മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് കരുത്തര്‍ ഇന്നിറങ്ങുന്നു. റയല്‍ മാഡ്രിഡ്, പിഎസ്ജി, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരാണ് ഇന്നു നിര്‍ണായക പോരാട്ടത്തിന് കളത്തിലെത്തുന്നത്.
ഗ്രൂപ്പ് ബിയില്‍ ടോറിനോയിലെ ജുവന്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് സീരി എ കരുത്തരായ ജുവന്റസിനെ നേരിടും. ഒക്ടോബര്‍ 23ന് ഇരുടീമുകളും മാഡ്രിഡില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം റയലിനൊപ്പമായിരുന്നു. ഇന്ന് എവേ മത്സരത്തില്‍ ജുവന്റസിനെ നേരിടാനിറങ്ങുന്ന റയലിന് ഒരു സമനില മാത്രം മതി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാന്‍. അതേസമയം റയല്‍ തോറ്റാല്‍ അവരുടെ കാത്തിരിപ്പ് നീളം.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോകത്തിലെ ഏറ്റവും വിലയേറിയ താരമായ ഗരെത്ത് ബെയ്ലും പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയും യുവതാരമായ ഇസ്കോയും ഉള്‍പ്പെടുന്ന റയലിന് കനത്ത വെല്ലുവിളി തന്നെയായിരിക്കും സ്വന്തം തട്ടകത്തില്‍ ജുവന്റസ് ഉയര്‍ത്തുക. എന്നാല്ജുവന്റസില് നിന്ന് റയലിനെ വേറിട്ടുനിര്‍ത്തുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഗോളടിയന്ത്രത്തിന്റെ സാന്നിധ്യമാണ്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏഴ് ഗോളുകളോടെ ടോപ്സ്കോററാണ് ക്രിസ്റ്റ്യാനോ. ജുവന്റസിനെതിരായ ആദ്യപാദത്തില്‍ റയലിന്റെ രണ്ട് ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോയായിരുന്നു. റയല്‍ മാഡ്രിഡ് മാത്രമാണ് ഈ ഗ്രൂപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും വിജയം വരിച്ച ഏക ടീം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്സി കോപ്പന്‍ഹേഗന്‍ സ്വന്തം തട്ടകത്തില്‍ ഗലറ്റ്സരെയെ നേരിടും. ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ വിജയം ഗലറ്റ്സരെക്കൊപ്പമായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗലറ്റ്സരെയുടെ വിജയം.
ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ സ്പാനിഷ് ടീമായ റയല്‍ സോസിഡാഡാണ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരാളികള്‍. ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ 1-0നായിരുന്നു യുണൈറ്റഡിന്റെ വിജയം.
ഇന്നു ജയിച്ചാല്‍ നോക്കൗട്ട് സാധ്യത ഏറെക്കുറെ മാഞ്ചസ്റ്ററിന് നിലനിര്‍ത്താം. വെയ്ന്‍ റൂണിയിലും റോബിന് വാന്‍ പെഴ്സിയിലുമാണ് മാഞ്ചസ്റ്റര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത്. മറ്റൊരു മത്സരത്തില്‍ ബയേര്‍ ലെവര്ക്യൂസന് ഷക്തറുമായി ഏറ്റുമുട്ടും. ആദ്യപാദത്തില്‍ 4-0ന് പരാജയപ്പെട്ട ഷക്തറിന് ഇന്നത്തെ പോരാട്ടത്തില്‍ വിജയിച്ചാല്‍ മാത്രമേ നോക്കൗട്ട് സാധ്യത നിലനില്ക്കുകയുള്ളൂ.
ഗ്രൂപ്പ് സിയില്‍ പിഎസ്ജിക്ക് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റുള്ള പിഎസ്ജിക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്ലാറ്റന് ഇബ്രാഹിമോവിച്ചാണ് പിഎസ്ജിയുടെ വജ്രായുധം. ഇബ്രാഹിമോവിച്ചിനൊപ്പം എഡിസണ് കവാനിയും കളത്തിലിറങ്ങുമ്പോള്‍ ആന്ഡര്ലക്റ്റിന്റെ ചങ്കിടിപ്പേറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ പിഎസ്ജി മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ആന്ഡര്ലക്റ്റിനെ തകര്‍ത്തിരുന്നത്.
ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ഒളിമ്പിയാക്കോസും ബെനഫിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഇരുടീമുകളും ഓരോ മത്സരത്തിലാണ് വിജയിച്ചിട്ടുള്ളത്. ഒരെണ്ണം സമനിലയാവുകയും ഒരെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്.
ഗ്രൂപ്പ് ഡിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തുടര്‍ച്ചയായ നാലാം വിജയവും നോക്കൗട്ടും ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. എവേ മത്സരത്തില്‍ ബയേണിന് എതിരാളികള്‍ വിക്ടോറിയ പ്ലസനാണ്. ഇരുടീമുകളും തമ്മില്‍ ഒക്ടോബര്‍ 23ന് ഏറ്റുമുട്ടിയപ്പോള്‍ 5-0നാണ് ബയേണ്‍ വിജയം സ്വന്തമാക്കിയത്.
ഫ്രാങ്ക് റിബറിയും, അര്ജന് റോബനും തോമസ് മുള്ളറും ഉള്‍പ്പെടുന്ന ബയേണ്‍ നിരയെ സ്വന്തം തട്ടകത്തിലും വിക്ടോറിയക്ക് എത്രത്തോളം തടുത്തുനിര്‍ത്താന്‍ കഴിയുമെന്ന് മാത്രമാണ് കാണാനുള്ളത്. വിക്ടോറിയക്ക് ഇതുവരെ പോയിന്റൊന്നും ലഭിച്ചിട്ടില്ല. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടില്‍ സിഎസ്കെ മോസ്കോയെ നേരിടും. പ്രീമിയര്‍ ലീഗില്‍ തുടക്കത്തിലെ കിതപ്പിനുശേഷം മികച്ച ഫോമിലേക്കുയര്ന്നുതുടങ്ങിയ സിറ്റിക്ക് ഇന്ന് വിജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഏറെക്കുറെ ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: