ന്യൂദല്‍ഹി :ചെലവു കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് മുഖം മിനുക്കുന്നു. അടുത്ത ഏപ്രില്‍ മാസത്തിനകം മുഴുവന്‍ വിമാന സീറ്റുകളും നവീകരിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ വിളിച്ച ഉന്നത തല യോഗത്തിന്റേതാണു തീരുമാനം. വിമാനങ്ങളുടെ ദുരവസ്ഥയെക്കുറിച്ചു പ്രവാസി ഇന്ത്യക്കാര്‍ മന്ത്രിക്കു പരാതി നല്‍കിയിരുന്നു.
എക്സ്പ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനു സിഇഒയെ നിയമിക്കുന്നതിനു നടപടികള്‍ തുടങ്ങും. കൊച്ചി കേന്ദ്രമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനു പുതുതായി സൃഷ്ടിച്ച 63 തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കും. 23 പേരെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. എക്സ്പ്രസിനു മാത്രമായി 26 കമാന്‍ഡര്‍ പെയിലറ്റുമാരെ തിരഞ്ഞെടുത്തു പരിശീലനം നല്‍കിത്തുടങ്ങി. ഇനിയും കൂടുതല്‍ പേരെ നിയമിക്കും. എയര്‍ ഇന്ത്യയില്‍ നിന്നു താല്ക്കാലികമായെത്തുന്ന കമാന്‍ഡര്‍ പെയിലറ്റുമാരെ ആശ്രയിക്കേണ്ട സ്ഥിതി ഇതോടെ ഒഴിവാകും.
എക്സ്പ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കൊച്ചിയില്‍ കേന്ദ്രീകരിക്കാനും തീരുമാനമായിട്ടുണ്ട്. കൊച്ചിയില്‍ ആസ്ഥാന മന്ദിരം വാടകയ്ക്കെടുക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കഴിയുന്നത്ര ഉന്നതതല യോഗങ്ങള്‍ കൊച്ചിയില്‍ തന്നെ നടത്തും. വ്യോമയാന സെക്രട്ടറി ആര്.എല്‍. ശ്രീവാസ്തവ, എയര്‍ ഇന്ത്യ ചെയര്മാന്, രോഹിത് നന്ദന്, ജോ. സിഎംഡി നസീര്‍ അലി, എയര്‍ ഇന്ത്യ എക്സ്പ്രസ് സിഒഒ ആന്റി ഡിസൂസ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: