കെയ്റോ: ഈജിപ്റ്റിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ കോടതിയില്‍ തുടങ്ങി. ആദ്യ വിചാരണയില്‍ മുര്‍സി താന്‍ ഇപ്പോഴും പ്രസിഡന്റാണെന്നും തനിക്കെതിരെയുള്ള കോടതി വിചാരണ നിയമവിരുദ്ധമാണെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് കോടതി കേസ് ജനുവരി എട്ടിന് അവധിക്കു വച്ചു.
സൈനിക വിപ്ലവത്തെ തുടര്‍ന്നു ജൂലൈ മൂന്നിന് അധികാരത്തില്‍ നിന്നു പുറത്തായ നേതാവാണ് മുര്‍സി. തനിക്കെതിരെ നടന്ന പട്ടാള അട്ടിമറി കുറ്റകൃത്യമാണെന്ന് മുര്‍സി പറഞ്ഞു. അട്ടിമറി നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വിചാരണ ചെയ്യുകയുമാണു വേണ്ടത് മുസ്ലീം ബ്രദര്‍ഹുഡ് നേതാവായ മുര്‍സി കോടതിയില്‍ തുറന്നടിച്ചു.
മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കോടതിക്കു മുന്പില് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മുര്‍സി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ടു. സൈന്യത്തിന്റെ തടവിലായിരുന്ന മുര്‍സിയെ കിഴക്കന്‍ കെയ്റോയിലെ പ്രത്യേക കോടതിയിലാണ് വിചാരണയ്ക്ക് ഹാജരാക്കിയത്. മുര്‍സി സൈനിക നീക്കത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ അക്രമങ്ങളുടെ പേരിലാണ് വിചാരണ നടക്കുന്നത്.
കലാപം, കൊലപാതകം തുടങ്ങിയവയ്ക്ക് പ്രേരണ നല്‍കിയെന്ന കുറ്റമാണ് മുര്‍സിക്കെതിരെ ചുമത്തിയിരിക്കുന്നത്. സൈന്യത്തിന്റെ തടവിലായിരിക്കെ നിരവധി തവണ ചോദ്യംചെയ്യലിന് വിധേയമായ മുര്‍സിയെ തന്റെ അഭിഭാഷകനെ കാണുന്നതില്‍ നിന്നുപോലും വിലക്കിയിരുന്നു. മുര്‍സിയോടൊപ്പം 14 മുസ്ലിംബ്രദര്‍ഹുഡ് നേതാക്കളും വിചാരണ നേരിടുന്നുണ്ട്. കുറ്റംതെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ വിധിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിനിടെ മുര്‍സി അനുകൂലികള്‍ കോടതിക്കു പുറത്ത് പ്രതിഷേധപ്രകടനം നടത്തി. വിചാരണ നടപടികള്‍ക്കായി ഈജിപ്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: