കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ കമ്മീഷന് നല്കുന്ന ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ നടപ്പാക്കണമെന്ന് നിയമസഭാസമിതി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടേയും അനുബന്ധതൊഴിലാളികളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി നീണ്ടകരയില്‍ തെളിവെടുത്തു. സമിതി ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, ഗീതാഗോപി എംഎല്‍എ എന്നിവരാണ് തെളിവെടുപ്പിന് എത്തിയത്.
കടാശ്വാസ കമ്മീഷന് ഉത്തരവുകള്‍ ലഭിച്ചിട്ടും സഹകരണ ബാങ്കുകള്‍ സമാന്തര അന്വേഷണം നടത്തുന്നതായി സമിതി മുമ്പാകെ പരാതിയെത്തി. കടാശ്വാസ കമ്മീഷന് ഉത്തരവ് അന്തിമമാണെന്നും അതിന്മേല് സമാന്തര അന്വേഷണം നടത്തുന്ന ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സമിതി ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അറിയിച്ചു. മത്സ്യബന്ധന അനുബന്ധ മേഖലകളിലെ പ്രശ്നങ്ങളെക്കുറിച്ച് നിരവധി നിവേദനങ്ങളും സമിതിക്ക് ലഭിച്ചിട്ടുണ്ട്.
നിവേദനങ്ങള്‍ പഠിച്ച് പരിഹാരം കാണും. നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലെ പ്രശ്നങ്ങള്‍ സമിതി നേരിട്ട് വിലയിരുത്തി. ഹാര്‍ബറില്‍ പീലിംഗ് നടത്തുന്നത് യൂറോപ്യന്‍ യൂണിയന്റെ ശുചീകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ പീലിംഗ് നടത്തണം. അതിനായി മത്സ്യഫെഡ് പണിതീര്‍ത്ത പ്രോസസിംഗ് സെന്ററിലേക്ക് തൊഴിലാളികള്‍ മാറണമെന്നും സമിതി അഭിപ്രായപ്പെട്ടു. മത്സ്യഫെഡിന്റെ പ്രോസസിംഗ് സെന്ററും സമിതി സന്ദര്‍ശിച്ചു.
നീണ്ടകര പോര്‍ട്ട് പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കണം. ഏറ്റെടുക്കുന്ന സ്ഥലം ക്രിയാത്മകമായി വിനിയോഗിക്കണം. അഷ്ടമുടിക്കായല്‍ ഡ്രഡ്ജിംഗ് നടത്തണം മലിനീകരണം തടയണം, വൈദ്യുതി, ശുദ്ധജലം എന്നിവ എത്തിക്കണം, പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണം, മത്സ്യഅനുബന്ധ മേഖലക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണം, ഇ എസ് ഐ ആനുകൂല്യം തൊഴിലാളികള്‍ക്ക് അനുവദിക്കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ സമിതിക്ക് മുന്നില്‍ വിവിധ സംഘടനകള്‍ നല്കി. എല്ലാ നിവേദനങ്ങളും ഗൗരവമായി കണ്ട് നടപടികള്‍ എടുക്കുമെന്ന് ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.
യോഗത്തില്‍ ജില്ലാകളക്ടര്‍ ബി.മോഹനന്, എഡിഎം ഒ.രാജു, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രമോഹന്, കൗണ്‍സിലര്‍ അല്‍ഫോണ്‍സ്, അണ്ടര്‍ സെക്രട്ടറി വേണുഗോപാല്‍, മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതിനിധി എബ്രഹാം സാമുവല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്കുമാര്‍, ഹാര്‍ബര്‍ എന്‍ജിനീയര്‍ രാജീവ്, വിവിധ വകുപ്പുതല മേധാവികള്‍, വിവിധ ബോട്ടുടമാ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനാപ്രതിനിധികള്‍, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: