സംസ്കൃതം സംസാരിക്കാനറിയുന്ന സ്ത്രീകളുടെ നാടുകൂടിയാണ് കേരളമെന്ന് അന്ന് വിവേകാനന്ദന് പറഞ്ഞിരുന്നു. പക്ഷേ അതാരും ശ്രദ്ധിച്ചില്ല. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടികള്‍ വിവേകാനന്ദനോട് സംസ്കൃതത്തില്‍ സംസാരിച്ചത് ചരിത്രത്തിലെ ചില തിരുശേഷിപ്പുകളിലൊന്ന്.
വിവേകാനന്ദന്റെ ജന്മസാര്ദ്ധശതി ആഘോഷിക്കുമ്പോള്‍ വിവേകാനന്ദപാദം പതിഞ്ഞ കൊടുങ്ങല്ലൂരിലെ അതേ മണ്ണില്‍ സംസ്കൃതജ്ഞരായ സ്ത്രീകളുടെ ഒരു സംഗമം വിളിച്ചുചേര്‍ക്കണമെന്ന ആശയം വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റേതായിരുന്നു. സംസ്കൃതഭാഷയുടെ പ്രചാരണത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്കൃത ഭാരതിയുടെ കേരള ഘടകമാണ് വിശ്വസംസ്കൃത പ്രതിഷ്ഠാനം കൊടുങ്ങല്ലൂരിലെ സംസ്കൃത വനിതാസംഗമം വിഷയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും ഏറെ വ്യത്യസ്തമായിരുന്നു. സമൂഹത്തിലും രാഷ്ട്രപുരോഗതിയിലും സ്ത്രീകള്‍ക്ക് വലിയ ഉത്തരവാദിത്വമാണ് വഹിക്കാനുള്ളതെന്ന് സ്വാമിജി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ആധുനിക വനിതാ വിമോചന പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭാരതീയ ചിന്താധാരകളില്‍ ഊന്നിനിന്നുകൊണ്ട് സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കണം എന്ന ലക്ഷ്യമാണ് ഈ പരിപാടിക്കുണ്ടായിരുന്നത്.
ഭാരതീയ പുനരുത്ഥാനത്തിന് വിവേകാനന്ദനും സംസ്കൃതവും സ്ത്രീകളുടെ ഉന്നമനവും അടിസ്ഥാനമായതുകൊണ്ട് ഈ മൂന്ന് വിഷയങ്ങളും ചേര്‍ന്നുള്ള വനിതാസംഗമത്തെ ത്രിവേണിസംഗമമെന്നാണ് ഉദ്ഘാടന സഭയില്‍ അധ്യക്ഷയായ വിവേകാനന്ദ വേദിക് വിഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മി കുമാരി വിശേഷിപ്പിച്ചത്. വിചാരസത്രം ഉദ്ഘാടനം ചെയ്ത പ്രശസ്ത സാഹിത്യകാരി പി. വല്‍സലയും നഷ്ടമാകുന്ന പൈതൃകമൂല്യങ്ങളെക്കുറിച്ചുള്ള തന്റെ ആവലാതി പങ്കുവച്ചു. തുടര്‍ന്നു നടന്ന ‘സാമൂഹിക പരിവര്‍ത്തനത്തില്‍ സ്ത്രീകളുടെ പങ്ക്- സംസ്കൃതത്തിലൂടെ’ എന്ന വിചാരസത്രം സംസ്കൃതം പഠിച്ച സ്ത്രീകളുടെ സ്വാനുഭവത്തിലൂന്നിയ വിഷയാവതരണം കൊണ്ട് പുതുമ നിറഞ്ഞതും പ്രേരകവുമായിരുന്നു. സമൂഹത്തിന്റെ നന്മകളെ ആദ്യം തിരിച്ചറിഞ്ഞ് അതിനെ വളര്‍ത്തുന്നതില്‍ സ്ത്രീകളാണ് മുന്‍പന്തിയിലെന്ന് ശ്രീകൃഷ്ണനേയും ഗോപികമാരേയും അനുസ്മരിച്ചുകൊണ്ട് വിചാരസത്രത്തില്‍ അധ്യക്ഷയായിരുന്ന പ്രശസ്ത അഭിഭാഷക ശുഭലക്ഷ്മി ചൂണ്ടിക്കാണിച്ചു.
സംസ്കൃത പഠനത്തിലൂടെ വ്യക്തിജീവിതത്തില്‍ വന്ന മാറ്റത്തെ സമാജത്തോടുളള കടപ്പാടാക്കി മാറ്റണമെന്ന് എല്ലാ വിഷയാവതാരകരും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഓര്‍മ്മപ്പെടുത്തി. സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവ പരിഹരിക്കുന്നതിലുള്ള പങ്കിനെക്കുറിച്ചും അറിയാന്‍ വിശ്വസംസ്കൃത പ്രതിഷ്ഠാന്റെ പൂര്‍ണസമയ പ്രവര്‍ത്തകയായിരുന്ന നാളുകള്‍ തന്നെ പ്രാപ്തയാക്കിയെന്ന് ഹൈക്കോടതി അഭിഭാഷകയായ ശ്രീകല ചൂണ്ടിക്കാട്ടി.
യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ വീട്ടമ്മയായിരുന്ന തന്നില്‍ ധൈര്യവും സാമൂഹികസേവനബോധവും ഉണര്‍ത്തിയത് സംസ്കൃതം പഠിച്ച ഭര്‍ത്താവിന്റെ പ്രേരണയും സംസ്കൃതപ്രതിഷ്ഠാനത്തിലെ പ്രവര്‍ത്തനവുമാണെന്ന് ഗുരുവായൂര്‍ മുന്‍ കൗണ്‍സിലറായ ശോഭാ ഹരിനാരായണന് വിവരിച്ചു. സമാജ പരിവര്‍ത്തനം സ്വകുടുംബത്തില്നിന്ന് എന്ന ആശയം പ്രാവര്‍ത്തികമാക്കിയ ഡോ.സി.എന്‍.വിജയകുമാരി സ്വന്തം കുടുംബത്തെ സംസ്കൃത കുടുംബമാക്കിയ അനുഭവം വിവരിച്ചത് ഏറെ ഹൃദ്യമായി. സംസ്കൃതപഠനത്തിലൂടെ കൈവന്ന മൂല്യബോധമാണ് സമാജത്തില്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ട കുടുംബാന്തരീക്ഷം ഒരുക്കിയെടുക്കാന്‍ പ്രാപ്തയാക്കിയതെന്ന് ജ്യോതിഷരത്നം ദേവകി അന്തര്‍ജ്ജനം വിവരിച്ചു.
വിചാരസത്രത്തെത്തുടര്ന്ന് വിവേകാനന്ദ ജയന്തി ദേശീയ യുവദിനം ആയി ആചരിക്കുന്നതിന്റെ പ്രസക്തി എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ലഘുപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വന്ദേ വിവേകാനന്ദം എന്ന പേരില്‍ കെവിഎസ്വിപി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നൊരുക്കിയ നാടകാവിഷ്ക്കാരം സദസ്സിനെ കോരിത്തരിപ്പിക്കുന്നതായിരുന്നു. മുസരിസ് പൈതൃക പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും നടക്കുന്ന ഈ അവസരത്തില്‍ ബോധപൂര്‍വം ഇരുട്ടിലാക്കപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ യഥാര്‍ത്ഥചരിത്രത്തെ തിരിച്ചറിഞ്ഞ ഈ നാട്ടിലെ അഭിമാനികളായ പൗരജനം വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ വനിതാസമ്മേളനവുമായി കൈകോര്‍ത്തപ്പോള്‍ കണ്ണകിയുടെ മണ്ണില്‍ ഒത്തുകൂടിയ വനിതകള്‍ അഭിമാനത്തിന്റെയും ആത്മബോധത്തിന്റെയും തിളങ്ങുന്ന ശക്തികളായി. ഒപ്പം സമത്വചിന്തയുടെ ബാലിശവാദങ്ങളില് സ്വത്വം നഷ്ടപ്പെട്ട ഫെമിനിസമല്ല, ആത്മസാക്ഷാത്ക്കാരത്തിലും സംസ്ക്കാരത്തിലൂന്നി സ്വയം തിരിച്ചറിയുന്ന ശാക്തീകരണമാണ് നാടിന് വേണ്ടതെന്ന വിളമ്പരം കൂടിയായി കൊടുങ്ങല്ലൂരിലെ നിവേദിതം എന്ന സ്ത്രീവിചാരസത്രം.
വന്ദന. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: