ഒരു പെരുമഴയുടെ പിറ്റേന്ന്
വന്മരം തലതാഴ്ത്തി നിന്നൊരു
വെന്മലര്ക്കുട ചൂടവേ,
ചെങ്കനല്‍ വഴി താണ്ടി വന്നൊരു
കുഞ്ഞിളം കാറ്റായി ഞാന്‍
മിന്നി നില്ക്കുന്ന മഞ്ഞുതുള്ളികള്‍
കണ്ണിമയ്ക്കാതെ ചിമ്മവെ,
നെഞ്ചൊലിക്കുന്ന
പുഞ്ചിരിത്തൂവലൊന്നൊഴിയാതെ
മാഞ്ഞുപോയ്
എന്‍ മടിതട്ടിലുമ്മ നേദിച്ച
പിഞ്ചിളം കൊഞ്ചലാളവേ,
ഇന്നലെ പെയ്ത മാരിയില്‍
നനഞ്ഞമ്മതന്‍ സ്നേഹലാളനം
ചോര്‍ന്നൊലിക്കുന്ന
വീടിനുള്ളിലെ
നന്മ തേടി ഞാനലയവേ
കാരിരുമ്പിന് കരുത്തുള്ള
കാമമെന് മാറു പിളര്‍ന്നു
ചുടുരക്തമൂറ്റവെ
കോളിളക്കത്തിന്
മഹാപര്വമേറ്റെന്റെ
ചോരയുറഞ്ഞു
മുടിനീട്ടി ആടവേ
കണ്ണുനീരിന്റെ ഉപ്പില്‍
കുതിര്‍ന്നോരെന്‍ ഗദ്ഗദത്തിന്റെ
ചിറകടി ഉയരവേ
അഴികളില്‍ പൂട്ടിയ
മഴയുടെ കൊഞ്ചലില്‍
മധുരമാം ഓര്‍മ്മകള്‍
നിറമാല ചാര്‍ത്തവേ
അരുണാഭമായാത്ത
ആകാശമിന്നൊരു
പുതു കോടിമുണ്ട് നെയ്യുന്നു
എന്‍ മനതാരില്‍ മഴയുടെ
മണമൊന്നു പൂശിയൊരു
പുതുഭാവി മിന്നി മായുന്നു…
– അഞ്ജു .വി. പദ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: