മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് വിജയം. അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയോ വല്ലക്കാനോയെയാണ് റയല്‍ ലീഗിലെ 12-ാം റൗണ്ട് മത്സരത്തില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സെവിയക്കെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയോക്കെതിരെ നേടിയ രണ്ട് ഗോളുകളാണ് മാഡ്രിഡിന് വിജയം സമ്മാനിച്ചത്. റയല്‍ മാഡ്രിഡിന് വേണ്ടി മൂന്ന്, 48 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. 31-ാം മിനിറ്റില്‍ കരിം ബെന്‍സേമയും റയലിനായി ഗോള്‍നേടി.
മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷം ശക്തമായി തിരിച്ചടിച്ച റയോ വല്ലക്കാനോ കരുത്തരയ റയല്‍ മാഡ്രിഡിനെ മുള്‍മുനയില്‍ നിര്‍ത്തി. രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയാണ് വല്ലക്കാനോ റയലിനെ ഞെട്ടിച്ചത്. 53, 55 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോനാതന് വിയറയാണ് ഗോളുകള്‍ നേടിയത്. രണ്ടുതവണയും ജോനാതന് വിയറയെയാണ് റയലിന്റെ പെപ്പെയും മാഴ്സലെയും ബോക്സിനുള്ളില്‍ വീഴ്ത്തിയത്.
മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ് ഒസാസുനക്കെതിരെ ഗംഭീര വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സോസിഡാഡ് വിജയം നേടിയത്. 49-ാം മിനിറ്റില്‍ ജോര്‍ദാന്‍ ലോട്ടി ചുവപ്പുകാര്‍ഡ് പുറത്തുപോയശേഷം 10 പേരുമായാണ് ഒസാസുന കളിച്ചത്.
മറ്റൊരു മത്സരത്തില്‍ അല്‍മേറിയ ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ വല്ലഡോളിഡിനെ പരാജയപ്പെടുത്തി. സെവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് സെല്‍റ്റ ഡി വീഗോയും വിജയം കരസ്ഥമാക്കി. 47-ാം മിനിറ്റില്‍ ലോപ്പസ് സാഞ്ചസാണ് സെല്‍റ്റയുടെ വിജയഗോള്‍ നേടിയത്.
12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായാണ് ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാമതും 12 മത്സരങ്ങളില്‍ നിന്ന് 28പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാമതും നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: