ഈ ദമ്പതികള്‍ ചിത്രരചനയില്‍ ‘മത്സരിക്കാതെ’ മുന്നേറുകയാണ്. രാജീവും ആശയുമാണ് ചിത്രരചനാ ലോകത്ത് തങ്ങളുടേതായ സംഭാവന നല്കി ആസ്വാദകരുടെ ഹൃദയം കവരുന്നത്. രാജീവിന്റെ വീട്ടുപേരു തന്നെ ചിത്രമ്പാട്ട് എന്നാണ്. നിലമ്പൂരിലെ ചിരുവാലി ചിത്രമ്പാട്ടിലെ പലരും വിവിധരംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരാണ്. നാടകം, കവിത, നോവല്‍ എന്നീ രംഗത്തുള്ള എ.പി. വാസു, ശില്പിയും ചിത്രകാരനുമായ നിലമ്പൂര്‍ ശിവരാമന്, ചിത്രകാരനും എഴുത്തുകാരനുമായ നീലകണ്ഠന് ഇവരെല്ലാം ‘ചിത്രമ്പാട്ടിന്റെ’ അഭിമാനമാണ്.
പാരമ്പര്യമായി പ്രശസ്തരായ വൈദ്യന്മാരുടെ തട്ടകം കൂടിയാണ് ചിത്രമ്പാട്ട്. ചിത്രകാരന് കൂടിയായ അച്ഛന് കുഞ്ഞുണ്ണി വൈദ്യരില്‍ നിന്നാണ് രാജീവ് ചിത്രരചനയുടെ ബാലപാഠം സ്വായത്തമാക്കിയത്. പ്രത്യേക പരിശീലനമൊന്നും നേടാതെ ജന്മസിദ്ധമായ അഭിരുചിയാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി ചിത്രരചനാരംഗത്ത് സജീവസാന്നിധ്യമാണ് രാജീവ് ചിത്രമ്പാട്ട്. സമയമില്ലാത്ത ലോകത്ത് സമയമുണ്ടാക്കി രചന നടത്തുന്ന രാജീവിന് ചേച്ചിമാരായ ശോഭയും രമിയും കോമളവും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പ്രോത്സാഹനം പകരുന്നത്. സ്കൂള്‍ ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുത്തു രാജീവ് അംഗീകാരം നേടിയിരുന്നു. നാടകസംബന്ധമായ രംഗപടം ഒരുക്കുന്നതില്‍ പ്രമുഖനാണ് രാജീവ്. മലപ്പുറത്തെ കേരള ഗ്രാമീണ്‍ ബാങ്ക് ഹെഡ് ഓഫീസില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായി പ്രവര്‍ത്തിക്കുകയാണ് രാജീവ്.
ചിത്രകലാരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച ആശ രാജീവിന്റെ സഹധര്മ്മിണിയായതോടുകൂടി ഈ രംഗത്ത് കൂടുതല്‍ സജീവമായിരിക്കുകയാണ്. മാത്തറ വൈപ്പുറത്ത് പരേതനായ ശ്രീനിവാസന്റെയും സുലോചനയുടെയും മകളായ ആശയ്ക്ക് വളരെ ചെറുപ്പത്തിലെ ചിത്രകലയോട് കലശലായ ആശയുണ്ടായിരുന്നു. അനില, ഗിരിജ, സുന്ദരന്‍ എന്നിവര്‍ പ്രോത്സാഹനവുമായി കൂട്ടുചേര്‍ന്നതോടെ ആശ ബ്രഷും ചായവുമായി കൂടുതല്‍ അടുത്തു. കാലിക്കറ്റ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നും കെജിസിഎ യോഗ്യത നേടിയ ആശ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ബീലൈന്‍ പബ്ലിക് സ്കൂളില്‍ അധ്യാപികയാണ്. കഥയും കവിതയുമെഴുതുന്ന ആശയുടെ ചിത്രങ്ങളില്‍ മിക്കവയും സമകാലീന സമൂഹത്തില്‍ സ്ത്രീകളോട് കാണിക്കുന്ന ക്രൂരതക്കെതിരെയുള്ള പ്രതിഷേധമാണ് പ്രകടമാകുന്നത്. അമ്മ സുലോചനയും ആശയെ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റ് മദനന്, ലക്ഷ്മണ് തുടങ്ങിയവരുടെ അനുഗ്രഹവും മാര്‍ഗദര്‍ശനവും കൂടുതല്‍ കരുത്തുപകരുന്നുണ്ടെന്നും ആശ പറയുന്നു. ഈയടുത്ത കാലത്ത് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടത്തിയ രാജീവ്-ആശ ദമ്പതികളുടെ ചിത്രപ്രദര്‍ശനം ‘പള്‍സ്’ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദാമ്പത്യ ജീവിതത്തിന്റെ അകമ്പടിയാകുന്ന സംഘര്‍ഷങ്ങളില്‍ നിന്നും വഴിമാറി ഈ ചിത്രകലാ ദമ്പതികള്‍ സമന്വയത്തിന്റെ പാതയിലൂടെ പ്രതിഭയുടെ ലോകത്ത് പുതുവസന്തം തീര്‍ക്കുകയാണ്.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: