ചെന്നൈ: ആധുനിക ചെസിലെ രാജാവ് ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് നോര്‍വെയുടെ ന്യൂജനറേഷന് പ്രതിഭ മാഗ്നസ് കാള്‍സനെ അതിജീവിക്കുമോ?. ശനിയാഴ്ച മുതല്‍ അറിയാം. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ 12 റൗണ്ട് പോരാട്ടം തുടങ്ങുന്നത് അന്നാണ്. ചെന്നൈയിലെ ഹയത് റീജ്യന്സിയാണ് വേദി. ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിര്‍വഹിക്കും. വേദി റഷ്യയിലെ മോസ്കോയിലേക്ക് മാറ്റാനുള്ള നീക്കമടക്കമുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് ആനന്ദിന് പിറന്നമണ്ണില്‍ കളിക്കാനുള്ള അവസരം ഒരുക്കിയ ജയലളിതയെക്കാള്‍ യോഗ്യയായ മറ്റൊരു ഉദ്ഘാടകയും ചെസ് ചാമ്പ്യന്ഷിപ്പിനില്ലെന്നതില് ആര്‍ക്കും തര്‍ക്കമില്ല.
നാല്‍പ്പത്തിനാലുകാരനായ ആനന്ദും വെറും 22 വയസുമാത്രമുള്ള കാള്‍സനും ഏറ്റുമുട്ടുമ്പോള്‍ ലോകം ഉറ്റുനോക്കുന്നു. ചെസ് ലോകത്ത് ഗാരി കാസ്പറോവും അനത്തോളി കാര്‍പ്പോവും വ്ലാഡിമര്‍ ക്രാംനിക്കുമൊക്ക തീര്‍ത്ത റഷ്യന്‍ ആധിപത്യത്തെ വകഞ്ഞു മാറി മുന്നേറിയ ആനന്ദ് കളത്തിലെ മൊസാര്ട്ടെന്ന വിശേഷണം ഇതിനകം നേടിയ കാള്‍സനെതിരെ പയറ്റുന്ന തന്ത്രങ്ങള്‍ എന്തെന്നറിയാന്‍ ഏവരും കാത്തിരിക്കുന്നു. ആനന്ദ് ജയിച്ചാല്‍ അധീശത്വം അടിവരയിടലാകും. കാള്‍സനാണ് വിജയിയെങ്കില്‍ പുത്തന്‍ കാലത്തിന്റെ തുടക്കവും.
2012ല്‍ ഇസ്രയേലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡിനെ കീഴടക്കി നേടിയ കിരീടം നിലനിര്‍ത്താന്‍ ആനന്ദ് കച്ചമുറുക്കുന്ന ഈ വേളയില്‍ കടുത്ത ആരാധകര്‍ പോലും അദ്ദേഹത്തിനു വിജയം ഉറപ്പെന്നു പ്രവചിക്കുന്നില്ല. അത്രയ്ക്കുണ്ട് സമീപകാലത്തു കാള്സന് നടത്തിയ തേരോട്ടങ്ങള്‍.അതിനാല്‍ത്തന്നെ സ്വന്തം മണ്ണിലെ മസ്തിഷ്ക യുദ്ധത്തില്‍ പ്രതിപക്ഷ ബഹുമാനത്തോടെയാവും ആനന്ദ് കാള്‍സനെ നേരിടുക.
കരുക്കളത്തിനു മുന്നില്‍ വിശ്വനാഥന് ആനന്ദും മാഗ്നസ് കാള്‍സനും മുഖാമുഖം വന്നത് 29 തവണ. 2005നും 2013 ജൂണ്‍ 19നും ഇടയിലായിരുന്നു ഈ പോരാട്ടങ്ങള്‍.
ആറുതവണ ജയം ആനന്ദിനൊപ്പം നിന്നു. മൂന്നു തവണ കാള്സന് വിജയിയായി. 20 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ ആനന്ദിന്റെ ജയങ്ങളെല്ലാം കാള്സന് റേറ്റിങ് ലിസ്റ്റില്‍ വന്‍ മുന്നേറ്റം നടത്താന്‍ തുടങ്ങുന്നതിനു മുന്‍പായിരുന്നു.അടുത്തകാലത്തൊന്നും കാള്‍സനെ അതിജീവിക്കാന്‍ ആനന്ദിനായിട്ടില്ല. 2870.0 ഫിഡെ റേറ്റിങ് പോയിന്റുകളുമായി കാള്‍സനാണ് ലോക ഒന്നാംനമ്പര്‍. 2775.0 പോയിന്റുള്ള ആനന്ദിപ്പോള്‍ എട്ടാമനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: