ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ഉജ്ജ്വല വിജയുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ചെല്‍സിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ ടീമുകളും മികച്ച വിജയം സ്വന്തമാക്കി. ഒന്നാംസ്ഥാനത്ത് തുടരുന്ന ആഴ്സണല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെയാണ് തകര്‍ത്തത്. മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് നോര്‍വിച്ചിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെയും പരാജയപ്പെടുത്തിയപ്പോള്‍ ചെല്‍സിയ ഏകപക്ഷീയമായ രണ്ട്ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടു.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ സിറ്റി നോര്‍വിച്ചിനെ നിഷ്പ്രഭമാക്കി. 16-ാം മിനിറ്റില്‍ ബ്രാഡ്ലി ജോണ്സണ് സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. പിന്നീട് 20-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയിലൂടെ സിറ്റി ലീഡ് ഉയര്‍ത്തി. അഞ്ച് മിനിറ്റിനുശേഷം മറ്റിജ നാസ്റ്റാസിച്ചിലൂടെ സിറ്റി മൂന്നാം ഗോളും 36-ാം മിനിറ്റില്‍ നെഗ്രഡോയിലൂടെ നാലാം ഗോളും നേടി. ആദ്യപകുതിയില്‍ സിറ്റി 4-0ന് മുന്നിലായിരുന്നു. പിന്നീട് മത്സരത്തിന്റെ 60-ാം മിനിറ്റില്‍ യായാ ടൂറേയും 71-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറേയും 86-ാം മിനിറ്റില്‍ ഈഡന് സെക്കോയും നോര്‍വിച്ച് വല ചലിപ്പിച്ചതോടെ നേടിയതോടെ സിറ്റിയുടെ ഗോള്‍മഴക്ക് വിരാമമായി.
ലിവര്‍പൂളിനെതിരെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ 29-ാം മിനിറ്റില്‍ സാന്റി കാസറോളയും 59-ാം മിനിറ്റില്‍ ആരോണ്‍ റംസിയുമാണ് ഗണ്ണേഴ്സിന്റെ ഗോളുകള്‍ നേടിയത്. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ചെല്‍സിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി ആഴ്സണല്‍ ഉയര്‍ത്തി.
ഒമ്പതാം മിനിറ്റില്‍ അന്റോണിയോ വലന്‍സിയ, 20-ാം മിനിറ്റില്‍ റോബിന് വന്‍ പെഴ്സി, 22-ാം മിനിറ്റില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണി എന്നിവര്‍ നേടിയ ഗോളുകളുടെ മികവിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ മത്സരത്തില്‍ ഫുള്‍ഹാമിനെ തകര്‍ത്തത്.
കഴിഞ്ഞ ദിവസം ലീഗ് കാപ്പില്‍ ആഴ്സണലിനെ തകര്‍ത്ത ചെല്‍സിക്ക് പക്ഷേ പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന തിരിച്ചടിയാണ് നേരിട്ടത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി ന്യൂകാസില്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 68-ാം മിനിറ്റില്‍ ഗൗഫ്രാനും 89-ാം മിനിറ്റില്‍ റെമിയുമാണ് ന്യൂകാസിലിന്റെ ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ സതാമ്പ്ടണെ സ്റ്റോക്ക്സിറ്റി സമനിലയില്‍ തളച്ചു. മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ ബെജോവിക്കിലൂടെ സ്റ്റോക്ക് മുന്നിലെത്തിയെങ്കിലും 42-ാം മിനിറ്റില്‍ റോഡ്രിഗസിലൂടെ സതാമ്പ്ടണ് സമനില പിടിക്കുകയായിരുന്നു. മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ബ്രോം 2-0ന് ക്രിസ്റ്റല്‍ പാലസിനെയും ഹള്‍ സിറ്റി 1-0ന് സണ്ടര്‍ലാന്റിനെയും പരാജയപ്പെടുത്തിയപ്പോള്‍ വെസ്താം ആസ്റ്റണ്‍വില്ല പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ലീഗില്‍ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 25 പോയിന്റുമായാണ് ആഴ്സണല്‍ മുന്നിട്ടുനില്‍ക്കുന്നത്. 20 പോയിന്റുള്ള ചെല്‍സിയും ലിവര്‍പൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 19 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്ത് നില്ക്കുമ്പോള് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 17 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: