റോം: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെചാമ്പ്യന്മാരായ ബയേണ്മ്യൂണിക്ക് നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചു. കരുത്തരായ റയല്‍ മാഡ്രിഡ്, പാരീസ് സെന്റ് ജെര്‍മനും മാഞ്ചസ്റ്റര്‍ സിറ്റിയും നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നോക്കൗട്ട് പ്രവേശനത്തിനായി ഇനിയും കാത്തിരിക്കണം. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ സമനില പാലിച്ചതോടെ മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ കാത്തിരിപ്പ് നീണ്ടത്.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണെറ്റഡിനെ സ്പാനിഷ് ക്ലബ് റയല്‍ സോസിഡാഡ് സമനിലയില്‍ തളച്ചതോടെയാണ് അവരുടെ കാത്തിരിപ്പ് നീണ്ടത്. അത്യന്തം വാശിയേറി പോരാട്ടത്തില്‍ റോബിന് വാന്‍പെഴ്സി ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. 68-ാം മിനിറ്റില്‍ ആഷ്ലി യങ്ങിനെ ബോക്സിനുള്ളില്‍ സോസിഡാഡിന്റെ മാര്‍ക്കല്‍ ബര്‍ഗാര വീഴ്ത്തിയതിനാണ് മാഞ്ചസ്റ്ററിന് അനുകൂലമായി സ്പോട്ട് കിക്ക് ലഭിച്ചത്.
എന്നാല്‍, ഇടംകാലുകൊണ്ട് എടുത്ത കിക്ക് സോസിഡാഡ് ഗോളി മുഴുനീളെ പറന്ന് കുത്തിയകറ്റുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബയേര്‍ ലെവര്‍ക്യൂസനും ഷക്തര്‍ പോരാട്ടവും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 8 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 7 പോയിന്റോടെ ലെവര്‍ക്യൂസനും 5 പോയിന്റുമായി ഷക്തറും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു. ഒരു പോയിന്റ് മാത്രമുള്ള റയല്‍ സോസിഡാഡ് ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായിക്കഴിഞ്ഞു.
ഗ്രൂപ്പ് ബിയില്‍ നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ജുവന്റസ് സ്വന്തം തട്ടകത്തില്‍ സമനിലയില്‍ പിടിച്ചുകെട്ടി. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. കളിയുടെ ഗതിക്കെതിരായി ജുവന്റസാണ് ലീഡ് നേടിയത്. 42-ാം മിനിറ്റില്‍ അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് വദാല് ആതിഥേയരെ മുന്നിലെത്തിച്ചു. ജുവന്റസിന്റെ പോള്‍ പോഗ്ബയെ ബോക്സിനുള്ളില്‍ വെച്ച് റയലിന്റെ റാഫേല്‍ വാര്‍ണെ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് അനുവദിച്ചത്. കിക്കെടുത്ത വിദാല്‍ റയല്‍ ഗോളിയെ കീഴടക്കി പന്ത് വലയിലെത്തിച്ചു. ആദ്യപകുതിയില്‍ ജുവന്റസ് മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിന്റെ 52-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ സമനില ഗോള്‍ നേടി. കരിം ബെന്‍സേമ നല്കിയ പാസ് സ്വീകരിച്ച് ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് റൊണാള്‍ഡോ പായിച്ച ഷോട്ട് വലയില്‍ തറച്ചുകയറി. തൊട്ടുപിന്നലെ ബെന്‍സേമയുടെയും ഗരെത്ത് ബെയ്ലിന്റെയും ഓരോ ശ്രമങ്ങള്‍ പാഴായി. വീണ്ടും തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയ റയല്‍ മാഡ്രിഡ് 60-ാം മിനിറ്റില്‍ ലീഡ് നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുക്കി നല്കിയ അവസരം മുതലെടുത്ത് ഇടംകാലുകൊണ്ട് ലോകഫുട്ബോളിലെ ഏറ്റവും വിലയേറിയ താരമായ ഗരെത്ത് ബെയ്ല് തൊടുത്ത ഷോട്ട് ജുവന്റസ് വലയില്‍ തറച്ചുകയറി. അഞ്ച് മിനിറ്റിനുശേഷം ജുവന്റസ് സമനിലപിടിച്ചു. മാര്ട്ടിന് കാസേര്സിന്റെ ക്രോസില്‍ നിന്ന് ഫെര്‍ണാണ്ടോ ലോറന്റെയാണ് ആതിഥേയരുടെ സമനില ഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്സി കോപ്പന്‍ഹേഗന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗലറ്റസാരയെ പരാജയപ്പെടുത്തി നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള റയല്‍ മാഡ്രിഡ് മാത്രമാണ് ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചത്. ഗലറ്റ്സരക്കും കോപ്പന്‍ഹേഗനും നാല് പോയിന്റും ജുവന്റസിന് മൂന്നും പോയിന്റുമാണുള്ളത്. ഈ മൂന്ന് ടീമുകള്‍ക്കും ഇനിയുള്ള രണ്ട് മത്സരങ്ങള്‍ നിര്‍ണായകമാണ്.
ഗ്രൂപ്പ് സിയില്‍ നിന്ന് സമനിലയോടെയാണ് പിഎസ്ജി നോക്കൗട്ട് റൗണ്ട് സ്വന്തമാക്കിയത്. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ആന്ഡര്ലക്റ്റാണ് പിഎസ്ജിയെ 1-1ന് സമനിലയില്‍ തളച്ചത്. സൂപ്പര്‍താരം സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ ഗോളാണ് പിഎസ്ജിക്ക് സമനില നേടിക്കൊടുത്തത്. മറ്റൊരു മത്സരത്തില്‍ ഒളിമ്പിയാക്കോസ് 1-0ന് ബെനഫിക്കയെ പരാജയപ്പെടുത്തി നോക്കൗട്ട് സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. 4 മത്സരങ്ങളില്‍ നിന്ന് 10പോയിന്റുമായി പിഎസ്ജി ഗ്രൂപ്പില്‍ ഒന്നാമതാണ്. 7 പോയിന്റുള്ള ഒളിമ്പിയാക്കോസ് രണ്ടാമതും നാല് പോയിന്റുള്ള ബെനഫിക്ക മൂന്നാമതുമാണ്. 1 പോയിന്റ് മാത്രമുള്ള ആന്‍ഡര്‍ലക്റ്റ് പുറത്തായിക്കഴിഞ്ഞു.
ഗ്രൂപ്പ് ഡിയില്‍ വിക്ടോറിയ പ്ലസനെ 1-0ന് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായാണ് ബയേണ്‍ അവസാന 16-ല്‍ എത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ തുടര്‍ച്ചയായ ഒമ്പതാം വിജയമാണിത്. 2002-03ല്‍ ബാഴ്സലോണയാണ് ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ഒമ്പത് വിജയം നേടിയിട്ടുള്ളത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 65-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റിയും നോക്കൗട്ട് ഉറപ്പിച്ചു. സിഎസ്കെ മോസ്കേയെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച്ഗോളുകള്‍ക്കാണ് സിറ്റി തുരത്തിയത്. സിറ്റിക്ക് വേണ്ടി നെഗ്രഡോ ഹാട്രിക്കും അഗ്യൂറോ രണ്ടും ഗോളുകള്‍ നേടി. സിഎസ്കെയുടെ രണ്ട് ഗോളുകളും നേടിയത് ഡൗംബിയയാണ്.
മൂന്നാംമിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ ഗോള്‍മഴക്ക് തുടക്കമിട്ടത്. ഡേവിഡ് സില്‍വയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. അഗ്യൂറോയെടുത്ത സ്പോട്ട് കിക്ക് സിഎസ്കെ ഗോളിയെ കബളിപ്പിച്ച് വലയില്‍കയറി. പിന്നീട് 20-ാം മിനിറ്റില്‍ അഗ്യൂറോ തന്നെ സിറ്റിയുടെ ലീഡ് ഉയര്‍ത്തി. പിന്നീട് 31, 51, 90 മിനിറ്റുകളിലായിരുന്നു നെഗ്രഡോയുടെ ഹാട്രിക്ക് പിറന്നത്. 45, 71 മിനിറ്റുകളിലാണ് സിഎസ്കെയുടെ രണ്ട് ഗോളുകളും പിറന്നത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 12പോയിന്റുമായാണ് ബയേണ്‍ അവസാന 16ലേക്ക് പ്രവേശിച്ചത്. 9പോയിന്റുമായാണ് സിറ്റി അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഏറെക്കുറെ ഉറപ്പിച്ചത്. അടുത്ത രണ്ട് മത്സരങ്ങളില്‍ വന്‍ വ്യത്യാസത്തില്‍ പരാജയം ഏറ്റുവാങ്ങാതിരുന്നാല് സിറ്റി പ്രവേശനം ഉറപ്പാക്കും. സിഎസ്കെക്ക് മൂന്ന് പോയിന്റാണുള്ളത്. വിക്ടോറിയ പ്ലസന് ഇതുവരെ പോയിന്റൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: